തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. മുഹമ്മദ് അഷീൽ പടിയിറങ്ങുന്നു. സാമൂഹ്യനീതി ഡയറക്ടര്‍ ഷീബ ജോര്‍ജിന് പകരം ചുമതല നല്‍കി. മുഹമ്മദ് അഷീലിനെ മാറ്റാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
അഷീല്‍ ആരോഗ്യ വകുപ്പിലേക്ക് തന്നെ മടങ്ങി പോകും.അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയതുകൊണ്ടാണ് മാറ്റമെന്നാണ് വിശദീകരണം. കരാര്‍ പുതുക്കാന്‍ സാമൂഹ്യക്ഷേമ വകുപ്പ് തയാറായില്ല.
2016ലാണ് സാമൂഹിക സുരക്ഷാ മിഷന്റെ എക്സിക്യൂട്ടീവ് ഡയരക്ടറായി അഷീല്‍ ചുമതലയേല്‍ക്കുന്നത്. തൃശൂര്‍ കേന്ദ്രമായുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ (എന്‍ഐപിഎംആര്‍) ചുമതലയും വഹിച്ചിരുന്നു. എന്‍ഐപിഎംആര്‍ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്നു അഷീല്‍. ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ ആരോഗ്യമേഖലയെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിദഗ്ധനുമാണ് അഷീല്‍.
ആരോഗ്യ, കുടുംബക്ഷേമ വകുപ്പിലേക്കാണ് മാറ്റം ലഭിച്ചിരിക്കുന്നതെന്ന് അഷീല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ആലപ്പുഴ ടിഡി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍നിന്നാണ് ഡോ. അഷീല്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.
മഹാമാരിക്കാലത്ത് മലയാളികളുടെ ജീവന്‍ രക്ഷിക്കാന്‍ അദ്ദേഹം ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചു. വിമര്‍ശനങ്ങള്‍ പലതും വന്നെങ്കിലും. കോവിഡിന്റെ ഗൗരവം ജനങ്ങളെ മനസ്സിലാക്കാന്‍ ഡോ.മുഹമ്മദ് അഷീല്‍ പലപ്പോഴും വികാരഭരിതനായി പോലും സംസാരിച്ചു. ചില സമയങ്ങളില്‍ പൊട്ടിത്തെറിച്ചു.
ഏപ്രിലിലെ അദ്ദേഹത്തിന്റെ ഒരു പ്രതികരണം ഇങ്ങനെ. ‘കഴിഞ്ഞ ഒന്നര വര്‍ഷമായി ഇവിടുത്തെ ആരോഗ്യപ്രവര്‍ത്തകര്‍ ചത്തു പണിയെടുക്കുകയാണ്. 10-16 മണിക്കൂര്‍ തുടരെ ജോലി ചെയ്യുന്നു. അപ്പോഴാണ് ഓരോരുത്തര്‍ രാത്രി വിളിച്ചിട്ടു കല്ല്യാണത്തിന് ആളെ കൂട്ടാമോ എന്ന് ചോദിക്കുന്നത്. ഭ്രാന്ത് വന്നു പോകും..’ ലൈവിലെത്തി ഡോക്ടര്‍ മുഹമ്മദ് അഷീല്‍ പറയുന്ന വാക്കുകളില്‍ നിഴലിച്ചത് ആ സമയത്തെ കോവിഡിന്റെ തീവ്രത കൂടിയായിരുന്നു. പൊട്ടിത്തെറിച്ചും സങ്കടപ്പെട്ടും കൊണ്ട് കൂടിയാണ് അദ്ദേഹം സംസാരിച്ചത്.
‘ജനങ്ങള്‍ ഇപ്പോഴും കോവിഡിന്റെ തീവ്രത മനസിലാക്കുന്നില്ല. നമ്മള്‍ സുരക്ഷിതരാണെന്ന ബോധ്യത്തിലാണു ചിലര്‍. അവര്‍ക്ക് അറിയില്ല അവസ്ഥ. ലോക്ഡൗണ്‍ പ്രഖ്യാപിക്കാത്തതു പ്രതിസന്ധി ഇല്ലാത്തതു കൊണ്ടല്ല. രാജ്യത്തിന്റെ വരുമാനം, നിര്‍മ്മാണ മേഖല… എല്ലാം നിലയ്ക്കും, അതുകൊണ്ടാണ്. വെന്റിലേറ്റര്‍ പോലും തികയാതെ വരുന്ന അവസ്ഥയിലേക്ക് നമ്മളും എത്തിയേക്കാം. വാര്‍ത്തകളൊക്കെ കാണുന്നതല്ലേ. കല്യാണങ്ങള്‍ ഒഴിവാക്കൂ. ബന്ധുക്കളെ ഓണ്‍ലൈനായി പങ്കെടുപ്പിക്കൂ.. ദയവായി സ്വയം നിയന്ത്രിക്കൂ.. ദയവായി കേള്‍ക്കൂ..’ അഷീല്‍ പറഞ്ഞു.
തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ തനിക്കെതിരെ വിമര്‍ശനമുന്നയിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ മാങ്കൂട്ടത്തിന് ചാനല്‍ ചര്‍ച്ചയില്‍ ഡോ.മുഹമ്മദ് അഷീല്‍ മറുപടി നല്‍കിയതും ശ്രദ്ധേയമായി. തൃശൂര്‍ പൂരം നടത്തരുതെന്ന് ആവശ്യപ്പെട്ട് ഡോ.അഷീല്‍ ഫേസ്‌ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെയാണ് അഷീലിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഹുല്‍ മാങ്കൂട്ടത്ത് പോസ്റ്റിട്ടത്.
തന്റെ പേരിലുള്ളത് രാഹുല്‍ എഴുതിയ വാശിയുടെ ‘ശ’ അല്ലെന്നും ക്ഷമയുടെയും കഷ്ടപ്പാടിന്റെയും ‘ഷ’ ആണെന്നുമാണ് അഷീല്‍ ചാനല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയോടോ പ്രതിപക്ഷ നേതാവിനോടോ മന്ത്രിയോടോ എംഎല്‍എമാരോടോ ഒരു കാര്യം പറയണമെങ്കില്‍ ഒരു റൂട്ടുണ്ടെന്നും ഫേസ്‌ബുക്കില്‍ പോസ്റ്റിടില്ലെന്നും അഷീല്‍ പറഞ്ഞു. കൂടാതെ രാഹുല്‍ നാളെയൊരു എംഎല്‍എ ആയാല്‍ രാഹുലിനെതിരെ എഫ്.ബി പോസ്റ്റിടാന്‍ തനിക്ക് പറ്റില്ലെന്നും അതിനും ഒരു റൂട്ടുണ്ടെന്നും അഷീല്‍ ചര്‍ച്ചയില്‍ മറുപടി നല്‍കി.
മുഖ്യമന്ത്രിയും കുടുംബവും നടത്തിയ കോവിഡ് പ്രോട്ടോക്കോള്‍ വീഴ്‌ചകൾ ചൂണ്ടിക്കാണിക്കാതിരിക്കുവാന്‍ താങ്കളുടെ പേര് തടസ്സമായെങ്കില്‍, ഡോ. അശീല്‍ അത് ഡോ.അശ്ശീലമായി എന്നാണ് രാഹുല്‍ പറഞ്ഞത്. മുഖ്യമന്ത്രി കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തിയതിനെപ്പറ്റി താങ്കള്‍ എന്താണ് പ്രതികരണം നടത്താതിരുന്നതെന്നും താങ്കളുടെ നാവ് ക്വാറന്റൈനില്‍ ആയതു കൊണ്ടാണോ എന്നും രാഹുല്‍ ചോദിച്ചിരുന്നു. പോസ്റ്റിലെ പ്രയോഗം പിന്നീട് വിവാദമാവുകയായിരുന്നു.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരുടെ ദയനീയത അന്താരാഷ്ട്ര ശ്രദ്ധയിലെത്തിക്കുന്നതില്‍ ഡോ.മുഹമ്മദ് അഷീല്‍ പ്രധാന പങ്ക് വഹിച്ചു. രാജ്യത്തിനകത്തും പുറത്തുമായി എന്‍ഡോസള്‍ഫാനെതിരെ ശക്തമായ നിലപാടുയര്‍ത്തി നിരവധി സെമിനാറുകള്‍ സംഘടിപ്പിച്ചു. ഡോ അഷീലിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടുകള്‍ എന്‍ഡോസള്‍ഫാന്റെ വിഷ തീവ്രതയിലേക്കു വെളിച്ചം വീശുന്നതായി. ഒടുവില്‍ എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന്റെ മുഖ്യശില്‍പ്പി കൂടിയായിരുന്നു.