സാമ്പത്തിക ബുദ്ധിമുട്ടുകളുള്ളവരുടെ പ്രധാന ആശ്രയമാണ് ബാങ്ക് വായ്പകൾ. എന്നാൽ ബാങ്ക് വായ്പ്പകൾക്കുള്ള അപേക്ഷകൾ സാങ്കേതികമായ കാരണങ്ങൾ മൂലം നിരസിക്കപ്പെടുന്നത് സാധാരണമാണ്. വായ്പ വൈകുന്നത് പലപ്പോഴും നിരസിക്കപ്പെടുന്നതിന് തുല്യമാണ്. വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് അവ നിരസിക്കപ്പെട്ടേക്കാനിടയുള്ള കാരണങ്ങള്‍ തിരിച്ചറിയുക അത് കൊണ്ട് തന്നെ വളരെ പ്രധാനമാണ്.
സ്വര്‍ണവായ്പകള്‍ക്ക് ഒഴികെ മറ്റ് വായ്പകള്‍ ലഭിക്കുന്നതിന് നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ ആവശ്യമാണ്. വളരെ താഴ്ന്ന സ്‌കോര്‍ ഉള്ളവരുടെ അപേക്ഷകൾ നിരസിക്കുകയും ഇടയില്‍ ഉള്ളവര്‍ക്ക് ഉയര്‍ന്ന പലിശ നിരക്കില്‍ വായ്പ അംഗീകരിക്കുകയും ചെയ്യുന്നു. പണമടയ്ക്കലില്‍ ജാഗ്രത പുലര്‍ത്തുന്നതിലൂടെ നല്ലൊരു ക്രെഡിറ്റ് സ്‌കോര്‍ ഉണ്ടാക്കിയെടുക്കാൻ കഴിയും.
നിങ്ങൾക്ക് വായ്പ തിരിച്ചടക്കാനുള്ള കഴിവാണ് നിങ്ങൾക്ക് വായ്പക്ക് അർഹതയുണ്ടോ എന്ന് നിശ്ചയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ പ്രതിമാസ വരുമാനത്തില്‍ നിന്ന് നിലവിലുള്ള മറ്റ് വായ്പകള്‍ തിരിച്ചടക്കുന്നത് ഉൾപ്പെടെയുള്ള ചിലവ് കഴിച്ച് പുതിയ വായ്പ തിരിച്ചടക്കുന്നതിനുള്ള നിങ്ങളുടെ കഴിവ് ബാങ്കുകൾ കണക്കുകൂട്ടുന്നു. വായ്പാ വരുമാന അനുപാതം കൂടിയാല്‍ അപേക്ഷ നിരസിക്കപ്പെടുന്നതാണ്
വായ്പ ലഭിക്കുന്നതിന് മുമ്പ് കൈകാര്യം ചെയ്യുന്ന നടപടി ക്രമങ്ങളിലും ഡോക്യുമെന്റേഷനിലും സംഭവിച്ചേക്കാവുന്ന ഏറ്റവും ചെറിയ പിഴവ് പോലും വായ്പ നിരസിക്കപ്പെടാന്‍ ഇടയാക്കും. എല്ലാ രേഖകളും ശരിയായി പൂരിപ്പിച്ചിട്ടുണ്ട് ഉറപ്പുവരുത്തുക. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ളവ സമര്‍പ്പിക്കാനും സ്റ്റേറ്റ്മെന്റുകൾ തയ്യാറാക്കി വയ്ക്കാനും ശ്രദ്ധിക്കുക. നിലവിലെ ക്രെഡിറ്റ് കാര്‍ഡ്, ലോണ്‍ തുടങ്ങിയവ അടവ് കഴിഞ്ഞിട്ടും ക്ലോസ് ചെയ്യാതെ ഉണ്ടെങ്കില്‍ അത്തരം നൂലാമാലകള്‍ ഒഴിവാക്കി ലോണിനായി അപേക്ഷിക്കുക.
നിങ്ങളുടെ വിശദാംശങ്ങള്‍ ഏതെങ്കിലും ലോൺ ഡീഫോൾട്ടറുടെ വിശദാംശങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളുടെ അപേക്ഷ ഉടനടി നിരസ്സിക്കപ്പെടും. അത്തരം സാഹചര്യങ്ങളിൽ ബാങ്കുമായി സംസാരിച്ച് നിങ്ങളുടെ അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ആവശ്യപ്പെടാം.