കൊറോണയ്ക്ക് പിന്നാലെ അല്‍ഷിമേഴ്‌സിനും മരുന്ന് ഇന്ത്യയില്‍ നിന്ന്

രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്രയെ വികസിപ്പിച്ച്‌ ബെംഗളൂരുവിലെ ശാസ്ത്രജ്ഞര്‍

ബെംഗളൂരു:  അല്‍ഷിമേഴ്‌സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്രയുടെ നിര്‍ണായക കണ്ടുപിടുത്തവുമായി ഇന്ത്യയിലെ ശാസ്ത്രജ്ഞര്‍. ബെംഗളൂരു ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സയന്റിഫിക് റിസര്‍ചിലെ ശാസ്ത്രജ്ഞരാണ് ലോകത്തിന് വലിയ പ്രതീക്ഷയേകുന്ന കണ്ടുപിടുത്തത്തിന് പിന്നില്‍. പ്രൊഫസര്‍ ടി ഗോവിന്ദരാജുവിന്റെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം വികസിപ്പിച്ച ടിജിആര്‍63 തന്മാത്രയ്ക്ക് അല്‍ഷിമേഴ്‌സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നമെന്നാണ് കണ്ടെത്തല്‍.

ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രോഗം ബാധിച്ച തലച്ചോറുകളെ ഈ മരുന്ന് തന്മാത്ര പുനരുജ്ജീവിപ്പിക്കുമെന്ന് തെളിഞ്ഞതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. 2010 മുതല്‍ ആരംഭിച്ച പരീക്ഷണങ്ങളില്‍ നിര്‍ണായകഘട്ടമായ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച ഫലമാണ് സംഘത്തിന് ലഭിച്ചത്. മരുന്ന് നല്‍കിയ രോഗികളായ എലികളുടെ അറിവും ഓര്‍മശക്തിയും വര്‍ധിച്ചതായി കണ്ടെത്തി. കൂടുതല്‍ മൃഗങ്ങളിലും ശേഷം മനുഷ്യരിലും ഇനി പരീക്ഷണം നടത്തും.

രോഗികളില്‍ കുത്തിവച്ചോ ഗുളിക രൂപത്തിലോ മരുന്നായി ഇത് നല്‍കാമെന്ന് മാത്രമല്ല, രോഗംവരാതിരിക്കാനായുള്ള മുന്‍കരുതലെന്നോണവും ഉപയോഗിക്കാനാവുമെന്നാണ് പ്രതീക്ഷ. മനുഷ്യരുടെ തലച്ചോറിലെ ന്യൂറോണുകളെ പ്രതികൂലമായി ബാധിക്കുന്ന അല്‍ഷിമേഴ്‌സ് രോഗികളുടെ എണ്ണം 2050ആകുന്നതോടെ ലോകത്താകെ 5 കോടി കടക്കുമെന്നാണ് വിലയിരുത്തല്‍. വയോജനങ്ങള്‍ ഏറെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വലിയ പ്രതീക്ഷയേകുന്നതാണ് പുതിയ കണ്ടെത്തല്‍.

spot_img

Related Articles

Latest news