പുതുതായി തുറന്ന കുഞ്ഞു കടയിലെ ചില്ലിട്ട അലമാരക്കു മുകളിലിരുന്ന് കളിക്കുകയാണ് ഒരു വയസ്സുകാരി ഇനായ. പിതാവ് മുദ്ദസിര് ഖാന് ഡല്‍ഹി വംശീയാക്രമണത്തില്‍ കൊല്ലപ്പെടുമ്പോള്‍ അവളീ ഭൂമിയിലെത്തിയിട്ട് 17 ദിവസം മാത്രമേ ആയിരുന്നുള്ളൂ. വീട്ടില്‍ പ്രസവാനന്തര ചികിത്സയിലായിരുന്ന ഉമ്മ ഇംറാന ഗര്ദന്പുരിയിലേക്ക് പോയ ഭര്‍ത്താവ് മടങ്ങിവരുന്നത് കാണാഞ്ഞ് വിളിച്ചുനോക്കുമ്പോഴാണ് ദുരന്തവര്‍ത്തമാനം കേള്‍ക്കുന്നത്. നാലുമാസം കുഞ്ഞുമോളെയും അണച്ചുപിടിച്ച് ഇദ്ദ (മറയിരിക്കല്‍) ആചരിച്ചശേഷം അവരും മക്കളും നേരത്തേ താമസിച്ചിരുന്ന കുടുംബ ഫ്ലാറ്റിലേക്ക് പോന്നു.
ഡല്‍ഹി സര്‍ക്കാറില്‍നിന്ന് കിട്ടിയ അഞ്ചു ലക്ഷം രൂപയടക്കമുള്ള സഹായധനമെല്ലാം കുടുംബവകയിലുള്ള പ്ലാസ്റ്റിക് ഫാക്ടറിയില്‍ നിക്ഷേപിച്ചു ഭര്‍തൃകുടുംബം. ഇപ്പോള്‍ മുദ്ദസിറിന്റെ അനിയന് നടത്തുന്ന കമ്പനിയില്‍ നിന്നുള്ള വിഹിതമായി തനിക്കും എട്ടുമക്കള്‍ക്കും ചെലവിന് ദിവസേന 500 രൂപ വീതം ലഭിക്കും. വിധവ പെന്‍ഷനും കുട്ടികളുടെ പഠനസ്കോളര്ഷിപ്പുമായി ‘വിഷന്‍ 2026’ പ്രതിമാസം നല്കുന്ന 15,000 രൂപയാണ് മറ്റൊരു വരുമാനം.
ഭര്‍ത്താവ് മരിക്കുന്നതുവരെ അല്ലലറിയാതെ കഴിഞ്ഞിരുന്ന മക്കളുടെയും തന്റെയും ദൈനംദിന ചെലവുകള്‍ തീര്‍ക്കാന്‍ അത് മതിയാകില്ലെന്ന് വൈകാതെ അറിഞ്ഞു. കമ്പനി മാത്രമല്ല, താമസിക്കുന്ന ഫ്ലാറ്റും മുദ്ദസിര് ഖാന്റെ പേരിലല്ല. കുടുംബത്തിന്റേതാണ്. കൂടുതല്‍ ചോദിക്കാനും വയ്യാത്ത സാഹചര്യമായപ്പോഴാണ് മറ്റെന്തെങ്കിലും വരുമാനം കണ്ടെത്താന്‍ വഴി തേടിയത്. പരമ്പരാഗതമായി പര്‍ദ ആചരിക്കുന്ന, സ്ത്രീകള്‍ കച്ചവടത്തിനിറങ്ങാത്ത കുടുംബ പശ്ചാത്തലത്തില്‍നിന്ന് എന്തുചെയ്യുമെന്ന ആലോചനക്കിടയിലാണ് കോസ്മെറ്റിക് ഷോപ്പ് എന്ന ആശയമുദിച്ചത്.
ഉപഭോക്താക്കളായി മിക്കവാറും സ്ത്രീകളാണ് വരുകയെന്നതും ആശ്വാസമായി. ഫിറോസ് എന്ന ഉദാരമതി നല്കിയ തുകയായിരുന്നു മൂലധനം. ഭര്‍ത്താവിന്റെ വിയോഗം വരെ സ്വന്തമായി ഒരു കാര്യവും ചെയ്തിട്ടില്ലാത്ത ഇംറാന കൂട്ടുകാരിയെയും കൂട്ടി സദര്‍ ബസാറിലെത്തി പര്‍ച്ചേസ് നടത്തി. കൊണ്ടുവന്നിറക്കിയവ വിറ്റുകിട്ടിയ ആറായിരം രൂപ കൊണ്ട് വീണ്ടും പര്‍ച്ചേസ് നടത്തി. പക്ഷേ, ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നത്ര സാധനങ്ങളിറക്കാന്‍ കഴിഞ്ഞിട്ടില്ല. മുതല്‍മുടക്കിന് സഹായം വേണമെന്ന് ‘വിഷന്‍ 2026’ വളന്റിയര്‍മാരോട് പറഞ്ഞപ്പോള്‍ ചെയ്യാമെന്ന് അവരേറ്റിട്ടുണ്ട്.
കടയുടെ പിറകില്‍ കാലിയായിക്കിടക്കുന്ന മുറിയില്‍ ബ്യൂട്ടി സലൂണ്‍ തുറന്ന് ബ്യൂട്ടീഷന് കോഴ്സ് പൂര്‍ത്തിയാക്കിയ മകള്‍ സല്‍മയെ അവിടെയിരുത്താനുള്ള പദ്ധതിയും വിഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പ് വരെ തനിക്ക് തീര്‍ത്തും അപരിചിതമായിരുന്ന വഴിയിലാണ് ഇംറാന ഇന്ന്. കുടുംബ ചടങ്ങുകള്‍ക്കും സ്കൂള്‍-ആശുപത്രി ആവശ്യങ്ങള്‍ക്കുമല്ലാതെ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ലാത്ത ഇവര്‍ക്കിപ്പോള്‍ കച്ചവടം ജീവന്മരണ പോരാട്ടമാണ്. എന്തായാലും ഒന്നുറപ്പിച്ചിട്ടുണ്ട്. ആരെയും ആശ്രയിക്കാതെ സ്വന്തം കാലില്‍നിന്ന് എട്ടുമക്കളെയും വളര്‍ത്തി വലുതാക്കണമെന്ന്, വെടിയുണ്ടകള്‍കൊണ്ട് തകര്‍ത്തുകളയാന്‍ കഴിയാത്ത അറിവിന്റെ ഉയരങ്ങളിലേക്ക് മക്കളെ വഴി നടത്തണമെന്ന്. ഒത്തിടട്ടെ, വിധിയായിടട്ടെ.