തൃശൂര്‍ : ഡിജെ പാര്‍ട്ടികളിലെത്തുന്നവരുൾപ്പെടെ പെണ്‍കുട്ടികളെ മയക്കാനും അതു വഴി ലൈംഗിക ചൂഷണത്തിനും ഉപയോഗിക്കുന്ന മെത്തഡിന്‍ ഗുളികകള്‍ കേരളത്തിലും. മണവും രുചിയുമില്ലാത്ത ഈ ഗുളികകള്‍ ജ്യൂസില്‍ കലക്കി നല്‍കിയാണ് മയക്കുന്നത്. ബംഗളൂരുവില്‍നിന്നാണ് ഇവയെത്തിക്കുന്നത്.
തൃശൂരിലെയും എറണാകുളത്തെയും ‘ടാറ്റു’ ചെയ്യുന്ന സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന. ലക്ഷങ്ങള്‍ വില മതിക്കുന്ന മാരക മയക്കുമരുന്നുമായി തൃശൂരില്‍ അറസ്റ്റിലായ യുവാവിലൂടെയാണ് വിവരം പുറത്തുവന്നത്. മാടക്കത്തറ വെള്ളാനിക്കര മൂലേക്കാട്ടില്‍ വൈഷ്ണവാണ് (25) തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്.
50 ഗുളികയും ക്രിസ്റ്റല്‍ പാക്കറ്റും ഇയാളില്‍നിന്ന് പിടികൂടി. കേരളത്തില്‍ ആദ്യമായാണ് ഹാപ്പിനസ് പില്‍സ് (ആനന്ദ ഗുളിക), പീപി, പാര്‍ട്ടി ഡ്രഗ് എന്നിങ്ങനെ അറിയപ്പെടുന്ന മയക്കുഗുളിക ഇത്രയുമധികം പിടികൂടുന്നത്. ബംഗളൂരുവില്‍ ഇവ നിര്‍മിക്കുന്ന കുക്കിങ് പ്ലേസുകളുണ്ട്. നൈജീരിയന്‍ സംഘമാണ് ഇതിന്റെ പിന്നിലെന്നാണ് സൂചന.
650 രൂപയുള്ള ഒരു ഗുളിക കേരളത്തിലെത്തുമ്പോള്‍ 5000 രൂപ ഈടാക്കും. ടാറ്റു ചെയ്യുന്ന സ്ഥാപനങ്ങളും ചില മാളുകളും കേന്ദ്രീകരിച്ച് വന്‍ തോതില്‍ മയക്കുമരുന്ന് വില്‍ക്കുന്നതായും പൊലീസിന് വിവരം ലഭിച്ചു. കോവിഡ് കാലത്ത് രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍ട്ടി നടക്കുന്നതായും വിവരമുണ്ട്. എവിടെയൊക്കെ വിറ്റുവെന്നും പെണ്‍കുട്ടികള്‍ ഇതില്‍ കുടുങ്ങിയിട്ടുണ്ടോയെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഗുണ്ടാസംഘങ്ങള്‍ ദുരുപയോഗിക്കുന്ന മാനസിക രോഗത്തിനുള്ള മരുന്നിനേക്കാള്‍ കൊടും മാരകമാണ് മെത്തഡിന്‍ ഗുളികകള്‍. ഇവയുടെ ഉപയോഗം വൃക്കയേയും ഹൃദയത്തേയും ബാധിക്കുമെന്നും മരണം വരെ സംഭവിക്കാമെന്നും വിദഗ്ധര്‍ പറയുന്നു.
ക്രിസ്റ്റല്‍ രൂപത്തിലുള്ള എംഡിഎംഎ (മെത്തലിന്‍ ഡയോക്സിന്‍ മെത്താഫെറ്റാമിന്‍) യുവാക്കള്‍ക്കിടയില്‍ മെത്ത്, കല്ല്, പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. വായിലൂടെയും മൂക്കിലൂടെയും ഇഞ്ചക്ഷനായും ഉപയോഗിക്കുന്നു.
അകത്തു ചെന്നാല്‍, അര മണിക്കൂറിനകം നാഡി വ്യവസ്ഥയെ ബാധിക്കും. എട്ടു മണിക്കൂര്‍ വരെ ലഹരി നീളും. മണമോ രുചി വ്യത്യാസമോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ജ്യൂസുകളിലും മദ്യത്തിലും ഗുളിക കലക്കി ആദ്യം നല്‍കും, പിന്നീടിതിന് അടിമയാവും.