ന്യൂഡല്‍ഹി: ഇടിച്ച ബെെക്ക് വലിച്ചിഴച്ച് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച കാര്‍ ഉടമ അറസ്റ്റില്‍. ഡല്‍ഹിയിലെ ഗുരുഗ്രാമില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
ഗുരുഗ്രാമിലെ സെക്ടര്‍ 65 വഴിയരികില്‍ നിര്‍ത്തിയിരിക്കുകയായിരുന്ന ബെെക്കില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് കാറിനടിയില്‍ കുടുങ്ങിയ ബെെക്കുമായി മൂന്ന് കിലോമീറ്ററോളം പ്രതി സഞ്ചരിച്ചു.
ഒരു ഹോണ്ട സിറ്റി കാര്‍ ബെെക്ക് വലിച്ചിഴയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കാര്‍ ഡ്രെെവറെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായ മോനു എന്നയാളുടെ ബെെക്കാണ് കാറില്‍ കുടുങ്ങിയത്. ജോലി കഴിഞ്ഞ് തിരിച്ചു പോകുംവഴി, വഴിയരികില്‍ വണ്ടി നിര്‍ത്തി അടുത്ത് നില്‍ക്കുന്ന സമയത്താണ് അപകടം ഉണ്ടായതെന്ന് മോനു പറഞ്ഞു. ഫരീദാബാദ് സ്വദേശിയായ സുശാന്ത് മേത്ത എന്നയാളുടേതാണ് കാര്‍. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തതായി ഗുരുഗ്രാം പൊലീസ് പറഞ്ഞു.
റോഡില്‍ തീപ്പൊരി ചിതറി ബെെക്ക് വലിച്ചിഴച്ച് പോയ കാര്‍ നിര്‍ത്താന്‍ മറ്റുള്ളവര്‍ ശ്രമിച്ചെങ്കിലും കാര്‍ ഡ്രെെവര്‍ വണ്ടി നിര്‍ത്തിയില്ല. കാറിനടിയില്‍ കുടുങ്ങിയിരുന്ന ബെെക്ക് റോഡിലേയ്ക്ക് തെറിച്ച് വീണതോടെ കാര്‍ ഉപേക്ഷിച്ച് ഡ്രെെവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടുകയായിരുന്നു.