തിരുവനന്തപുരം: കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് സി.പി.എം പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ടുള്ള തിരുവനന്തപുരം മേയറുടെ കത്തില്‍ പ്രതിഷേധം ശക്തമാകുന്നതിടെ സപ്ലൈകോയിലും പണം വാങ്ങി സ്വന്തക്കാരെ തിരുകി കയറ്റുന്നതായി ആക്ഷേപം.
പാക്കിങ് സ്റ്റാഫ്, ഡിസ് പ്ലേ സ്റ്റാഫ് തസ്തികകളിലാണ് 25,000 രൂപ വാങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ യൂനിയന്‍ നേതാക്കള്‍ പിന്‍വാതില്‍ നിയമനം നടത്തുന്നത്. 10 വര്‍ഷം കഴിയുമ്ബോള്‍ സ്ഥിരമാക്കുമെന്നാണു വാഗ്ദാനം.
നിലവില്‍ സംസ്ഥാനത്തെ 1633 ഔട്ട്ലെറ്റിലായി 8500 ഓളം താല്‍ക്കാലിക ജീവനക്കാരാണ് പാക്കിങ്, ഡിസ് പ്ലേ തസ്തികകളില്‍ ജോലി ചെയ്യുന്നത്. ഇവരില്‍ പലരെയും പറഞ്ഞുവിട്ട് പണം വാങ്ങി പുതിയ ആളുകളെ എടുക്കാനും നീക്കമുണ്ട്.
പണം നല്‍കാത്തതിന് ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി ആരോപിച്ച് തിരുവനന്തപുരത്ത് യൂനിയന്‍ സംസ്ഥാന നേതാവിനെതിരെ ജീവനക്കാരി പൊലീസിലും മനുഷ്യാവകാശ കമീഷനിലും പരാതി നല്കി. 20 വര്‍ഷമായി മലയില്‍കീഴ് സപ്ലൈകോയില്‍ പാക്കര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന തന്നെ അകാരണമായി പിരിച്ചുവിട്ടെന്നും തിരികെ പ്രവേശിപ്പിക്കണമെങ്കില്‍ 25,000 രൂപ ആവശ്യപ്പെട്ടെന്നുമാണ് മലയിന്‍കീഴ് സ്വദേശി അംബിക ദേവിയുടെ പരാതി.
പണം നല്കാന് തയാറാകാത്തതോടെ പണം വാങ്ങി മറ്റൊരാളെ നിയമിച്ചെന്നും ചോദ്യം ചെയ്ത വിധവയും രണ്ടു പെണ്മക്കളുടെ മാതാവുമായ തന്നെ അപമാനിച്ചെന്നും പരാതിയില്‍ പറയുന്നു. ഒക്ടോബര്‍ 24ന് നല്കിയ പരാതിയില്‍ മലയിന്‍കീഴ് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. എസ്.ഐയുടെ നേതൃത്വത്തില്‍ പരാതി ഒതുക്കി തീര്‍ക്കുകയായിരുന്നെന്ന് അംബിക ദേവി ‘മാധ്യമ’ത്തോട് പറഞ്ഞു.
വലിയതുറ സപ്ലൈകോ ഗോഡൗണിലെ ഹോര്‍ലിക്സ് തിരിമറിയില്‍ സസ്പെഷനിലായ ഉദ്യോഗസ്ഥരില്‍ ഒരാളായ നേതാവിനെ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് കൊല്ലത്തേക്ക് സ്ഥലംമാറ്റിയിരുന്നെങ്കിലും സി.പി.ഐ ഉന്നതന് ഇടപെട്ട് വീണ്ടും തലസ്ഥാനത്തെത്തിക്കുകയായിരുന്നു.