കുട്ടികൾക്കുള്ള കൊവിഡ് വാക്സിനുമായി യൂറോപ്യൻ രാജ്യങ്ങൾ

കൊവിഡ് 19 ഇനിയും പത്തി താഴ്ത്താത്ത സാഹചര്യത്തില്‍ വാക്‌സിന്‍ വ്യാപകമാക്കുക എന്നതിന് തന്നെയാണ് പ്രാധാന്യം. മിക്ക രാജ്യങ്ങളിലും മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിന്‍ ഇതിനോടകം തന്നെ എത്തിക്കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ മുഴുവന്‍ പേരിലേക്കും ഇത് കൃത്യമായി എത്തിയിട്ടില്ല. അതേസമയം കുട്ടികളുടെ കാര്യത്തില്‍ പല രാജ്യങ്ങളിലും ആശങ്ക തുടരുകയാണ്.

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ കുട്ടികള്‍ക്കുള്ള വാക്‌സിന്‍ ഇനിയുമെത്തിയിട്ടില്ലെന്നതാണ് ആശങ്ക. ഇപ്പോള്‍ ഏറ്റവും പുതിയ കൊവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ കൂടി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ കുട്ടികള്‍ വാക്‌സിന്‍ ലഭിക്കാതെ തുടരുന്നത്, വലിയ തോതില്‍ വെല്ലുവിളിയാകുമോ എന്നതാണ് ഏവരുടെയും ഭയം.

ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ച ദക്ഷിണാഫ്രിക്കയില്‍ നിന്ന് പുറത്തു വരുന്ന വാര്‍ത്തകളും അത്ര നല്ലതല്ല. ഒമിക്രോണിന് ശേഷം എല്ലാ പ്രായക്കാരിലും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവെന്നും എന്നാല്‍ കുട്ടികളിലാണ് ഗണ്യമായ വര്‍ധനവ് കാണുന്നതെന്നുമാണ് ഇവിടെ നിന്നും ലഭിക്കുന്ന വിവരം.

ഇതിനിടെ സ്വിറ്റ്‌സര്‍ലന്‍ഡില്‍ 5 – 11 വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിന് അനുമതിയായി. സ്വിസ് മെഡിസിന്‍സ് ഏജന്‍സിയായ ‘സ്വിസ്‌മെഡിക്’ വെള്ളിയാഴ്ചയാണ് വാക്‌സിന് ഔദ്യോഗികമായ അനുമതി നല്‍കിയത്. ‘ഫൈസര്‍ ബയോഎന്‍ടെക്’ന്റെ വാക്‌സിനാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ കുട്ടികള്‍ക്ക് നല്‍കുക.

ക്ലിനിക്കല്‍ ട്രയല്‍ നടത്തിയപ്പോള്‍ കുട്ടികള്‍ക്ക് ഈ വാക്‌സിന്‍ സുരക്ഷിതമാണെന്നും ഫലപ്രദമാണെന്നും കണ്ടെത്തിയിരുന്നു. നിലവില്‍ മറ്റൊരു ട്രയല്‍ കൂടി നടന്നുവരികയാണ്. അതിന്റെ ഇതുവരെയുള്ള ഫലം പ്രകാരം വാക്‌സിന്‍ സ്വീകരിക്കുന്നത് കുട്ടികളില്‍ കൊവിഡ് ഗുരുതരമാകാതിരിക്കാന്‍ വലിയ അളവ് വരെ സഹായിക്കും. – കമ്പനി അറിയിച്ചു.

മൂന്നാഴ്ച വ്യത്യാസത്തില്‍ രണ്ട് ഡോസ് ആയിട്ടാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുക. വാക്‌സിന്റെ സൈഡ് എഫക്ട്‌സ് മുതിര്‍ന്നവരുടേതിന് സമാനം തന്നെയെന്നും കമ്പനി അറിയിക്കുന്നു.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൊവിഡ് അഞ്ചാം തരംഗം തുടരുകയാണിപ്പോള്‍. ഏതായാലും പുതിയ അനുമതിയോടെ പോര്‍ച്ചുഗല്‍, ഇറ്റലി, ഗ്രീസ്, സ്‌പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊപ്പം ഇനി കുട്ടികള്‍ക്കുള്ള വാക്‌സിന്‍ സ്വിറ്റ്‌സര്‍ലന്‍ഡിലും ലഭ്യമാവുകയാണ്. കാനഡ, യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളും കുട്ടികള്‍ക്കുള്ള വാക്‌സിന് അനുമതി നല്‍കിക്കഴിഞ്ഞു.

ഫ്രാന്‍സിലാണെങ്കില്‍ കൊവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള, നേരത്തേ ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികള്‍ക്കാണ് നിലവില്‍ വാക്‌സിന് അനുമതി ലഭിച്ചിരിക്കുന്നത്. എന്നാല്‍ പുതിയ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇതേ വാക്‌സിന്‍ തന്നെ മറ്റ് കുട്ടികള്‍ക്കും ലഭ്യമാക്കാനുള്ള നീക്കവും ഫ്രാന്‍സില്‍ നടന്നുവരികയാണ്.

spot_img

Related Articles

Latest news