എറണാകുളം: നടൻ മമ്മൂട്ടിയും ഭാര്യ സുൽഫത്തും നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയ ദൃശ്യങ്ങൾ പകർത്തുന്നതിനെതിരെ തൃക്കാക്കര മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുടെ ഭാര്യയും പ്രവർത്തകരും പ്രതിഷേധിച്ചതോടെ ബൂത്തിൽ നേരിയ സംഘർഷമുണ്ടായി.
പൊന്നുരുന്നി ക്രൈസ്റ്റ് കിങ് ഗേൾസ് സ്കൂളിലാണ് മമ്മൂട്ടി വോട്ട് രേഖപ്പെടുത്താനെത്തിയത്. മമ്മൂട്ടിയെ കണ്ടതോടെ മാധ്യമങ്ങളും ആരാധകരും ഫോട്ടോ എടുക്കാനും വിഡിയോ എടുക്കാനുമായി ഒപ്പം കൂടി. ഇതിനിടെയാണ് ബി.ജെ.പി സ്ഥാനാഥി എസ്. സജിയുടെ ഭാര്യ സ്ഥലത്തെത്തിയത്.
മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്ന് ചോദിച്ച് അവർ മാധ്യമപ്രവർത്തകരോട് ആക്രോശിച്ചു. പുറത്തിറങ്ങി പോകൂ, ബാക്കിയുള്ളവര്‍ക്ക് വോട്ടുചെയ്യണമെന്നും പറഞ്ഞ് അവര്‍ മാധ്യമങ്ങളോട് ആക്രോശിക്കുകയായിരുന്നു. പൊലീസ് മാധ്യമപ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമിച്ചതോടെയാണ് ചെറിയ രീതിയിൽ സംഘര്‍ഷമുണ്ടായത്.
വോട്ട് രേഖപ്പെടുത്തിയ മമ്മൂട്ടിയും ഭാര്യയും പ്രതികരിക്കാൻ നിൽക്കാതെ ഉടൻ തിരിച്ചുപോയി.