മോട്ടോര്‍ വാഹന വകുപ്പ് പഠന റിപ്പോര്‍ട്ട് ; റോഡുകളില്‍ സുരക്ഷ ഓഡിറ്റ് അനിവാര്യം

തിരുവനന്തപുരം: റോഡുകളില്‍ സുരക്ഷ ഓഡിറ്റിങ് നടത്തണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് പഠന റിപ്പോര്‍ട്ട്. വടക്കഞ്ചേരി വാഹനാപകടത്തിന്‍റെ കാരണങ്ങളും സാഹചര്യങ്ങളും പഠിച്ച്‌ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിലാണ് ശിപാര്‍ശ.

അപകടസാധ്യതയേറിയ പ്രദേശങ്ങളെ ബ്ലാക്ക് സ്പോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും സുരക്ഷ മുന്‍കരുതല്‍ വിലയിരുത്തണം. അപകടമുന്നറിയിപ്പ് ബോര്‍ഡുകളും സൂചകങ്ങളും പലയിടങ്ങളിലും പര്യാപ്തമല്ലെന്ന് നേരത്തേതന്നെ ആക്ഷേപമുണ്ട്. വടക്കാഞ്ചേരിയില്‍ അപകടതീവ്രത വര്‍ധിപ്പിച്ചതില്‍ റോഡിനും പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

കെ.എസ്.ആര്‍.ടി.സിയില്‍ ഇടിച്ചശേഷം നിയന്ത്രണംതെറ്റി മുന്നോട്ട് നീങ്ങിയ ടൂറിസ്റ്റ് ബസ് റോഡ് അരികില്‍ കൂട്ടിയിട്ടിരുന്ന മണ്‍കൂനയില്‍ കയറിയാണ് മറിഞ്ഞത്. 16 മീറ്റര്‍ ബസ് റോഡില്‍ ഉരഞ്ഞ് നീങ്ങി. റോഡ് ഷോള്‍ഡര്‍ കൃത്യമായി തയാറാക്കുകയോ ക്രോസ്ബാരിയര്‍ സ്ഥാപിക്കുകയോ ചെയ്തിരുന്നെങ്കില്‍ ബസ് മറിയുന്നത് ഒഴിവാക്കാമായിരുന്നു. ടാര്‍ ചെയ്തശേഷം റോഡരികിലെ ലൈന്‍ തെളിച്ചിരുന്നില്ല. റോഡിന്റെ വശങ്ങളില്‍ പുല്ലുപടര്‍ന്നിരുന്നു. തെരുവ് വിളക്കുമില്ലായിരുന്നു. ഇതെല്ലാം മുന്‍ നിര്‍ത്തിയാണ് സുരക്ഷ ഓഡിറ്റിങ് ശിപാര്‍ശ.

ബസുകള്‍, ലോറികള്‍ തുടങ്ങിയ പൊതുവാഹനങ്ങളില്‍ ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സംവിധാനം വേണം. വേഗപരിധി ലംഘിക്കുന്ന വാഹനങ്ങളുടെ ആക്‌സിലറേറ്റര്‍ സ്വയം വേര്‍പെടുന്ന സജ്ജീകരണം വേണം. ടൂര്‍ ഓപറേറ്റര്‍മാര്‍ക്ക് മോട്ടോര്‍വാഹന വകുപ്പിന്റെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) നിര്‍ബന്ധമാക്കണം. ഡ്രൈവര്‍മാര്‍ ഉറങ്ങുന്നത് തടയാന്‍ അലാറം ഏര്‍പ്പെടുത്തുകയും റോഡിലെ പരിശോധന കര്‍ശനമാക്കുകയും വേണം.

അപകടങ്ങള്‍ കുറക്കാന്‍ നിര്‍മിത ബുദ്ധിയുടെ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സഹായത്തോടെ കുറ്റകൃത്യങ്ങള്‍ സ്വയം പിടികൂടുന്ന കാമറകള്‍ സ്ഥാപിച്ച്‌ ഒരു വര്‍ഷമാകുമ്ബോഴും സാങ്കേതികപ്പൊരുത്തമില്ലാത്തതിനാല്‍ പ്രവര്‍ത്തിപ്പിക്കാനായിട്ടില്ല. രണ്ടു വര്‍ഷത്തിനകം റോഡ് അപകടം പകുതിയായി കുറക്കാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞ സര്‍ക്കാറിന്‍റെ അവസാന കാലത്താണ് കാമറകള്‍ സ്ഥാപിച്ചത്. ട്രാഫിക് നിയമ ലംഘനങ്ങള്‍ വിലയിരുത്തി സോഫ്റ്റ്‌വെയര്‍ തന്നെ പിഴയിടുന്ന രീതി വരുന്നതോടെ നിയമം കര്‍ശനമാക്കാന്‍ സാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍.

spot_img

Related Articles

Latest news