മലപ്പുറം: തിരൂർ റെയിൽവെ സ്റ്റേഷനിൽ വൻ ലഹരി മരുന്ന് വേട്ട. കഞ്ചാവ്, എം.ഡി.എം.എ, ബ്രൗൺ ഷുഗർ എന്നിവയാണ് ആർപിഎഫും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടിയത്. ശനിയാഴ്ച രാവിലെ റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോമിൽ കണ്ടെത്തിയ രണ്ട് ബാഗിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്.
മൂപ്പത് ലക്ഷത്തിലേറെ രൂപ വില വരുന്ന കഞ്ചാവ്, എം.ഡി.എം.എ, ബ്രൌൺ ഷുഗർ എന്നിവ ഉൾപ്പെടെയുള്ള ലഹരിമരുന്നുകളാണ് പിടിച്ചെടുത്തത്. രണ്ടും ബാഗുകളിലായി എട്ടര കിലോ കഞ്ചാവ്, 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൌൺ ഷുഗർ, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ എന്നിവയാണ് ഉണ്ടായിരുന്നത്.
സ്റ്റേഷനിലെ മൂന്നാമത്തെ ഫ്ലോറ്റ്ഫോമിൽ നിന്നാണ് ലഹരിമരുന്നുകൾ കണ്ടെടുത്തത്. യാത്രക്കാരുടെ ഇരിപ്പിടത്തോട് ചേർന്നാണ് ലഹരിമരുന്നുകൾ ഉണ്ടായിരുന്നത്. ഇവ ആരാണ് സ്റ്റേഷനിലെത്തിച്ചത് എന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. കണ്ടെത്തിയ മയക്കുമരുന്ന് കോടതിയിൽ ഹാജരാകുമെന്നും ലഹരിമരുന്നുകൾ എത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും ആർപിഎഫ് എസ്ഐ കെ എം സുനിൽകുമാർ, എക്സൈസ് സി.ഐ മുഹമ്മദ് സലീം എന്നിവർ പറഞ്ഞു.
ഓണം പ്രമാണിച്ച് ട്രെയിൻ മാർഗം മയക്കുമരുന്ന് വ്യാപകമായി കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഓണത്തോട് അനുബന്ധിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ വലിയ തോതിൽ ലഹരി മരുന്നുകൾ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് റെയിൽവെ സ്റ്റേഷനിൽ നിന്നും ലഹരിമരുന്നുകൾ കണ്ടെത്തിയത്.