കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനെ തള്ളി വിദേശകാര്യ മന്ത്രി ശൈഖ് സാലിം അബ്ദുല്ല അല്‍ ജാബിര്‍ അസ്സബാഹ്.
രാജ്യത്തെ നീതിന്യായ വ്യവസ്ഥയിലും അതിന്റെ വിധികളിലും ഇടപെടുന്നതിനെ ശക്തമായി നിരാകരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് മാര്‍ഗരിറ്റിസ് ഷിനാസിന്റെ പ്രസ്താവനക്ക് പിറകെയാണ് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന.
ഏഴു പേരുടെ വധശിക്ഷ കുവൈത്തിന്റെ ഷെന്‍ഗന്‍ വിസ (ഒറ്റ വിസയില്‍ യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സൗകര്യം) സംവിധാനത്തില്‍ അടക്കം അനന്തരഫലങ്ങള്‍ ഉണ്ടാക്കുമെന്ന് യൂറോപ്യന്‍ കമീഷന്‍ വൈസ് പ്രസിഡന്റ് പറഞ്ഞിരുന്നു. ഇതിനെ പൂര്‍ണമായി തള്ളിയ കുവൈത്ത് വിദേശകാര്യ മന്ത്രി ശക്തമായ പ്രതികരണമാണ് നടത്തിയത്.
ഇത് ഒരു ജനാധിപത്യ രാഷ്ട്രമാണ്, ഞങ്ങള്‍ അതില്‍ അഭിമാനിക്കുന്നു, അതിന്റെ സംവിധാനത്തിലും അധികാര വിഭജനത്തിലും അഭിമാനിക്കുന്നു. ഗവണ്‍മെന്റോ വ്യക്തിയോ എന്ന നിലയില്‍ ജുഡീഷ്യല്‍ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ കഴിയില്ല. ജുഡീഷ്യല്‍ സംവിധാനം എടുക്കുന്ന തീരുമാനം ആഭ്യന്തരമോ വൈദേശികമോ ആയ ഇടപെടലുകളില്ലാതെയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വധശിക്ഷക്കെതിരെ യൂറോപ്യന്‍ യൂനിയനും പ്രതികരിച്ചിരുന്നു. ആംനസ്റ്റി ഇന്റര്‍നാഷനലിലെ ഉദ്യോഗസ്ഥ അംന ഗുല്ലാലി വധശിക്ഷ നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി.
വധശിക്ഷ നടപ്പാക്കിയത് കൊലപാതക, മയക്കുമരുന്ന് കേസിലെ പ്രതികള്‍ക്ക്
കുവൈത്ത് സിറ്റി: കൊലപാതകം, കവര്‍ച്ച, മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള വിവിധ കേസുകളിലെ പ്രതികളായ ഏഴുപേര്‍ക്കാണ് ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയത്. വിചാരണ നടപടിക്കുശേഷം ക്രിമിനല്‍ കോടതിയാണ് വധശിക്ഷ വിധിച്ചത്.
പ്രതികള്‍ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും തള്ളി. കുവൈത്തി പൗരന്മാരായ നാലുപേര്‍ക്കും സിറിയ, പാകിസ്താന്‍, ഇത്യോപ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്നുപേര്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. കുവൈത്ത്, ഇത്യോപ്യ എന്നിവിടങ്ങളില്‍നിന്നുള്ള ഓരോ വനിതകളും ഇതില്‍ ഉള്‍പ്പെടുന്നു. സെന്‍ട്രല്‍ ജയിലിലാണ് ശിക്ഷ നടപ്പാക്കിയത്. കുവൈത്തില്‍ വധശിക്ഷ വിരളമാണ്. 2017ലാണ് അവസാനമായി വധശിക്ഷ നടപ്പാക്കിയത്.