ഇനി വഴി കാട്ടാൻ ആത്മനിർഭർ മാപ്പ്

ആത്മ നിർഭർ മാപ്പുമായി ഐഎസ്ആർഒ, മാപ്‌ മൈ ഇന്ത്യ

ന്യൂഡൽഹി: ചിലപ്പോഴൊക്കെ വഴി തെറ്റിക്കുമെന്ന ചീത്തപ്പേരുണ്ടെങ്കിലും ലോകത്ത് എല്ലാവരുടെയും വഴികാട്ടിയാണ് ഗൂഗിൾ മാപ്പ്. പ്രത്യേകിച്ചും കാർ ഓടിക്കുന്നവരുടെ. ഗൂഗിൾ മാപ്‌സിനു പകരമായി തദ്ദേശീയ മാപ്പ് തയാറാക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ.

ഐഎസ്ആർഒ മാപ്‌ മൈ ഇന്ത്യയുമായി ചേർന്നാണ് തദ്ദേശീയമായ മാപ്പ് തയാറാക്കുന്നത്. ഇന്ത്യൻ നിർമിത മാപ്പിങ് പോർട്ടൽ, ജിയോ സ്പേഷ്യൽ സേവനങ്ങൾ എന്നിവയ്ക്കായി ഐഎസ്ആർഒയുമായി ഒരുമിക്കുകയാണെന്ന് മാപ്‌മൈഇന്ത്യ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ രോഹൻ വർമ പറഞ്ഞു.

‘ഈ സഹകരണം ആത്മനിർഭർ ഭാരതിനെ ഉത്തേജിപ്പിക്കും. ഭാവിയിൽ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇവിടെ നിർമിച്ച ആപ്പിനെ ആശ്രയിക്കാം, വിദേശത്തു രൂപകൽപന ചെയ്തതിന്റെ സേവനം തേടേണ്ടതില്ല. ഇനി ഗൂഗിൾ മാപ്സ് / എർത്ത് എന്നിവയുടെ ആവശ്യമില്ല’– ലിങ്ക്ഡ്ഇൻ പോസ്റ്റിൽ വർമ അഭിപ്രായപ്പെട്ടു.

ഐഎസ്ആർഒ ഇതിനകം തന്നെ നാവിക് (ഇന്ത്യൻ റീജിയണൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം – ഐആർ‌എൻ‌എസ്എസ്) വികസിപ്പിച്ചെടുത്തിട്ടുണ്ട്. സംയോജിത പങ്കാളിത്തത്തിലൂടെ മാപ്‌ മൈ ഇന്ത്യയും ഐഎസ്ആർഒയും പരസ്പരം സേവനങ്ങളും സാങ്കേതികവിദ്യകളും കൈമാറും.

മാപ്‌ മൈ ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ജിയോ സ്പേഷ്യൽ ടെക്‌നോളജി കമ്പനി സി ഇ ഇൻഫോ സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡുമായി ഐഎസ്ആർഒ ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ധാരണാപത്രം ഒപ്പിട്ടതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

spot_img

Related Articles

Latest news