ദില്ലി: ലോകത്തെ തന്നെ ഏറ്റവും തിരക്കേറിയ ജലപാതയായ സൂയസ് കനാലില്‍ കുടുങ്ങി കിടക്കുന്ന എവര്‍ഗ്രീന്‍ കണ്ടെയിനര്ഷിപ്പിലെ മൊത്തം ജീവനക്കാരും ഇന്ത്യക്കാര്‍ എന്ന് റിപ്പോർട്ട്. എന്നാൽ കപ്പലിലുള്ള എല്ലാവരും സുരക്ഷിതരാണ് എന്ന് കണ്ടെയിനര്‍ ഉടമ ഷോയി കിസന്‍ കെയ്ഷ വ്യക്തമാക്കി. ഇന്ത്യക്കാരെ കൂടാതെ ഈജിപ്ഷ്യന്‍ കനാല്‍ അതോറിറ്റിയുടെ രണ്ട് പൈലറ്റുമാരുമുണ്ട്.
ചൊവ്വാഴ്ച്ച വൈകീട്ട് 7.45നാണ് കപ്പല്‍ സൂയസ് കനാലില്‍ കുടുങ്ങി പോയത്. ഇതോടെ ചരക്ക് ഗതാഗതത്തിന് നിര്‍ണായകമായ കിഴക്ക്-പടിഞ്ഞാറന്‍ ജലപാതയിലെ ഗതാഗതം കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു.
ജപ്പാനില്‍ ലിസ്റ്റ് ചെയ്തിരുന്നു പനാമ ഫ്ളാഗ് കണ്ടെയ്നറാണിത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് കപ്പലിന്റെ ദിശ മാറി ഇവിടെ കുടുങ്ങി പോകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്രശ്നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും, പക്ഷേ അതീവ ദുഷ്കരമാണെന്നും ആണ് വ്യക്തമാവുന്നത്.
മെഡിറ്ററേനിയന്‍ കടലിനെ ചെങ്കടലുമായി ബന്ധിപ്പിക്കുന്ന ഇടമാണ് സൂയസ് കനാല്‍. ഏഷ്യയും യൂറോപ്പും തമ്മിലുള്ള ഏറ്റവും ഹ്രസ്വമായ സമുദ്ര പാതയാണ് ഇത്. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാന്‍ സമയമെടുക്കുമെന്നാണ് സൂചന. നിലവില്‍ നൂറ്റമ്പതോളം കപ്പലുകളാണ് സൂയസ് കനാലിലൂടെ കടന്നു പോകാന്‍ കാത്തിരിക്കുന്നത്. ഇതുവഴി ചരക്ക് ഗതാഗതം ആഗോള വിപണിക്ക് തന്നെ വളരെ അത്യാവശ്യമാണ്. ആഗോള വ്യാപാരത്തിന്റെ 12 ശതമാനം സൂയസ് കനാല്‍ വഴിയാണ് കടന്നുപോകുന്നത്. കപ്പല്‍ ഓപ്പറേറ്റര്‍മാര്‍ മറ്റ് വഴികള്‍ തേടേണ്ടി വരുമെന്നാണ് സൂചന. ആഫിക്കൻ ഭൂഖണ്ഡം (പ്രതീക്ഷാ മുനമ്പ്) വഴി ചുറ്റി പോകേണ്ടി വരും. ഈ പാത വഴി പോകുമ്പോള്‍ രണ്ടാഴ്ച്ച കൂടുതലായി യാത്ര ചെയ്യേണ്ടി വരും.