പ്രധാനമന്ത്രി തൊഴിലാളികളോട് മാപ്പ് ചോദിക്കണമായിരുന്നുവെന്ന് കോണ്‍ഗ്രസ്

ലോക്‌സഭയില്‍ പ്രധാനമന്ത്രി ഉന്നയിച്ച അതിരൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ഡൗണ്‍ കാലത്ത് കുടിയേറ്റ തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയതിന് പ്രധാനമന്ത്രി മാപ്പ് ചോദിക്കുകയായിരുന്നു വേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.

മാപ്പ് ചോദിക്കുന്നതിന് പകരം തൊഴിലാളികളെ സഹായിച്ചവരെ ചോദ്യം ചെയ്യാനാണ് പ്രധാനമന്ത്രി മുതിരുന്നത്. സര്‍ക്കാര്‍ സംവിധാനത്തിന്റെ പാളിച്ച മൂലം ലക്ഷക്കണക്കിന് ആളുകള്‍ക്ക് തങ്ങളുടെ പ്രീയപ്പെട്ടവരെ നഷ്ടമായെന്നും സുര്‍ജേവാല ട്വീറ്റ് ചെയ്തിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈ നഗരം വിടാനായി കോണ്‍ഗ്രസ് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്ത് നല്‍കിയതിന്റെ ഫലമായി കൊവിഡ് വ്യാപനം കൂടിയെന്നായിരുന്നു മോദിയുടെ വിമര്‍ശനം.

ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയും കോണ്‍ഗ്രസ് പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞു. ‘പ്രധാനമന്ത്രിയും ബിജെപി സര്‍ക്കാരും ചെവി കൂര്‍പ്പിച്ച് ഞങ്ങള്‍ പറയുന്നത് വ്യക്തമായി കേള്‍ക്കണം. പ്രതിസന്ധി ഘട്ടത്തില്‍ സഹായിക്കുക എന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. ജനങ്ങള്‍ പ്രതിസന്ധിയിലാകുമ്പോള്‍ അവരെ ഉപേക്ഷിച്ച് കടന്നുകളയുന്നത് നിങ്ങളുടെ ശീലമാണ്. കോണ്‍ഗ്രസിന്റെ ഈ കൈപ്പത്തി ദുരിതം അനുഭവിക്കുന്നവരുടെ കരം പിടിക്കാന്‍ എപ്പോഴും തയ്യാറായിരിക്കും’. കോണ്‍ഗ്രസ് ട്വീറ്റില്‍ പറഞ്ഞു.

കോണ്‍ഗ്രസിനേയും രാഹുല്‍ ഗാന്ധിയെയും പാര്‍ലമെന്റില്‍ രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശിച്ചത്. കനത്ത നഷ്ടങ്ങള്‍ ഉണ്ടായിട്ടും പല തിരിച്ചടികളും കിട്ടിയിട്ടും കോണ്‍ഗ്രസ് ധിക്കാരം വിടാന്‍ തയാറാകുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. കൊവിഡ് കാലത്തുപോലും കോണ്‍ഗ്രസ് വൃത്തികെട്ട രാഷ്ട്രീയമാണ് കളിച്ചതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. സാധാരണക്കാരുമായി കോണ്‍ഗ്രസിന് യാതൊരുവിധ ബന്ധവുമില്ല. രാഷ്ട്രീയ അന്ധതയില്‍ കോണ്‍ഗ്രസ് ജനാധിപത്യ മര്യാദകള്‍ മറന്നെന്നും ജനാധിപത്യ വ്യവസ്ഥയെ അപമാനിക്കുകയാണെന്നും മോദി വിമര്‍ശിച്ചു.

ചിലര്‍ 2014ല്‍ നിന്ന് ഇപ്പോഴും തിരിച്ചെത്തിയിട്ടില്ലെന്ന പരിഹാസത്തോടെയാണ് മോദി കോണ്‍ഗ്രസിന് നേരെ ആഞ്ഞടിച്ചത്. രാഹുല്‍ ഗാന്ധി സഭയിലില്ലെന്ന് ഉയര്‍ത്തിക്കാട്ടിയും പ്രധാനമന്ത്രി വിമര്‍ശനം തുടരുകയായിരുന്നു. വിമര്‍ശനം ജനാധിപത്യ വ്യവസ്ഥയിലെ ഒരു രത്‌നമാണ്. പക്ഷേ അന്ധമായ വിമര്‍ശനം ജനാധിപത്യത്തെ അപമാനിക്കലാണെന്നും മോദി സൂചിപ്പിച്ചു.

കൊവിഡ് കാലത്ത് സര്‍ക്കാരിനുനേരെ കോണ്‍ഗ്രസ് ഉയര്‍ത്തിയ വിമര്‍ശനം സൂചിപ്പിച്ചുകൊണ്ടായിരുന്നു മോദിയുടെ പരാമര്‍ശങ്ങള്‍. രണ്ട് വര്‍ഷക്കാലമായി രാജ്യം കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീര്‍ക്കുകയാണ്. 80 ശതമാനത്തിലധികം പേരെ വാക്‌സിനേറ്റ് ചെയ്യാന്‍ സാധിച്ചു. ഈ നേട്ടങ്ങളെ ഒന്നും കണക്കിലെടുക്കാതെ കോണ്‍ഗ്രസ് മഹാമാരിക്കാലത്തും രാഷ്ട്രീയം മാത്രം കളിക്കുകയായിരുന്നെന്നും മോദി വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശില്‍ കൊവിഡ് പരത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചു എന്നതായിരുന്നു പ്രധാനമന്ത്രിയുടെ മറ്റൊരു ഗുരുതരമായ ആരോപണം. കുടിയേറ്റ തൊഴിലാളികളെ ദുരിതത്തിലേക്ക് തള്ളിവിടുന്ന സമീപനമാണ് കോണ്‍ഗ്രസില്‍ നിന്നുമുണ്ടായത്.

ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ സ്വപ്‌നങ്ങളെയാണ് കോണ്‍ഗ്രസ് അപമാനിക്കുന്നത്. എന്തുകൊണ്ട് തങ്ങളെ ജനങ്ങള്‍ ഈ വിധത്തില്‍ തള്ളിക്കളയുന്നു എന്ന് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുമെന്ന് ചിലര്‍ വ്യാമോഹിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘കൊവിഡ് ഒന്നാം തരംഗത്തിന്റെ സമയത്ത് ജനങ്ങള്‍ എവിടെയാണോ അവിടെത്തന്നെ തുടരാനാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നത്. കുടിയേറ്റ തൊഴിലാളികള്‍ക്ക് മുംബൈ നഗരം വിടാനായി കോണ്‍ഗ്രസ് ട്രെയിന്‍ ടിക്കറ്റുകള്‍ എടുത്ത് നല്‍കി. കുടിയേറ്റ തൊഴിലാളികള്‍ നഗരം വിടണമെന്നാണ് ഡല്‍ഹി സര്‍ക്കാരും നിര്‍ദ്ദേശിച്ചത്. അവരും ബസുകള്‍ ഏര്‍പ്പെടുത്തി. ഇതിന്റെയെല്ലാം ഫലമായി പഞ്ചാബിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കൊവിഡ് കേസുകള്‍ ഉയര്‍ന്നു.’ പ്രധാനമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ രാജ്യം ലോകരാഷ്ട്രങ്ങള്‍ക്ക് മാതൃകയായെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news