റിയാദ്: സമൂഹത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നതിനൊപ്പം ജനങ്ങളുടെ ശബ്ദമായി മാറാനും കാലത്തിന്റെ സാക്ഷിയായി നിലകൊള്ളാനും മാധ്യമങ്ങൾക്ക് കഴിയണമെന്ന് മുൻ കേരള കൗമുദി പൊളിറ്റിക്കൽ എഡിറ്ററും പ്രതിപക്ഷ നേതാവായിരിക്കെ രമേശ് ചെന്നിത്തലയുടെ പ്രസ് സെക്രട്ടറിയുമായിരുന്ന ബി.വി. പവനൻ പറഞ്ഞു. സാങ്കേതികവിദ്യയുടെയും സാമൂഹിക മാധ്യമങ്ങളുടെയും വളർച്ച വാർത്താലോകത്തിന്റെ സ്വഭാവത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും സത്യാന്വേഷണം, വസ്തുനിഷ്ഠത, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാധ്യമധർമങ്ങളിൽ മാറ്റം വരരുതെന്നും അദ്ദേഹം പറഞ്ഞു.
ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഒഐസിസി ഗസ്റ്റ് ലെൻസ്’ പരിപാടിയിൽ ‘മാധ്യമം, കാലം, സമൂഹം’ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ബത്ഹ സബർമതിയിൽ നടന്ന പരിപാടി ഒഐസിസി നാഷണൽ ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത് ഉദ്ഘാടനം ചെയ്തു. റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖപ്രസംഗം നടത്തി.
വാർത്തകൾ കൈമാറുന്ന സംവിധാനം എന്നതിലുപരി സമൂഹത്തിന്റെ ചിന്തകളെയും നിലപാടുകളെയും സ്വാധീനിക്കുന്ന ശക്തമായ സാമൂഹിക സ്ഥാപനമാണ് മാധ്യമങ്ങളെന്ന് ബി.വി. പവനൻ പറഞ്ഞു. ഒരു കാലഘട്ടത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നതിൽ മാധ്യമങ്ങളുടെ പങ്ക് നിർണായകമാണ്. അതിനാൽ വാർത്തയുടെ വേഗതയ്ക്കപ്പുറം അതിന്റെ വിശ്വാസ്യത, ആധികാരികത, സാമൂഹിക പ്രസക്തി എന്നിവ മാധ്യമപ്രവർത്തനത്തിന്റെ പ്രധാന മാനദണ്ഡങ്ങളാകണമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളുടെ വ്യാപനത്തോടെ ആർക്കും വാർത്തകൾ പ്രചരിപ്പിക്കാവുന്ന സാഹചര്യമുണ്ടായി. ഇതോടെ വ്യാജവാർത്തകളും അർധസത്യങ്ങളും അഭിപ്രായങ്ങളും വാർത്തകളും തമ്മിലുള്ള അതിർവരമ്പുകൾ പലപ്പോഴും ഇല്ലാതാകുന്നു. ഇത്തരമൊരു സാഹചര്യത്തിൽ വസ്തുതകൾ പരിശോധിച്ച് ശരിയായ വിവരം ജനങ്ങളിലെത്തിക്കാനുള്ള ഉത്തരവാദിത്തം പരമ്പരാഗത മാധ്യമങ്ങൾക്ക് കൂടുതൽ വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യധാരാ മാധ്യമങ്ങൾ പോലും ഇന്ന് വാർത്തകൾ ചെറിയ റീലുകളാക്കി പ്രേക്ഷകരിലെത്തിക്കുന്ന സാഹചര്യമാണ്. കാലത്തിനനുസരിച്ച് മാധ്യമങ്ങളുടെ സാങ്കേതികരൂപം മാറിയാലും മാധ്യമധർമത്തിന് മാറ്റം വരരുത്. അധികാരത്തോടും ഭരണകൂടത്തോടും ചോദ്യം ചോദിക്കാനുള്ള ധൈര്യവും സാധാരണക്കാരന്റെ പ്രശ്നങ്ങൾ സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള പ്രതിബദ്ധതയും മാധ്യമങ്ങൾ കാത്തുസൂക്ഷിക്കണം. ജനാധിപത്യത്തിന്റെ നിലനിൽപ്പിനും പൊതുസമൂഹത്തിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കും സ്വതന്ത്രവും ഉത്തരവാദിത്തമുള്ളതുമായ മാധ്യമപ്രവർത്തനം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകാലങ്ങളിൽ വാർത്തകളിൽ തെറ്റുകൾ സംഭവിച്ചാൽ അവ തിരുത്താനും ഖേദം പ്രകടിപ്പിക്കാനും മാധ്യമങ്ങൾ മടി കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അബദ്ധങ്ങൾ സംഭവിച്ചാൽ അച്ചടിച്ച് പുറത്തിറങ്ങിയ പത്രങ്ങൾ പോലും തിരിച്ചുവിളിച്ച് തിരുത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് മുഖ്യധാരാ മാധ്യമങ്ങളെന്ന് അവകാശപ്പെടുന്നവർ പോലും തെറ്റുകൾ സംഭവിച്ചാൽ അതേ ഉത്തരവാദിത്തത്തോടെ തിരുത്താൻ തയ്യാറാകാത്തത് ആശങ്കാജനകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുപ്പത് വയസ്സിന് താഴെയുള്ളവരിൽ പത്രവായനാശീലം കുറഞ്ഞുവരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ പുസ്തകങ്ങൾ വായിക്കുന്നതിന് യുവാക്കൾ സമയം കണ്ടെത്തുന്നുവെന്നത് ആശ്വാസകരമാണ്. വായന ഇല്ലാതാകുന്നതിനേക്കാൾ വായനയുടെ രീതിയിലാണ് മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഡൽഹിയിൽ നടന്ന സി.ജെ.പി സമരം ഉൾപ്പെടെയുള്ള ജനകീയ ഇടപെടലുകൾ പരാമർശിച്ച ബി.വി. പവനൻ, സാമൂഹിക മാധ്യമങ്ങളും റീലുകളും പുതിയ തലമുറയുടെ ആശയവിനിമയത്തിൽ നിർണായക സ്വാധീനം ചെലുത്തുന്നുണ്ടെന്നും പറഞ്ഞു. പുതിയ കാലത്തിന്റെ മാധ്യമസാധ്യതകൾ പ്രയോജനപ്പെടുത്തുമ്പോഴും വാർത്തയുടെ വിശ്വാസ്യതയും മാധ്യമധർമവും സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹ്രസ്വസന്ദർശനാർത്ഥം റിയാദിലെത്തിയ ബി.വി. പവനനെ ചടങ്ങിൽ ആദരിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാർക്കാട് മുഖ്യാതിഥിക്കുള്ള ഉപഹാരം സമ്മാനിച്ചു. തുടർന്ന് ബി.വി. പവനൻ രചിച്ച മാതൃഭൂമി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘രമേശ് ചെന്നിത്തല പിടിച്ചുകെട്ടിയ അഴിമതികൾ’ എന്ന പുസ്തകം യഹിയ കൊടുങ്ങല്ലൂർ അദ്ദേഹത്തിൽ നിന്ന് ഏറ്റുവാങ്ങി.
ഒഐസിസി നേതാക്കളായ നവാസ് വെള്ളിമാട്കുന്ന്, അബ്ദുള്ള വല്ലാഞ്ചിറ, മാധ്യമപ്രവർത്തകരായ നജീം കൊച്ചു കലുങ്ക്, നൗഫൽ പാലക്കാടൻ, ജയൻ കൊടുങ്ങല്ലൂർ, അഷ്റഫ് മേച്ചേരി എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും ജോയിന്റ് ട്രഷറർ അബ്ദുൽ കരീം കൊടുവള്ളി നന്ദിയും രേഖപ്പെടുത്തി.
പ്രഭാഷണത്തിനുശേഷം സദസ്സിൽ നിന്നുള്ള നിരവധി ചോദ്യങ്ങൾക്ക് ബി.വി. പവനൻ മറുപടി നൽകി. മാധ്യമങ്ങളുടെ മാറുന്ന രീതികൾ, സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം, വ്യാജവാർത്തകൾ, മാധ്യമങ്ങളുടെ സാമൂഹിക ഉത്തരവാദിത്തം തുടങ്ങിയ വിഷയങ്ങളിൽ നടന്ന ചോദ്യോത്തരവേള ശ്രദ്ധേയമായി. ഷുക്കൂർ ആലുവ, സൈഫ് കായംകുളം, നാദിർഷാ റഹ്മാൻ, ബഷീർ കോട്ടക്കൽ, അസ്ക്കർ കണ്ണൂർ, സന്തോഷ് ബാബു കണ്ണൂർ, ഒമർ ഷരീഫ്, ഷമീർ മാളിയേക്കൽ, ഷബീർ വരിക്കാപള്ളി, അൻസാർ വർക്കല, ഷിബു ഉസ്മാൻ, ജംഷിദ് തുവ്വൂർ, ഷംസീർ പാലക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രവാസി സമൂഹത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ഇടപെടലുകൾക്ക് വേദിയൊരുക്കുന്നതിനൊപ്പം ആശയസംവാദത്തിനും അറിവ് പങ്കുവെക്കലിനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ‘ഗസ്റ്റ് ലെൻസ്’ പരിപാടിക്ക് തുടക്കം കുറിച്ചത്. വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളെ പങ്കെടുപ്പിച്ച് കാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന വേദിയായി പരിപാടി തുടരുമെന്ന് സംഘാടകർ അറിയിച്ചു.

