തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പുതിയ പാഠപുസ്തകങ്ങള്‍ നിവലില്‍ വരാനുള്ള സമയക്രമത്തിന് അംഗീകാരം.
പാഠ്യപദ്ധതി പരിഷ്‌കരണം എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചാകുമെന്നും പുതിയ പാഠപുസ്തകം 2024-25 അദ്ധ്യയനവര്‍ഷം മുതല്‍ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പാഠ്യപദ്ധതി കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും പ്രീസ്‌കൂള്‍ വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം എന്നിങ്ങനെ നാല് മേഖലകളില്‍ പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. എല്ലാവിഭാഗം ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തി പാഠ്യപദ്ധതി രൂപീകരിക്കുവാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നതെന്നുംന അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രീ സ്‌കൂള്‍, 1,3,5,7,9 ക്ളാസുകള്‍ക്ക് 2024-25 അദ്ധ്യയന വര്‍ഷവും 2,4,6,8,10 ക്ലാസുകള്‍ക്ക് 2025-26 അദ്ധ്യയന വര്‍ഷവും പുതിയ പാഠപുസ്തകത്തിലാണ് അദ്ധ്യയനം നടക്കുക. ജനുവരി 31-ന് പൊസിഷന്‍ പേപ്പറുകള്‍ പൂര്‍ത്തിയാക്കും. മാര്‍ച്ച് 31-ന് കരിക്കുലം ഫ്രെയിംവര്‍ക്ക് പ്രസിദ്ധീകരിക്കും. ഏപ്രില്‍ മാസത്തോടെ ടെക്സ്റ്റ്ബുക്ക് രചന 2023 ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് പാഠ്യപദ്ധതി പരിഷ്‌കരണം സംബന്ധിച്ച സമയക്രമത്തിന് അംഗീകാരം ലഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ ചര്‍ച്ചയ്‌ക്ക് നല്‍കാന്‍ എസ്,സിആര്‍ടി പുറത്തിറക്കിയ കരട് സമീപന രേഖയില്‍ സര്‍ക്കാര്‍ മലക്കം മറിഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ക്ലാസ്സുകളില്‍ ലിംഗ വ്യത്യാസമില്ലാതെ ഇരിപ്പിട സൗകര്യങ്ങള്‍ ഒരുക്കേണ്ടതല്ലേ എന്ന ചോദ്യത്തിന് ‘ഇരിപ്പിടം’ എന്ന വാക്ക് ഒഴിവാക്കി സ്‌കൂള്‍ അന്തരീക്ഷം എന്ന് വാക്ക് ഉള്‍പ്പെടുത്തുകായിരുന്നു. ലിംഗസമത്വത്തലധിഷ്ഠിതമായ വിദ്യാഭ്യാസം’ എന്ന തലക്കെട്ട് മാറ്റി പകരം ‘ലിംഗനീതിയിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്നാക്കി. പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലായിരുന്നു സര്‍ക്കാര്‍ മാറ്റം വരുത്തിയത്.