കോണ്‍ഗ്രസ് പുനഃസംഘടന: ചര്‍ച്ചകള്‍ സജീവം; പ്രഖ്യാപനം ഉടൻ

അനിശ്ചിതത്വത്തിലായ കോണ്‍ഗ്രസ് പുനഃസംഘടനാ ചര്‍ച്ചകള്‍ വീണ്ടും സജീവം. അന്തിമപട്ടികക്ക് രൂപം നല്‍കാനായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനുമായുളള ചര്‍ച്ചകള്‍ തുടരും. വരുന്ന ആഴ്ച തന്നെ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കാനാണ് നേതൃത്വത്തിന്റ് നീക്കം.

ഹൈക്കമാന്റ് റെഡ് സിഗ്‌നല്‍ കാട്ടിയതോടെ അവസാന മണിക്കൂറില്‍ അനിശ്ചിതത്വത്തിലായ കെപിസിസി പുനഃസംഘടന ഉടന്‍ പൂര്‍ത്തിയാക്കും. കെ.സുധാകരനും വി.ഡി.സതീശനും ചര്‍ച്ച നടത്തി പട്ടികക്ക് അന്തിമരൂപം നല്‍കും. ഈ പട്ടിക ഹൈക്കമാന്റ് കൂടി അംഗീകരിക്കേണ്ടതുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ചയോ വ്യാഴാഴ്ചയോ ഡിസിസി ഭാരവാഹികളെയും ബ്ലോക്ക് പ്രസിഡന്റുമാരെയും പ്രഖ്യാപിക്കുമെന്നാണ് സൂചന.

താരതമ്യേന വലിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 25 പേരെയും നിര്‍വാഹക സമിതിയിലേക്ക് 26 പേരെയും പരിഗണിക്കും. ചെറിയ ജില്ലകളില്‍ ഡിസിസി ഭാരവാഹികളായി 15 പേരെയും നിര്‍വാഹക സമിതിയിലേക്ക് 16 പേരെയുമാകും പരിഗണിക്കുക.

ഹൈക്കമാന്റ് നിര്‍ദേശത്തെത്തുടര്‍ന്ന് അവസാന ഘട്ടത്തിലെത്തിയ കരട് പട്ടികയില്‍ ചില്ലറ വിട്ടുവീഴ്ചകള്‍ക്ക് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ തയ്യാറായിട്ടുണ്ട്. പട്ടികയില്‍ പരാതി പറഞ്ഞവരോടുള്‍പ്പെടെ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയാണ് അന്തിമ പട്ടിക തയ്യാറാക്കുക.

കഴിഞ്ഞ ദിവസം വി.ഡി.സതീശനും കെ.സുധാകരനും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ അഞ്ചോളം ജില്ലകളുടെ കാര്യത്തില്‍ ധാരണയായെന്നാണ് സൂചന. മറ്റു ജില്ലകളുടെ കാര്യത്തിലും ഏകദേശ ചിത്രം വ്യക്തമായിട്ടുണ്ട്.

തിങ്കളാഴ്ച വീണ്ടും സുധാകരനും സതീശനും ചര്‍ച്ചകള്‍ തുടരും. സംസ്ഥാന തലത്തില്‍ ഐക്യത്തിന് ധാരണയായതോടെ ഹൈകമാന്റും നിലപാട് മയപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം തയ്യാറായതോടെ അതൃപ്തരും പ്രതീക്ഷയിലാണ്.

 

spot_img

Related Articles

Latest news