തൃശ്ശൂർ:വെള്ളിയോടൻ രചിച്ച പരാജിതരുടെ വിശുദ്ധഗ്രന്ഥം എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഷാസിയ – ദ ടെയിൽ ഓഫ് എ പാക്കിസ്ഥാനി വുമൺ സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രൊഫസ്സർ കെ സച്ചിദാനന്ദൻ ഡോക്ടർ പി കെ പോക്കറിന് ആദ്യ പ്രതി കൈമാറിക്കൊണ്ട് പ്രകാശനം ചെയ്തു. തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ വച്ച് നടന്ന ചടങ്ങിന് കവിയും സാമൂഹ്യ പ്രവർത്തകയുമായ ശ്രീമതി ശ്രുതി കെ എസ് അദ്ധ്യക്ഷത വഹിച്ചു. ഡോക്ടർ ശ്യാം സുധാകർ പുസ്തക പരിചയം നടത്തി.ബഷീർ മുളിവയൽ സ്വാഗതം പറഞ്ഞു തമിഴ് എഴുത്തുകാരി ഹേമലത, കവി വിജയരാജ മല്ലിക, കെ.ജി.ശേഖരൻ, ബഹിയ, അഡ്വ.സ്മിത സതീഷ്,ദൃശ്യ ഷൈൻ ലത്തീഫ് മമ്മിയൂർ, അഡ്വ.സ്മിത സതീഷ് ജയൻ അവണൂർ,അഷ്രഫ് ചമ്പാട്,സാബിത് ടി.കെ, ലിയോ ജയൻ,ടി.കെ.ഉണ്ണി എം.പി.എസ്.വിയ്യോത്ത് , രമ പൂങ്കുന്നത്ത്, എന്നിവർ ആശംസകൾ അർപ്പിച്ചു. ഷാസിയ ദി ടെയിൽ ഓഫ് എ പാക്കിസ്ഥാനി വുമൺ എന്ന പേരിൽ ശ്രീമതി മീനു കൃഷ്ണനാണ് പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്. വീഴ്ത്തപ്പെട്ടവർകളിൻ പുനിതനൂൽ എന്ന പേരിൽ തമിഴിലേക്ക് മൊഴിമാറ്റം ചെയ്ത പുസ്തകത്തിന് തമിഴ് വായനാലോകത്തിന്റെ മുഗ്ദകണ്ഠം പ്രശംസ ലഭിച്ചിരുന്നു. വിഭജനത്തിന്റെ മുറിവ് ഇന്നും പല രീതിയിൽ മനുഷ്യമനസ്സുകളിൽ രക്തമൊലിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ,അതേപ്പറ്റി സംസാരിക്കാൻ എഴുത്തുകാർ ആർജ്ജവം കാട്ടുന്നത് പുതിയ കാലത്തിന്റെ പ്രതീക്ഷ യാണ് . രാഷ്ട്രീയമായ ഉൾക്കാഴ്ചയോടൊപ്പം, മനുഷ്യത്വത്തിൽ അധിഷ്ഠിതമായ അഗാധമായ ദർശനങ്ങൾ ഈ നോവൽ ഉൾക്കൊള്ളുന്നുവെന്നും, യഥാതഥമായി പറയുമ്പോഴും കാവ്യാത്മകത കൂട്ടിക്കലർത്തി കാലക്രമത്തെ ഭേദിക്കാനുള്ള കഴിവ് ഈ എഴുത്തിൽ പ്രകടമാണെന്നും സച്ചിദാനന്ദൻ മാഷ് പ്രഭാഷണത്തിൽ പറയുകയുണ്ടായി. മതേതര മനുഷ്യത്വത്തിന്റെ ഭാഗത്ത് നിന്ന് കാലത്തിന്റെ ദുരനുഭവങ്ങളെ നോക്കിക്കാണുകയും ശക്തമായി ആവിഷ്കരിക്കുകയും ചെയ്യുന്നത് കൊണ്ടാണ്, ദേശാതിർത്തികളെ ഭേദിക്കുന്ന മാനവീകത ഈ നോവലിനെ പ്രകാശമാനമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള വ്യത്യസ്തരായ മനുഷ്യർ പങ്കെടുത്ത ചടങ്ങിന് ശ്രീമതി ഗീത മോഹൻ നന്ദി അർപ്പിച്ചു.