ഇന്‍ഡോര്‍: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ റമദാന്‍ വ്രതം മുറിച്ച നൂറി ഖാന് കയ്യടിച്ച് സമൂഹ മാധ്യമങ്ങള്‍. രോഗിക്ക് പ്ലാസ്മ ദാനം ചെയ്യണമെങ്കില്‍ ഭക്ഷണം കഴിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് വക്താവായ നൂറി ഖാന്‍ വ്രതം മുറിക്കാന്‍ തയാറായത്.
മധ്യപ്രദേശ് ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന മനോഹര്‍ ലാല്‍ റാത്തോഡിന്‍റെ ജീവന്‍ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു വ്രതശുദ്ധിയുടെ പുണ്യം മറ്റൊരു പുണ്യത്തിനു വേണ്ടി നൂറി ത്യജിച്ചത്.
മനോഹര്‍ ലാലിന്‍റെ മകന്‍ അവിനാശ് ദാസ് ട്വിറ്ററിലൂടെ ഇക്കാര്യം പുറം ലോകത്തെ അറിയിച്ചതോടെ നൂറിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന മനോഹര്‍ ലാലിന്‍റെ ചികിത്സക്കായി പ്ലാസ്മ ആവശ്യമുണ്ടെന്നറിഞ്ഞ് അസമില്‍ നിന്നാണ് നൂറി ഇന്‍ഡോറിലെത്തിയത്. ആശുപത്രിയിലെത്തിയപ്പോഴാണ് നൂറിക്ക് നോമ്പ് ആയതിനാല്‍ പ്ലാസ്മ ദാനം ചെയ്യാനാകില്ല എന്നറിയുന്നത്.
ഭക്ഷണമോ വെള്ളമോ കഴിക്കാത്തവരില്‍ നിന്നും പ്ലാസ്മ എടുക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ പറയുകയായിരുന്നു. എന്നാല്‍, ഡോക്ടര്‍ അത് പറഞ്ഞയുടനെ നൂറി ഖാന്‍ വെള്ളവും ലഘുഭക്ഷണവും കഴിച്ചു വ്രതം അവസാനിപ്പിക്കുകയും പിന്നാലെ പ്ലാസ്മ ദാനം ചെയ്യുകയുമായിരുന്നു.
നിരവധി പ്രമുഖര്‍ ഈ നന്മയെ പ്രശംസിച്ച് രംഗത്തെത്തി. ഇതാണ് യഥാര്‍ത്ഥ മനുഷ്യ സ്നേഹം എന്നും ഈ പുണ്യ പ്രവൃത്തിയിലൂടെ തന്നെ വ്രതത്തിന്‍റെ ഉദ്ദേശ ലക്ഷ്യം പൂര്‍ത്തിയായെന്നുമൊക്കെ നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
കോവിഡിന്‍റെ രണ്ടാം വരവില്‍ വലയുന്ന മധ്യപ്രദേശിലെ രോഗികളെ സഹായിക്കാന്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് നൂറി ഖാന്‍. രോഗികള്‍ക്ക് ഓക്സിജന്‍ എത്തിക്കാനുള്ള ശ്രമം നടത്തിയ നൂറിയെ ഓക്സിജന്‍ പ്ലാന്‍റില്‍ പ്രശ്നമുണ്ടാക്കി എന്നുപറഞ്ഞ് ഉജ്ജയ്ന്‍ പൊലീസ് അറസ്റ്റ് ചെയ്തത് അടുത്തിടെ വാര്‍ത്തയായിരുന്നു.