മാള: തളിര്‍വെറ്റില ധാരാളമുണ്ടെങ്കിലും വരദക്ഷിണ വയ്ക്കാന്‍ ചടങ്ങും ആളും ഇല്ല. ഉത്സവങ്ങളും ആഘോഷങ്ങളും ഇല്ലാതായതോടെ വെറ്റിലയ്ക്ക് ഒരു വര്‍ഷമായി ശനിദശയാണ്. പക്ഷേ പ്രളയം തകര്‍ത്തെങ്കിലും കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന നാടന്‍ ഇനത്തിലുള്ള വെറ്റില കൃഷി കൈവിടാന്‍ ഒരുക്കമല്ല മാള അണ്ണല്ലൂര്‍ കൈതവളപ്പില്‍ അജിത് കുമാര്‍ (54).
12 വയസ് മുതല്‍ വെറ്റിലയുമായി ചന്തയ്ക്ക് പോയിരുന്നതാണ്. പാരമ്പര്യം നിലനിറുത്തുക മാത്രമല്ല, മുഖ്യ തൊഴിലും വരുമാനവും ഇതായിരുന്നു. പ്രളയം നശിപ്പിച്ച സ്ഥലത്തെ മരങ്ങള്‍ വെട്ടി പുതിയവ വച്ചുപിടിപ്പിച്ചു വേണം വീണ്ടും കൃഷി തുടങ്ങാന്‍. എന്നാല്‍ വിലയില്ലാത്ത കാരണം തോന്നുന്നില്ല. ഉത്സവ ശബരിമല സീസണുകളിലാണ് നല്ല വില കിട്ടിയിരുന്നത്. എന്നാല്‍ അതെല്ലാം ഇല്ലാതായി. കൂടാതെ ലക്ഷദ്വീപിലേക്ക് കയറ്റി അയയ്ക്കുമ്പോള്‍ ലേലത്തില്‍ നല്ല വില കിട്ടിയിരുന്നു.
15 ദിവസം കൂടുമ്പോള്‍ 100 കൈ വെറ്റില വരെ ചന്തയിലേക്ക് കൊണ്ടുപോയിരുന്നു. അതായത് മാസത്തില്‍ 70,000 രൂപയുടെ വെറ്റില വിളവെടുത്തിരുന്നു. ഇന്നിപ്പോള്‍ ആവശ്യക്കാര്‍ കുറഞ്ഞു, വരുമാനവും. ഇരിങ്ങാലക്കുട, ചാലക്കുടി, കോട്ടപ്പുറം ചന്തകളിലാണ് വെറ്റില വിറ്റിരുന്നത്.
വീടിനോട് ചേര്‍ന്നുള്ള ഒരേക്കറിലധികം സ്ഥലത്ത് രണ്ടായിരത്തിലധികം വൃക്ഷങ്ങളിലാണ് വെറ്റിലക്കൃഷി ചെയ്തിരുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി വെറ്റില കൃഷിയാണ് മുഖ്യതൊഴില്‍. പ്രളയത്തില്‍ നശിച്ച കൃഷിയിടം ഇപ്പോള്‍ കാടുകയറി കിടക്കുന്നു. ഇതിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് ഇപ്പോള്‍ 500 ഓളം വൃക്ഷങ്ങളില്‍ വെറ്റിലക്കൃഷി ചെയ്യുന്നത്. പ്രളയത്തിന് മുമ്പ് വരെ ഒരു കൈ വെറ്റിലയ്ക്ക് (100 എണ്ണം മുതല്‍ 150 വരെ) 350 രൂപ ലഭിക്കുമായിരുന്നു.
ആട്ടിന്‍ കാഷ്ഠവും എല്ലുപൊടിയും വളമായി നല്‍കും. ഇത് എല്ലാ മാസവും നല്‍കും. കേടിന് ബേഡോ മിശ്രിതം തളിക്കും. 15 ദിവസമാണ് ഒരു വെറ്റില വിളവെടുക്കാനുള്ള സമയക്രമം. ഒന്നര വര്‍ഷം വിളവെടുത്ത ശേഷം അതിന്റെ തല വള്ളി ഇറക്കി മാറ്റി നടും. വളര്‍ച്ച അനുസരിച്ച് രണ്ട് മാസം ആകുമ്പോഴേക്കും വിളവെടുക്കും.