സംസ്ഥാനത്തെ 38 തദ്ദേശ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ശ്രദ്ധേയമായി ഒരു ബെറ്റ് വിശേഷം. കോഴിക്കോട് കുറ്റിച്ചിറ മണ്ഡലത്തിലാണ് യുഡിഎഫ് പ്രവർത്തകരും മുസ്ലിം ലീഗും തമ്മില്‍ ബെറ്റ് വച്ചിരിക്കുന്നത്.ആടിനെയാണ് ബെറ്റ് വച്ചിരിക്കുന്നത്.
ഫാത്തിമ തഹിലിയ നിയമസഭാംഗമായതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഫാത്തിമ നേടിയ 3240 വോട്ടിനേക്കാള്‍ ഒരു വോട്ട് കൂടുതല്‍ ലഭിച്ചാല്‍ ആടിനെ നല്‍കുമെന്നാണ് ഒരു ഭാഗത്തുള്ള അസീസ് പറയുന്നത്. എന്നാല്‍ വോട്ട് കുറയുമെന്നാണ് മറുഭാഗത്തുള്ള ബഷീറിന്റെ പക്ഷം.
വോട്ട് കുറവാണെങ്കില്‍ ബഷീറിന് ആടിനെ നല്‍കുമെന്ന് അസീസ് ഉറപ്പ് നല്കി. യുഡിഎഫ് വോട്ട് കൂടുതല്‍ പിടിച്ചാല്‍ അസീസിന് ഒരു ആടിനെ നല്‍കുമെന്ന് ബഷീറും പറഞ്ഞു.
ആട് തനിക്ക് തന്നെ കിട്ടുമെന്ന പൂർണവിശ്വാസത്തിലാണ് ഇരുകൂട്ടരും. എന്ത് കളിച്ചാലും ഭൂരിപക്ഷം കൂടുമെന്നും 3241 വോട്ടില്‍ കൂടുമെന്നും അസീസ് പറയുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇരുകൂട്ടരും ബെറ്റ് വച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു.
സുധീര്‍ഷ പാലോട്, വിനു ജോബ്, കെ വി ശാന്തകുമാര്‍, ഉഷ വിജയന്, ദീപക് ജോയ്, ഫാത്തിമ തഹ് ലിയ എന്നിവര്‍ എംഎല്‍മാരായ സാഹചര്യത്തില്‍ രാജിവച്ച ആറിടത്തും ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായി നടക്കുന്ന ഉപതിരഞ്ഞെടുപ്പ് ആർക്ക് അനുകൂലമാകുമെന്നാണ് കേരളം ഉറ്റുനോക്കുന്നത്.

