മുസ്ലിം സ്ത്രീകളെ ആപ്പിലൂടെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം; ഒരാൾ പിടിയിൽ

മുസ്ലിം സ്ത്രീകളെ ആപ്പിലൂടെ വില്പനയ്ക്ക് വച്ച് വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ബെംഗളൂരു സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് മുംബൈ പൊലീസ് സൈബർ സെല്ലിൻ്റെ പിടിയിലായത്. 21കാരനായ വിദ്യാർത്ഥിയുടെ മറ്റ് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

മഹാരാഷ്ട്ര മന്ത്രി സത്‌രേജ് പാട്ടിൽ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ ഇക്കാര്യം പുറത്തുവിട്ടു. ‘ബുള്ളി ബായ്’ ആപ്പ് ബ്ലോക്ക് ചെയ്തതായി കേന്ദ ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

 

പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ‘ബുള്ളി ബായ്’ എന്ന ആപ്പ് നടത്തിവന്നത്. കഴിഞ്ഞ വർഷം ‘സുള്ളി ഡീൽസ്’ എന്ന പേരിൽ ഇതുപോലെ ഒരു ആപ്പ് പുറത്തുവന്നിരുന്നു. ജെഎൻയുവിൽ നിന്ന് കാണാതായ നജീബ് അഹ്‌മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്വി, മുതിർന്ന മാധ്യമപ്രവർത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിൻ്റെ അമരത്തുണ്ടായിരുന്ന വിദ്യാർത്ഥിനേതാക്കളായ ലദീദ സഖലൂൻ, ആയിഷ റെന്ന, ജെഎൻയു വിദ്യാർത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളെയാണ് ചിത്രങ്ങൾ സഹിതം ആപ്പിൽ വിൽപനയ്ക്കു വച്ചിരിക്കുന്നത്. സുള്ളി ഡീൽസിലും ഇവരുടെ ചിത്രങ്ങൾ പങ്കുവച്ച് വിൽപനയ്ക്കു വച്ചിരുന്നു.

മാധ്യമപ്രവർത്തക ഇസ്മത്ത് ആരയുടെ പരാതിയിൽ ഡൽഹി പൊലീസും കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തൻ്റെ പേരും ചിത്രവും സഹിതം ആപ്പിൽ വില്പനയ്ക്ക് വച്ചിരുന്നതിൻ്റെ സ്ക്രീൻഷോട്ട് അടക്കം ഇസ്മത്ത് ആര തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചിരുന്നു.

 

ആപ്പിൽ പേര് വന്ന മറ്റുചിലരും സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചു. ഇതേ തുടർന്നാണ് സംഭവം വിവാദമായത്. ശിവസേന എംപി പ്രിയങ്ക ചതുർവേദി അടക്കം നിരവധി പേർ ആപ്പിനെതിരെ രംഗത്തെത്തി. തുടർന്നാണ് സർക്കാർ നടപടിയെടുത്തത്. പ്രിയങ്കയുടെ ട്വീറ്റിനു മറുപടി ആയാണ് ഐടി മന്ത്രി ആപ്പ് ബ്ലോക്ക് ചെയ്തെന്ന് വ്യക്തമാക്കിയത്. ഇതിനു നന്ദി അറിയിച്ച പ്രിയങ്ക വിഷയത്തിൽ കൂടുതൽ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

spot_img

Related Articles

Latest news