തിരുവനന്തപുരം: ദേശീയപാത അതോറിറ്റിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. ഇനിയുള്ള എല്ലാ പദ്ധതികള്‍ക്കും കേരളത്തിന്‍റെ വിഹിതമിങ്ങ് പോരേട്ടയെന്ന ദേശീയപാത അതോറിറ്റിയുടെ നിലപാട് അംഗീകരിക്കാനാവില്ലെന്നും ഭൂമിയേറ്റെടുക്കലിന് ഒരു സംസ്ഥാനവും തുക നല്‍കുന്നില്ലെന്നും അദ്ദേഹം നിയമസഭയില്‍ വ്യക്തമാക്കി.
ദേശീയപാത വികസനമെന്നത് സൗജന്യമല്ല, കേരളത്തിന് കിട്ടേണ്ട അവകാശമാണ്. മറ്റ് സംസ്ഥാനങ്ങളില്‍ ദേശീയപാത വികസിക്കുമ്ബോഴും പഞ്ചായത്ത് റോഡിന്‍റെ സ്ഥിതിയിലായിരുന്നു ഇവിടെ. അങ്ങനെയാണ് 2016ല്‍ കേന്ദ്രത്തെ സമീപിച്ചത്. കേരളത്തില്‍ ഭൂമിക്ക് വലിയ വിലയാണെന്നും സംസ്ഥാന സര്‍ക്കാര്‍ ഭൂമിയേറ്റെടുത്ത് നല്‍കണമെന്നുമായിരുന്നു കേന്ദ്ര നിലപാട്.
അത് സാധിക്കില്ലെന്ന് സംസ്ഥാനവും അറിയിച്ചു. തര്‍ക്കം നീണ്ടപ്പോള്‍, ഒത്തുതീര്‍പ്പെന്ന നിലയിലാണ് 25 ശതമാനം സംസ്ഥാനവും 75 ശതമാനം കേന്ദ്രവും വഹിക്കുന്ന നിലയില്‍ ഭൂമിയേറ്റെടുക്കാന്‍ തീരുമാനിച്ചത്. എന്നാല്‍, അതൊരു സൗകര്യമായി എടുക്കരുത്. സംസ്ഥാനത്തിന് ഇനിയത് കഴിയില്ലെന്ന് അതോറിറ്റിയെയും മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. ദേശീയപാത വികസനത്തിന്‍റെ ഭൂമിയേറ്റെടുക്കല്‍ ഫലപ്രദമായി തുടരുകയാണ്. ജനങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.