തിരുവനന്തപുരം: ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ശ്രമിക്കുന്നുവെന്ന് സുപ്രീംകോടതി മുൻ ജഡ്ജി ഇന്ദു മൽഹോത്ര. വരുമാനം കണ്ടാണ് ഈ നീക്കമെന്നും താനും ജസ്റ്റിസ് യു യു ലളിതും ചേർന്ന് ഇത് അവസാനിപ്പിച്ചുവെന്നും ഇന്ദു മൽഹോത്ര പറഞ്ഞു. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനുശേഷം ആയിരുന്നു മുൻ ജഡ്ജിയുടെ പരാമർശം.
“കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ക്ഷേത്രങ്ങൾ ഏറ്റെടുക്കുന്നത് വരുമാനം കണ്ടാണ്. അവരുടെ പ്രശ്നം വരുമാനമാണ്. ഹിന്ദു ക്ഷേത്രങ്ങൾ മാത്രമാണ് അവർ ഏറ്റെടുക്കുന്നത്. താനും ജസ്റ്റിസ് യു യു ലളിതും ചേർന്ന് ഇത് അവസാനിപ്പിച്ചു” എന്നിങ്ങനെയായിരുന്നു ഇന്ദു മൽഹോത്രയുടെ പരാമർശം. ഇന്ന് രാവിലെയാണ് ഇന്ദു മൽഹോത്ര ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഇതിനുശേഷം തന്നെ കാണാനെത്തിയവരോട് സംസാരിക്കുന്നതിനിടെയാണ് കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെയുള്ള പരാമർശം. ഇതിൻ്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ശ്രീപത്മനാഭസ്വാമി ക്ഷേത്രഭരണം താൽക്കാലികമായി രൂപീകരിക്കുന്ന സമിതിക്കാണെന്ന വിധി പുറപ്പെടുവിച്ചത് ജസ്റ്റിസുമാരായ യു യു ലളിത്, ഇന്ദു മൽഹോത്ര എന്നിവരുടെ ബെഞ്ചായിരുന്നു. ക്ഷേത്ര നടത്തിപ്പ് അവകാശങ്ങളിൽ തിരുവിതാംകൂർ രാജകുടുംബത്തിന്റെ അധികാരവും കോടതി അംഗീകരിച്ചിരുന്നു. ശബരിമല സ്ത്രീപ്രവേശന കേസിൽ ജസ്റ്റിസ് ഇന്ദു മൽഹോത്ര ഭിന്ന വിധിയും രേഖപ്പെടുത്തിയിരുന്നു. ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിക്കാമെന്ന സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിക്ക് വിയോജന വിധിയെഴുതിയാണ് ഇന്ദു മൽഹോത്ര വാർത്തകളിൽ നിറഞ്ഞിരുന്നത്. കഴിഞ്ഞവർഷം മാർച്ചിലാണ് സുപ്രീംകോടതി ജസ്റ്റിസ് സ്ഥാനത്തുനിന്നും ഇന്ദു മൽഹോത്ര വിരമിച്ചത്.