പരിശുദ്ധമായ റമളാൻ വരവായി,നോമ്പ് തുടങ്ങുമ്പോഴും അത് അവസാനിപ്പിക്കുമ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിൽ എന്തെല്ലാം കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം

രിശുദ്ധമായ റമളാൻ വരവായി. ലോക മുസ്ലീങ്ങൾ വളരെ പവിത്രമായി കാണുന്ന ഒരു ആരാധനാ കർമ്മമാണിത്. വിശ്വാസികളെ സംബന്ധിച്ച് മാസങ്ങളിൽ ഏറ്റവും പുണ്യമായ മാസമാണ് റമളാൻ മാസം. ആയിരം മാസത്തേക്കാൾ പുണ്യമാക്കപ്പെട്ട മാസമാണിത്. മുസ്‌ലിം വിശ്വാസികളുടെ പരിശുദ്ധ ഗ്രന്ഥമായ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസം, മാസങ്ങളുടെ നേതാവായ മാസം, പിശാചിനെ പിടിച്ചു കെട്ടുന്ന മാസം, സ്വർഗ്ഗത്തിന്റെ കവാടം തുറന്നിടുന്ന മാസം, പാപ മോചനത്തിന്റെ മാസം അങ്ങനെ ഒട്ടനവധി പ്രത്യാകതകളുള്ള ഒരു മാസമാണ് ഈ നോമ്പ് കാലം എന്ന് പ്രവാചകൻ തന്റെ അനുയായികളോട് പറഞ്ഞതിൽ നിന്ന് തന്നെ ഈ മാസത്തിന്റെ പവിത്രത എത്രമാത്രമാണ് എന്ന് നമുക്ക് ഊഹിക്കാം.

അന്ന പാനീയങ്ങൾ വെടിഞ്ഞു,ദുഷ്പ്രവർത്തികളിൽ നിന്ന് വിട്ട് നിന്ന്, ദാനധർമ്മങ്ങൾ ചെയ്ത്, ആരാധന കർമ്മങ്ങൾ അധികരിപ്പിച്ച് ശരീരവും, മനസ്സും, തന്റെ പ്രവർത്തിയും സർവ്വ ശക്തനായ തന്റെ രക്ഷിതാവിന്റെ പ്രീതി മാത്രം പ്രതീക്ഷിച്ചു കൊണ്ട് സമർപ്പണം ചെയ്തു ഓരോ വിശ്വാസിയും നോമ്പ് കാലം കഴിച്ചു കൂട്ടുന്നു.വിശ്വാസികൾക്ക് ആരാധന കർമ്മം എന്ന പോലെ തന്നെയാണ്, ജീവിതത്തിൽ ഭക്ഷണത്തിലും, വസ്ത്രത്തിലും ജീവിതത്തിലെ ഓരോ പടിയിലും എന്ത് ആകാം എന്ത് ആകാൻ പാടില്ല എന്ത് ചെയ്യാം എന്ത് ചെയ്യാൻ പാടില്ല എന്ന് ഓരോ വിശ്വസിയോടും ഉൽബോധിപ്പിക്കുന്നുണ്ട്.അതിൽ പ്രധാനപെട്ടതാണ് ഭക്ഷണം. ” അയൽ വാസി പട്ടിണി കിടക്കുമ്പോൾ വയറു നിറച്ചു ഭക്ഷണം കഴിക്കുന്നവർ എന്നിൽ പെട്ടവനല്ല “നിങ്ങൾ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ ഒരു സൂചി കയ്യിൽ കരുതുക അത് എന്തിനാണ് എന്ന് ചോദിച്ച തന്റെ പ്രിയതമയോട് പ്രവാചകൻ പറഞ്ഞത്. ആ ഭക്ഷണത്തിൽ നിന്ന് ഒരു ചെറു തരിയെങ്കിലും താൻ അറിയാതെ താഴത്തു വീണാൽ അത് കുത്തി എടുക്കാനാണ് എന്ന് പറഞ്ഞതിൽ നിന്ന് ഭക്ഷണത്തിന്റെ മഹത്വം എന്താണ് എന്ന സന്ദേശം നമുക്ക് നൽകുന്നു.

എന്നാൽ ഇന്ന് നാം കാണുന്ന പവിത്രമായ ഈ ആരാധന കർമ്മം മറ്റു കാര്യങ്ങൾ പരിഷ്കരിച്ച പോലെ തന്നെ ഇതിലും പരിഷ്കാരങ്ങൾ കൊണ്ട് വന്നു. അമിതമായ ഭക്ഷണം കഴിക്കുകയും ബാക്കിയാവുന്നത് കുഴിച്ച് മൂടുകയും ചെയ്യുന്ന കാഴ്ചയാണ് നാമിന്നു കാണുന്നത് ഇത് ഒരിക്കലും പ്രവാചകന്റെ ചാര്യയല്ല . ഇത്തരം വൃതം കൊണ്ട് എന്ത് ഗുണമാണ് കിട്ടുന്നത്. പ്രവാചകൻ തന്റെ അനുയായികൾക്ക് നൽകാൻ ഉദ്ദേശിച്ചത് അത് എന്താണോ അതിന്റെ വിപരീത ഫലമാണ് ഇന്നത്തെ വൃതം കൊണ്ട് കിട്ടുന്നത്. ഒരു വർഷം ഒരു നിയന്ത്രണവും ജീവിത്തിൽ ഉണ്ടാക്കാതെ നമ്മുടെ ശരീരത്തിന്റെ ആന്തരീക അവയവങ്ങൾക്ക് നാം ഒരു തരത്തിലുള്ള റസ്റ്റും കൊടുക്കാതെയിരു ന്നതിനാൽ അവയുടെ പ്രവർത്തനം ആകെ താറുമാറായി കിടക്കുന്നുണ്ടാകും. ചിട്ടയായ വൃതാനുഷ്ട്ടാനം കൊണ്ട് അവയുടെ കേടുപാടുകൾ പരിഹരിക്കുന്നു.
അത് കൊണ്ട് തന്നെ വൃതം എടുക്കുന്നതിലൂടെ ആത്മ സംസ്കരണം മാത്രമല്ല ശരീര ശുദ്ധീകരണവും നടക്കുന്നുണ്ട്. എന്നാൽ ഇന്ന് പകൽ മുഴുവനും നോമ്പ് നോറ്റു കാലിയായ കുടലിലേക്ക് അമിതമായ ഭക്ഷണം അതും ഹെവിയായ പൊരി വർഗ്ഗങ്ങളും, പൊറാട്ട, ഇറച്ചി, ഐസ് ക്രീം, ഐസിട്ട ജ്യൂസ് എന്നിവ കഴിക്കുന്നതോട് കൂടി വൃക്കക്കും കരളിനും ആ ഭക്ഷണം ദഹിപ്പിക്കാൻ വളരെ പ്രയാസം അനുഭവിക്കേണ്ടി വരുന്നു അത് മൂലം നാം നോമ്പ് കൊണ്ട് ശാരീരികമായ ഗുണം ലഭിക്കാതെ പോകുന്നു. അത് പോലെ തന്നെ ഒരു നോമ്പ്കാരൻ അവന്റെ പഞ്ചേന്ത്രിയങ്ങൾ സൂക്ഷിച്ചാൽ മാത്രമേ വിശ്വാസപരമായ അതിന്റെ ഗുണം ഒരു നോമ്പുകരാന് ലഭിക്കുകയുള്ളൂ.

നോമ്പ് തുടങ്ങുമ്പോഴും അത് അവസാനിപ്പിക്കുമ്പോഴും കഴിക്കേണ്ട ഭക്ഷണത്തിന്റെ കാര്യത്തിൽ നാം വളരെ ശ്രദ്ധിക്കണം.

1. ശുദ്ധമായ പച്ചവെള്ളം കൊണ്ടോ ഒരു കാരക്ക ചവച്ചരച്ച നീര് കൊണ്ടോ നോമ്പ് തുറക്കുക
.
2. അധികം തണുത്തതോ, അമിത ചൂടുള്ളതോ,അമിത മധുരമുള്ളതോ ആയ പാനീയം ഒഴിവാക്കുക.

3. മിക്സ്ഫ്രൂട്ട് ജ്യൂസ്‌ ഒഴിവാക്കി ഏതെങ്കിലും ഒരു ഫ്രൂട്ടിന്റെ ജ്യൂസ്‌ കുടിക്കലാണ് ഉത്തമം.

4. ഷമാം, തണ്ണി മത്തൻ, പുളി കുറഞ്ഞ ഓറഞ്ച്, ആപ്പിൾ എന്നിവ മിതമായി കഴിക്കുക.

5. കരിച്ചതും, പൊരിച്ചതുമായ എണ്ണ പലഹാരങ്ങൾ ആവുന്നത്രെ വർജ്ജിക്കുക.

6. നോമ്പ് തുറന്ന് രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞു മാത്രമേ എന്തെങ്കിലും ലഘു ഭക്ഷണം കഴിക്കാവൂ.
6. അത്താഴത്തിനു ലഘുവായി പച്ചക്കറി ധാരാളം വേവിച്ചതോ, സലാടായോ കഴിക്കുന്നത് അമിതമായ ദാഹം ഉണ്ടാകാതിരിക്കാൻ നല്ലതാണ്.
ഇത്രയും കാര്യങ്ങൾ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാൽ നോമ്പ് എടുക്കുന്നതിന്റെ പ്രതിഫലം ശരീരത്തിനും, മനസ്സിനും കിട്ടാൻ സഹായകമാകും.
NB:നോമ്പ് ഒരിക്കലും പൊങ്ങച്ചം കാണിക്കാനും, ആർഭാടം കാണിക്കാനും, തീറ്റ മത്സരത്തിനും ഉള്ളതല്ല.

ആർട്ടിക്കിൾ:- അബ്ദുൾകലാം ആലങ്കോട്

spot_img

Related Articles

Latest news