ചങ്ങരംകുളം : അമ്പതു ദിവസം കൊണ്ട് പത്ത് സംസ്ഥാനങ്ങളിലൂടെ 4000 കിലോമീറ്റർ പിന്നിട്ട് സൈക്കിളിലൊരു ഒറ്റയാൻ സവാരി. ചങ്ങരംകുളം ഉദിനൂപറമ്പ് സ്വദേശിയായ യുവാവാണ് ഉദിനൂപ്പറമ്പ് ടൂ കാശ്മീർ എന്ന ടൈറ്റിലിൽ തന്റെ സ്വപ്നസവാരിക്കിറങ്ങിയത്.. ചങ്ങരംകുളം സ്വദേശിയും സഞ്ചാരപ്രിയനുമായ കൊളാടിക്കൽ മുഹമ്മദ് ഷഹീറിന്റെ പ്രഥമ സൈക്കിൾ ദൗത്യമാണിത്. അദ്ധ്വാനത്തിൽ നിന്ന് മിച്ചം പിടിച്ച നാണയത്തുട്ടുകൾ ഒരുക്കൂട്ടി വെച്ച് മേടിച്ച സൈക്കിളിൽ ഒരു കൗതുക സവാരി നടത്തണമെന്ന ഏറെക്കാലത്തെ ആഗ്രഹമാണ് ഇപ്പോൾ യാദാർത്ഥ്യമായത്. സൈക്കിൾ സവാരിയെങ്കിൽ അത് വെള്ളപ്പുതപ്പണിഞ്ഞ് മഞ്ഞിൽ കുളിച്ചുകിടക്കുന്ന സ്വർഗഭൂമി തന്നെയാകണമെന്ന ആഗ്രഹമാണ് കാശ്മീർ തെരഞ്ഞെടുക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്. ജലം അമൂല്യമാണ് എന്നും അത് പാഴാക്കരുത് എന്നും ജനങ്ങളിൽ ബോധവൽക്കരണ ലക്ഷ്യം കൂടി തന്റെ സൈക്കിൾ സവാരിക്കുണ്ടെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു. ഇന്ന് (ജനുവരി 20 ബുധൻ ) രാവിലെ എട്ടു മണിയോടെയാണ് സവാരിക്ക് തുടക്കമായത്. കാസർകോഡ്,മംഗലാപുരം, ഗോവ, മുംബൈ, സൂറത്ത്, അഹമ്മദാബാദ്, അജ്മീർ, ജെയ്പൂർ, ആഗ്ര, ദില്ലി, ഷിംല, മണാലി, ജമ്മു എന്നീ നഗരങ്ങൾ പിന്നിട്ട് മാർച്ച് ആദ്യ വാരം ഫിനിഷിംഗ് പോയിന്റ് ആയ ലഡാകിൽ എത്തിച്ചേരും വിധമാണ് ഇദ്ദേഹം തന്റെ സവാരി ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. രാവിലെ എട്ടു മണിക്ക് സ്വന്തം നാട്ടിൽ നടന്ന ലളിതമായ ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തു മെമ്പർ രാംദാസ് മാസ്റ്ററും വാർഡ് മെമ്പർ സുനിത ചേരളശ്ശേരിയും ചേർന്നു ഫ്ലാഗ് ഓഫ് ചെയ്തതോടെയാണ് സൈക്കിൾ സവാരിക്ക് തുടക്കമായത്