ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിഞ്ഞു, തൃശ്ശൂര്‍ പൂരത്തിന് സമാപനം

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിന് കൊടിയിറങ്ങി. അടുത്തവര്‍ഷം പൊലിമയില്‍ പൂരം നടത്താനാകുമെന്ന പ്രതീക്ഷയില്‍ പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാര്‍ ശ്രീമൂലസ്ഥാനത്തെത്തി ഉപചാരം ചൊല്ലിപിരിഞ്ഞു. 2022 മെയ് പത്തിനാണ് അടുത്ത പൂരം.

 

സംസ്ഥാനത്ത് കോവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടത്തിയത്. കഴിഞ്ഞ ദിവസം പന്ത്രണ്ടരയോടെ ആല്‍ക്കൊമ്പ് പൊട്ടിവീണുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചതോടെ പൂരത്തിന്റെ ബാക്കിയുളള ആഘോഷങ്ങള്‍ പൂര്‍ണമായും ഒഴിവാക്കി. പേരിന് മാത്രം ചടങ്ങുകള്‍ നടത്തി ഉപചാരം ചൊല്ലി പിരിയുകയായിരുന്നു.

 

അപകടത്തെ തുടര്‍ന്ന് നടത്താനിരുന്ന വെടിക്കെട്ട് തിരുവമ്പാടി-പാറമേക്കാവ് വിഭാഗങ്ങള്‍ ഉപേക്ഷിച്ചു. വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കുകയാണ് ഇരുവിഭാഗവും ചെയ്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെ തിരുവമ്പാടിയുടെയും ആറുമണിയോടെ പാറമേക്കാവ് വിഭാഗത്തിന്റെയും വെടിക്കോപ്പുകള്‍ കത്തിച്ച് നിര്‍വീര്യമാക്കി.

 

പകല്‍പ്പൂരം ചടങ്ങ് മാത്രമായി നടത്തി. തിരുവമ്പാടി വിഭാഗം ആഘോഷമില്ലാതെ ഒരു ആനയെ മാത്രം ഉപയോഗിച്ചാണ് നേരത്തേ എഴുന്നളളത്ത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ മേളം നിശ്ചയിച്ചിരുന്നു. എന്നാല്‍ അപകടമുണ്ടായതിന്റെ പശ്ചാത്തലത്തില്‍ മേളം വേണ്ടെന്നുവെച്ചു. 15 ആനകളെ എഴുന്നള്ളിക്കാനാണ് പാറമേക്കാവ് തീരുമാനിച്ചിരുന്നതെങ്കിലും ആഘോഷങ്ങള്‍ ഒട്ടുമില്ലാതെ ചടങ്ങ് മാത്രമായി നടത്താന്‍ ഇരുവിഭാഗവും തീരുമാനിക്കുകയായിരുന്നു.

 

വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്കുശേഷമായിരുന്നു അപകടം നടന്നത്. മഠത്തില്‍വരവ് പഞ്ചവാദ്യം നടക്കുന്ന അതേസ്ഥലത്താണ് അപകടമുണ്ടായത്. രാത്രിയിലെ പഞ്ചവാദ്യം തുടങ്ങിയ ഉടനെ തൊട്ടടുത്ത തൃപ്പാക്കല്‍ ക്ഷേത്രവളപ്പിലെ ആലിന്റെ വലിയ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ആഘോഷക്കമ്മിറ്റി അംഗം എരവിമംഗലം ഇരിക്കാലില്‍ ഹൗസില്‍ രമേഷ് (56), പൂങ്കുന്നം പണിയത്തുവീട്ടില്‍ രാധാകൃഷ്ണന്‍ (65) എന്നിവരാണ് മരിച്ചത്. വാദ്യക്കാര്‍ ഉള്‍പ്പെടെ ഇരുപത്തേഴോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവര്‍ക്ക് എല്ലാ സഹായവും നല്‍കുമെന്ന് തിരുവമ്പാടി വിഭാഗം അറിയിച്ചിട്ടുണ്ട്.

 

ബ്രഹ്മസ്വം മഠത്തില്‍നിന്നും നായ്ക്കനാല്‍ പന്തലിലേക്കുള്ള തിരുവമ്പാടി ഭഗവതിയുടെ എഴുന്നള്ളിപ്പ് നടക്കുന്നതിനിടെയാണ് സംഭവം. വൈദ്യുതിക്കമ്പി ആളുകള്‍ക്കിടയിലേക്ക് വീഴാഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. പലരും കൊമ്പിനടിയില്‍ പെട്ടു. ഏറെ സമയമെടുത്താണ് പലരെയും പുറത്തെടുത്തത്.

 

എഴുന്നള്ളിപ്പിനെത്തിയ നൂറോളം ആളുകള്‍ അവിടെയുണ്ടായിരുന്നു. പലരും ഒഴിഞ്ഞുമാറി രക്ഷപ്പെട്ടു. വാദ്യക്കാര്‍ക്ക് ഒഴിഞ്ഞുമാറാനായില്ല. കുട്ടംകുളങ്ങര അര്‍ജുനനാണ് തിടമ്പേറ്റിയിരുന്നത്. കുറച്ചു പിറകിലായിരുന്നതിനാല്‍ ആനയ്ക്ക് പരിക്കേറ്റില്ല. പാപ്പാന് ചെറിയ പരിക്കേറ്റു. തുടര്‍ന്ന് ആനയെ അവിടെനിന്ന് മാറ്റി. പരിക്കേറ്റവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

അപകടത്തെ തുടര്‍ന്ന് എഴുന്നള്ളിപ്പ് നിര്‍ത്തിവെച്ചു. മുക്കാല്‍ മണിക്കൂറിനുശേഷം എഴുന്നള്ളിപ്പ് പുനരാരംഭിച്ചു. അഗ്നിരക്ഷാസേന ഉടന്‍ എത്തിയാണ് കൊമ്പുകള്‍ മാറ്റിയത്.

spot_img

Related Articles

Latest news