കോഴിക്കോട്: ബേപ്പൂര്‍ മണ്ഡലത്തെ ലഹരി മുക്തമാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പിലാക്കും. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ‘നമ്മള് ബേപ്പൂര്‍ പദ്ധതിയുടെ തുടര്‍ച്ചയായാണ് ലഹരി വിരുദ്ധ ക്യാമ്പയിന്. ‘ചെറുക്കാം മയക്കുമരുന്നിനെ’ എന്നതാണ് ക്യാമ്പയിനിന്റെ മുദ്രാവാക്യം. പോലീസ്, എക്സൈസ് വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, സാമൂഹ്യ, യുവജന, സന്നദ്ധ സംഘടനകള്‍ എന്നിവരെ കൂട്ടിയിണക്കിയാണ് ലഹരി വിപത്തിനെതിരെ ജനകീയ മുന്നേറ്റത്തിന് ഒരുങ്ങുന്നത്. ഇതിനായി സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക പദ്ധതി ഉടന്‍ തയാറാക്കും. വിവിധ ഘട്ടങ്ങളായി ലഹരി വ്യാപനത്തിനെതിരെ തുടര്‍ച്ചയായ ജനകീയ ഇടപെടലുകളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കാനും യോഗം തീരുമാനിച്ചു.
മണ്ഡലത്തിലെ കോര്പ്പറേഷന് പരിധിയിലുള്‍പ്പെടുന്ന ബേപ്പൂര്‍, ചെറുവണ്ണൂര്‍ നല്ലളം മേഖലകള്‍, നഗരസഭകളായ ഫറോക്ക്, രാമനാട്ടുകര, കടലുണ്ടി പഞ്ചായത്ത് എന്നീ അഞ്ച് മേഖലകള്‍ തിരിച്ച് ഓരോ തദ്ദേശ വാര്‍ഡുകള്‍ക്കും പ്രത്യേക ലഹരി വിരുദ്ധ സമിതികള്‍ രൂപീകരിക്കും.
തീരമേഖകള്‍, റെയില്‍വെ ലൈനുകള്‍, പാലങ്ങള്‍ ഉള്‍പ്പെടെ ലഹരി മാഫിയകളുടെ സ്ഥിരം താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ജനകീയ സംയുക്ത പരിശോധനകള്‍ വ്യാപിപ്പിക്കും. വിവരം നല്‍കുന്നത് രഹസ്യമായി സൂക്ഷിക്കും. ലഹരിയുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ക്കെതിരെ ശക്തമായ ക്രിമിനല്‍ നടപടിയുണ്ടാകും.