സ്‌പീക്കറോട്‌ കേന്ദ്ര ഏജന്‍സിക്ക്‌ വൈരാഗ്യം: പിണറായി

അന്വേഷണ ഏജന്‍സികള്‍ക്ക് രാഷ്‌ട്രീയ ഗൂഢോദ്ദേശ്യം

കേന്ദ്ര ഏജന്‍സിക്കെതിരെ അവകാശ ലംഘന നടപടി സ്വീകരിച്ചതിന്റെ വൈരാഗ്യമാണ് സ്പീക്കര്‍ക്കെതിരായ നീക്കത്തിനു കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറായാലും വിടില്ല എന്ന നിലയിലേക്ക് കേന്ദ്ര ഏജന്‍സിയും ചില ഉദ്യോഗസ്ഥരും എത്തുകയായിരുന്നെന്നും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ലൈഫ് മിഷനെതിരെ തെറ്റായ പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഈ ഏജന്‍സി നിയമസഭയുടെ അവകാശം ലംഘിക്കുന്നതായി ചില അംഗങ്ങള്‍ ഉന്നയിച്ചു. അവകാശലംഘനം സംബന്ധിച്ച കമ്മിറ്റി ഈ പ്രശ്നം ഏറ്റെടുത്തു. കമ്മിറ്റിക്ക് അതിന് അവകാശമുണ്ട്.

പക്ഷേ, ഏജന്‍സി കണ്ടത്, അതിന്റെയെല്ലാം മൂലകാരണക്കാരന്‍ സ്പീക്കറാണെന്നാണ്. സ്പീക്കറെ പാഠം പഠിപ്പിച്ചിട്ടുതന്നെ കാര്യമെന്ന തരത്തില്‍ ഇല്ലാക്കഥകള്‍ തുടങ്ങുകയായിരുന്നു. എന്തെല്ലാം ഗോസിപ്പുകളാണ് പടച്ചു വിട്ടത്. അന്വേഷണ ഏജന്‍സികള്‍ തെറ്റായ വഴിക്ക് സഞ്ചരിച്ച്‌ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢോദ്ദേശ്യമാണ്. ഇങ്ങനെയൊന്നും ഞങ്ങളുടെ പൊതുജീവിതം തകര്‍ക്കാമെന്ന് കേന്ദ്ര ഏജന്‍സി കരുതേണ്ട.

മുഖ്യമന്ത്രിതന്നെ ആവശ്യപ്പെട്ടിട്ടല്ലേ കേന്ദ്ര ഏജന്‍സികള്‍ കേരളത്തില്‍ വന്നതെന്ന് ചോദിക്കുന്നവരുണ്ട്. സ്വര്‍ണക്കടത്തിന്റെ ഉറവിടവും അന്തിമ ഗുണഭോക്താവിനെയുമെല്ലാം കണ്ടെത്തുന്നതിന് സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടത്. സ്വര്‍ണം അയച്ച ആളിലേക്കും കിട്ടിയ ആളിലേക്കും അന്വേഷണം ഇപ്പോഴും എത്തിയിട്ടില്ല.

ആദ്യഘട്ടത്തില്‍ നല്ല നിലയില്‍ അന്വേഷണം നടന്നു. ഒരു ഘട്ടമെത്തിയപ്പോള്‍ ബിജെപി നേതൃത്വത്തിന് വേണ്ടപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകനിലേക്ക് അന്വേഷണമെത്തി. അപ്പോള്‍ ബിജെപിയിലെ ചില പ്രമുഖര്‍ക്ക് അസ്വസ്ഥതയുണ്ടായി. അന്വേഷണം അവിടെനിന്നു. ഉദ്യോഗസ്ഥനെ രായ്ക്കുരാമാനം സ്ഥലം മാറ്റി. അവിടം മുതലാണ് സംസ്ഥാന സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കങ്ങള്‍ ആരംഭിക്കുന്നത്.

കേരളത്തിലെ ചില മാധ്യമങ്ങളും തുടക്കംമുതല്‍ അന്വേഷണം ഈ വഴിക്കു പോയിക്കൂടെയെന്ന് അന്വേഷണ ഏജന്‍സികളെ പ്രലോഭിപ്പിച്ചു. തെറ്റായ ട്രാക്കില്‍ അന്വേഷണം പോകുന്നുവെന്നു വന്നപ്പോള്‍ ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. പ്രധാനമന്ത്രിക്കു തന്നെ കത്തയച്ചു. തെരഞ്ഞെടുപ്പ് വന്നപ്പോള്‍ വീണ്ടും രാഷ്ട്രീയ നീക്കം പുറത്തു വരുന്നു. ആദ്യം എന്‍ ഐ എ അന്വേഷിച്ച്‌ റിപ്പോര്‍ട്ട് കൊടുത്തതാണ്. പിന്നീടാണ് രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി മറ്റ് ഏജന്‍സികള്‍ വരുന്നത്.

ഇ ഡി ഉദ്യോഗസ്ഥരുടെ ചില നടപടികള്‍ക്കെതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണത്തില്‍ ഫെഡറല്‍ തത്വങ്ങളുടെ ലംഘനമില്ല. ഞങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോ കേന്ദ്ര ഏജന്‍സികള്‍ക്കോ എതിരല്ല. കേന്ദ്ര ഏജന്‍സികളും ഉദ്യോഗസ്ഥരും പ്രവര്‍ത്തിക്കേണ്ടത് നിയമപ്രകാരമാണ്.

ചില ഉദ്യോഗസ്ഥര്‍ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് തെളിവുണ്ട്. എല്ലാ കാര്യവും പുറത്തുവരണം. അതിന് ഏറ്റവും നല്ലത് ജുഡീഷ്യല്‍ അന്വേഷണമാണെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news