കണ്ണൂർ: സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങൾ തൊഴിലന്വേഷകർക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ മാങ്ങാട്ട് പറമ്പ് കണ്ണൂർ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നു. സർക്കാരിന്റെ രണ്ടാം 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി ആരംഭിക്കുന്നത്.
പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി എം വിജിൻ എം എൽ എ യുടെ നേതൃത്വത്തിൽ ക്യാമ്പസ് സന്ദർശിച്ചു. തൊഴിൽ വകുപ്പിൻറെ കീഴിൽ ആരംഭിക്കുന്ന കേരളത്തിലെ രണ്ടാമത്തെ മോഡൽ കരിയർ സെന്റർ ആരംഭിക്കുന്നതിനായി സർക്കാർ 69.90 ലക്ഷം രൂപയാണ് അനുവദിച്ചത്. കണ്ണൂർ നിർമിതി കേന്ദ്രത്തിനാണ് പദ്ധതി ചുമതല.
സ്വകാര്യ മേഖലയിലെ തൊഴിലുകൾ നേടിയെടുക്കുന്നതിന് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിനാവശ്യമുള്ള സമഗ്രമായ കർമ്മപരിപാടി ആസൂത്രണം ചെയ്ത് നടപ്പാക്കുക, ഉദ്യോഗാർത്ഥികളുടെ തൊഴിൽപരമായ അഭിരുചി ശാസ്ത്രീയമായി കണ്ടെത്തി അവർക്കാവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുക, ഗ്രൂപ്പ് കൗൺസിലിങ്, വ്യക്തിഗത മാർഗ്ഗ നിർദ്ദേശങ്ങൾ, ഗ്രൂപ്പ് ഡിസ്ക്കഷൻ, നൈപുണ്യ പരിശീലനങ്ങൾ തുടങ്ങിയ വിവിധ സേവനങ്ങൾ സെന്ററിൽ നിന്നും ലഭിക്കുന്നതാണ്.
കേന്ദ്ര സർക്കാർ തയ്യാറാക്കിയിട്ടുള്ള www.ncs.gov.in എന്ന വെബ്ബ് പോർട്ടൽ മോഡൽ കരിയർ സെന്ററിന്റെ വെബ് പോർട്ടൽ ആയി ഉപയോഗിച്ചുവരുന്നു. ഉദ്യോഗാർത്ഥികൾക്ക് പ്രസ്തുത പോർട്ടലിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതും മോഡൽ കരിയർ സെന്ററിന്റെ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താവുന്നതുമാണ്.
സ്വകാര്യ മേഖലയിലെ പ്രമുഖ തൊഴിൽ ദായകരുമായി ചേർന്ന് ഉദ്യോഗദായകർക്കും ഉദ്യോഗാർത്ഥികൾക്കും ഒരു പോലെ പ്രയോജനപ്പെടുന്നവിധത്തിൽ കൃത്യമായ ആസൂത്രണത്തോടു കൂടി മോഡൽ കരിയർ സെന്റർ നിശ്ചിത ഇടവേളകളിൽ ജോബ് ഫെയർ/പ്ലേസ്മെന്റ് ഡ്രൈവ് നടത്തി വരുന്നുണ്ട്.
തൊഴിൽ വകുപ്പിൻറെ കീഴിൽ നിലവിലുള്ള ഏക മോഡൽ കരിയർ സെന്ററായ തിരുവനന്തപുരം മോഡൽ കരിയർ സെന്ററിലൂടെ നാളിതുവരെയായി 36 പ്ലേസ്മെന്റ് ഡ്രൈവുകൾ സംഘടിപ്പിക്കുകയും 2956 പേർക്ക് സ്വകാര്യമേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ തൊഴിൽ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസം രണ്ടാം വാരം സെൻ്റർ ഉദ്ഘാടനം ചെയ്യുന്നതിനാണ് നിശ്ചയിച്ചിട്ടുള്ളത്.