കോഴിക്കോട്: ഒരുപാടു ശരികള്‍ ചെയ്യുമ്പോള്‍ ചില തെറ്റുകള്‍ പറ്റുമെന്നും, അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി സിപിഎമ്മിന്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പറഞ്ഞു.ഇതിനെ വിമർശിക്കുന്നവർ ഇടയ്ക്ക് മാത്രം ശരി ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടക്കുന്ന മൂന്ന് ദിവസത്തെ കമ്മിറ്റിയില്‍ 307 പേരാണ് പങ്കെടുക്കുന്നത്.
പാർട്ടിയുടെ ചരിത്രം ഓർമ്മപ്പെടുത്തിയായിരുന്നു എം എ ബേബിയുടെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ഘാടനപ്രസംഗം. നമ്മളോർക്കണം നമ്മളെങ്ങനെ നമ്മളായെന്ന കവിതാ ഭാഗം പരാമർശിച്ചായിരുന്നു എം എ ബേബിയുടെ പ്രസംഗം. ശരികള്‍ക്കിടയില്‍ തെറ്റുകള്‍ സംഭവിക്കുമെന്നും അത് തുറന്നുപറഞ്ഞ് തിരുത്തുമെന്നും എം എ ബേബി പറഞ്ഞു. ഇഎംഎസ് സർക്കാരിന്റെ നേട്ടത്തെക്കുറിച്ചും പരാമർശിച്ച പ്രസംഗത്തില്‍ അന്നത്തെ സർക്കാരിനെ പിരിച്ചുവിട്ടത് കേന്ദ്രത്തിന്റെ അമിതാധികാരപരമായ സമീപനമാണ് എന്നും എം എ ബേബി ചൂണ്ടിക്കാണിച്ചു.
2021 മുതല്‍ 2026 വരെ പാർട്ടിക്കെതിരെ വ്യാജ പ്രതീതി നിർമ്മാണം നടന്നു. ഇത്തരം വ്യാജ നിർമ്മിതി തുടങ്ങിയത് 1958-59 കാലഘട്ടത്തിലെ വിമോചന സമരത്തിന്റെ സയത്താണ്. യഥാർത്ഥ വിമോചന സമരം നടത്തിയത് ഇഎംഎസ് സർക്കാരായിരുന്നു എന്നും എം എ ബേബി പറഞ്ഞു. മനോരോഗം പോലെ ബാധിച്ച മാർക്സിസ്റ്റ് വിരുദ്ധതയാണ് മാധ്യമങ്ങള്‍ക്കെന്നും എം എ ബേബി പറഞ്ഞു. പ്രസംഗത്തില്‍ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയും വിമർശനമുണ്ടായിരുന്നു.

