റിയാദ്: ഇന്ത്യയിലെ തൊഴിലാളി വര്‍ഗ സമര ചരിത്രത്തില്‍ ആവേശകരമായ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്ത പോരാളികളും മാനവ മോചന വഴിയിലെ മഹനീയ മാതൃകയുമാണ് ഇ. എം. എസും എ. കെ. ജിയുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ഡോ. വി. ശിവദാസന്‍ പറഞ്ഞു.
റിയാദ് കേളി കലാ സാംസ്കാരിക വേദി സംഘടിപ്പിച്ച ഇ. എം. എസ് - എ. കെ. ജി അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തൊഴിലാളി പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിലേക്ക് വരുന്നതിനു മുമ്പ് തന്നെ ഇരുവരും നിരവധി സാമൂഹിക പരിഷ്കരണ, നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അനുസ്മരണ പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓണ്‍ലൈനില്‍ നടന്ന പരിപാടിയില്‍ കേളി ആക്ടിങ് സെക്രട്ടറി ടി. ആര്. സുബ്രഹ്മണ്യന് സ്വാഗതം പറഞ്ഞു. മുഖ്യ രക്ഷാധികാരി സമിതി കണ്‍വീനര്‍ കെ. പി. എം. സാദിഖ് അധ്യക്ഷത വഹിച്ചു. സമിതി അംഗം ദയാനന്ദന് ഹരിപ്പാട് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.കേളി പ്രസിഡന്റ് ചന്ദ്രന് തെരുവത്ത്, മുഖ്യ രക്ഷാധികാരി സമിതി അംഗം സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.