സര്‍ട്ടിഫിക്കറ്റ് വ്യാജമെങ്കില്‍ ശമ്പളം തിരികെ വാങ്ങും; ഉദ്യോഗാര്‍ഥികളുടെ യോഗ്യത പരിശോധിക്കാന്‍ കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ സ്വദേശികളും പ്രവാസികളുമായ ജീവനക്കാര്‍ ജോലി നേടാനായി ഹാജരാക്കിയ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ഓറിജിനലാണോ വ്യാജമാണോ എന്ന് പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍ ഏജന്‍സികള്‍. രാജ്യത്തെ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകളാണ് പരിശോധിക്കുന്നത്. അന്വേഷണത്തില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തെളിഞ്ഞാല്‍ അവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. പ്രാദേശിക ദിനപ്പത്രമായ അല്‍ ഖബസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളാണ് സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുക. ഇതുപ്രകാരം പതിനായിരക്കണക്കിന് സ്വദേശികളുടെയും വിദേശികളുടെയും സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കും. പ്രധാനമായും വിദേശ രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകളായിരിക്കും ഈ രീതിയില്‍ സ്‌ക്രൂട്ടിനിക്ക് വിധേയമാക്കുക. ആദ്യഘട്ട പരിശോധനയില്‍ ഏതെങ്കിലും രീതിയിലുള്ള പൊരുത്തക്കേടുകളോ സംശയാസ്പദമായ കാര്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ അവ ഉന്നതവിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പരിശോധനയ്ക്ക് അയക്കും. ഇവിടെ നിന്നാണ് സര്‍ട്ടിഫിക്കറ്റുകള്‍ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കുക. ഇതിനായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്ന യൂനിവേഴ്‌സിറ്റുകളുമായും മറ്റ് സ്ഥാപനങ്ങളുമായും ബന്ധപ്പെടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ഹൈസ്‌കൂള്‍ മുതല്‍ ഡിഗ്രിതലം വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഈ രീതിയില്‍ പരിശോധിക്കും.

സൂക്ഷ്മ പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് തെളിഞ്ഞാല്‍ അതി ശക്തമായ നടപടികളാണ് ഉദ്യോഗാര്‍ഥികള്‍ക്ക് നേരിടേണ്ടി വരിക. നിയമ നടപടികള്‍ സ്വീകരിച്ച ശേഷം ഇവരെ ഉടന്‍ തന്നെ പബ്ലിക് പ്രൊസിക്യൂഷന് കൈമാറും. ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിച്ച് ഇയാള്‍ വാങ്ങിയ മുഴുവന്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഇതോടെ സര്‍ക്കാരിന് തിരികെ നല്‍കേണ്ടിവരുമെന്നും അധികൃതരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഈയിടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ശമ്പള വര്‍ധനവ് നേടിയ ഒരു സ്വദേശി ജീവനക്കാരിയെ കോടതി മൂന്നു വര്‍ഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. മന്ത്രാലയത്തിലെ പ്രമുഖ സ്ഥാനത്തിരിക്കുന്ന ശെയ്ഖ് കുടുംബത്തില്‍ പെട്ടവരായിരുന്നു ജീവനക്കാരി. വ്യാജ യൂനിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അവര്‍ നേടിയ 1.5 ലക്ഷം ദീനാര്‍ തിരികെ നല്‍കാനും പിഴയായി 1.5 ലക്ഷം ദിനാര്‍ കൂടി നല്‍കാനും കോടതി വിധിക്കുകയുണ്ടായി.

spot_img

Related Articles

Latest news