ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുസ്ലിം ലീഗ് നൽകിയ ഹരജി തള്ളണമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. നാളെ കേസ് പരിഗാണിനിരിക്കെയാണ് കേന്ദ്ര നീക്കം. ഹരജിക്ക് സാധുതയില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വി. രാമസുബ്രഹ്മണ്യം എന്നിവർ അടങ്ങിയ ബെഞ്ചാണ് മുസ്ലിംലീഗിന്റെ അപേക്ഷ പരിഗണിക്കുന്നത്. സ്‌റ്റേ ആവശ്യം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് ലീഗ് നൽകിയ കത്ത് പരിഗണിച്ചാണ് നടപടി. മുസ്ലിംലീഗിനു വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനാണ് കത്തയച്ചത്.
മുസ്‌ലിംലീഗിനു വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ ഹാജരാകും. മുസ്ലിം വിഭാഗത്തെ ഒഴിവാക്കി മറ്റു വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനെയാണ് പാർട്ടി ചോദ്യം ചെയ്യുന്നത്. ഇത് ഭരണഘടനാപരമായി തെറ്റാണെന്ന് കപിൽ സിബൽ സുപ്രിംകോടതിയെ അറിയിക്കും.