ന്യൂഡല്‍ഹി : കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കു വിമാനയാത്രാ വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്ര വ്യോമയാന മന്ത്രാലയം. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെ പട്ടിക തയാറാക്കി ഭാവി യാത്രകള്‍ക്കു വിലക്കേര്‍പ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുകയാണ്. മാസ്‌ക് ശരിയായി ധരിക്കാത്തവര്‍, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ അടുത്തിടപഴകുന്നവര്‍ എന്നിവര്‍ക്കായിരിക്കും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുന്നത്.
ഏതാനും യാത്രക്കാരുടെ അശ്രദ്ധ, പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ഇവര്‍ക്കു യാത്രാ വിലക്കേര്‍പ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിനു (ഡിജിസിഎ) മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.