റിയാദ്: സൗദി അറേബ്യയിലേക്ക് വൻതോതില്‍ ലഹരിമരുന്ന് കടത്താൻ ശ്രമിച്ച കേസില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി. കണ്ണൂർ തലശ്ശേരി സ്വദേശിയായ അബൂട്ടി വെള്ളില്‍ (41) ആണ് ശിക്ഷിക്കപ്പെട്ടത്.
2023ൽ ഒമാനിൽ നിന്ന് റോഡ് മാർഗം സൗദിയിലേക്ക് മാരക ലഹരിവസ്തുക്കളുടെ വൻശേഖരം കടത്തിയെന്ന കേസിലാണ് അബൂട്ടി പിടിയിലായത്. ഇദ്ദേഹം ഓടിച്ചിരുന്ന ജി.എം.സി വാനിൽ നിന്ന് 43 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.
പ്രോസിക്യൂഷൻ സമർപ്പിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വിചാരണ കോടതി വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീം കോടതിയും ശിക്ഷ ശരിവെച്ചതിനെ തുടർന്നാണ് രാജവിജ്ഞാപന പ്രകാരം ദമ്മാമിൽ വധശിക്ഷ നടപ്പിലാക്കിയത്.
സൗദി ആഭ്യന്തര മന്ത്രാലയമാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്.

