ചാല: പ്രമുഖ നാടക നടൻ പ്രമോദ് ചാല (54) അന്തരിച്ചു.കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.ഞായറാഴ്ച്ച വൈകീട്ട് ആറിന് കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. നാടകാചാര്യൻ കെ.ടി.മുഹമ്മദിൻ്റെ കലിംഗ തിയറ്റേഴ്സിലൂടെയായിരുന്നു പ്രൊഫഷണൽ നാടക വേദിയിലെ അരങ്ങേറ്റം. അദ്ദേഹത്തിൻ്റെ തന്നെ കാഫർ, ഇത് ഭൂമിയാണ്, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും എന്നീ നാടകങ്ങളിൽ അഭിന യിച്ചിട്ടുണ്ട്. കോഴിക്കോട് വിക്രമൻ നായരുടെ ട്രൂപ്പായ സ്റ്റേജ് ഇന്ത്യ, കോഴിക്കോട് രംഗഭാഷ എന്നീ നാടക ട്രൂപ്പുകളിലും അഭിനയിച്ചിട്ടുണ്ട്. 2003 ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടി.രാജൻ കിഴക്കനേല രചനയും സംവിധാനവും ചെയ്ത അക്ഷരസദസ്സ് എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം .അക്ഷരകാലം, ശാപ്പാട്ട് രാമൻ എന്നീ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.പരേതരായ വലിയ പുരയിൽ കുഞ്ഞിരാമൻ ആചാരിയുടേയും രോഹിണിയുടേയും മകനാണ്. ഭാര്യ: പി.ആർ. സന്ധ്യ. മക്കൾ: ദേവ തീർത്ഥ, ദേവദർശ് .സഹോദരങ്ങൾ: വി.പി.പ്രകാശൻ, പ്രദീപൻ, പ്രദീശൻ, പ്രേമവല്ലി, പ്രസീല.
കോവിഡ് പരിശോധനയ്ക്ക് ശേഷം മൃതദേഹം തിങ്കളാഴ്ച്ച ഉച്ചയോടെ വീട്ടിലെത്തിക്കും. തുടർന്ന് ചെമ്പിലോട് പഞ്ചായത്ത് ശ്മശാനത്തിൽ സംസ്കരിക്കും.