വലൻസിയ വല കുലുക്കി ; ഇക്വഡോറിന് ജയം

ഫുട്‌ബോള്‍ ലോകത്തിന്റെ മനം മയക്കിയ വര്‍ണമനോഹരമായ ഉദ്ഘാടനച്ചടങ്ങിനു ശേഷം ഖത്തര്‍ ലോകകപ്പിന്റെ ഡോര്‍ കടന്നെത്തിയത് തോല്‍വിയിലേക്ക്. ക്യാപ്റ്റന്‍ എന്നാര്‍ വലന്‍സിയ നേടിയ രണ്ടു ഗോളില്‍ ആതിഥേയര്‍ ലാറ്റിനമേരിക്കന്‍ പ്രതിനിധികളായ ഇക്വഡോറിനോട് തോറ്റു.

ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ തോല്‍ക്കുന്ന ആദ്യ ആതിഥേയ ടീമായി ഖത്തര്‍. അവസാന നിമിഷം വരെ ലോകകപ്പ് പങ്കാളിത്തം അനിശ്ചിതത്വത്തിലായ ഇക്വഡോര്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തുകയായിരുന്നു.

ഗ്രൂപ്പ് എ-യില്‍ ഖത്തറിന് തോല്‍പിക്കാന്‍ സാധിക്കുമെന്നു കരുതിയ ടീമായിരുന്നു ഇക്വഡോര്‍. ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്ക് ഇനി നേരിടാനുള്ളത് യൂുറോപ്യന്‍ വമ്പന്മാരായ നെതര്‍ലാന്റ്‌സിനെയും ആഫ്രിക്കന്‍ ചാമ്പ്യന്മാരായ സെനഗാലിനെയുമാണ്.

വിരസമായ മത്സരത്തില്‍ ഖത്തര്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതിരുന്നത് രണ്ടാം പകുതിയില്‍ പൂര്‍ണമായും ഇറങ്ങിനിന്ന് പ്രതിരോധിച്ചതിനാലാണ്. മനസ്സില്‍ സൂക്ഷിക്കാവുന്ന ഒരു നീക്കം പോലും നടത്താന്‍ ഖത്തറിനായില്ല. രണ്ടു ഗോളുമടിച്ച വലന്‍സിയ 15 മിനിറ്റ് ശേഷിക്കെ പരിക്കേറ്റ് കളം വിട്ടതാണ് ഇക്വഡോറിന്റെ ഏക സങ്കടം.

സ്വന്തം കാണികള്‍ക്കു മുന്നിലുള്ള അരങ്ങേറ്റത്തിന്റെ എല്ലാ ചാഞ്ചല്യവും പ്രകടിപ്പിച്ച ഖത്തര്‍ ഏതു നിമിഷവും ഗോള്‍ വഴങ്ങുമെന്നു തോന്നി. മൂന്നാം മിനിറ്റില്‍ തന്നെ വലന്‍സിയ ഖത്തര്‍ വലയില്‍ പന്തെത്തിച്ചു. ഒരു ഫൗള്‍ കിക്ക് പിടിക്കാന്‍ ഖത്തര്‍ ഗോളി അനാവശ്യമായി മുന്നോട്ടുകയറിയതാണ് പിഴച്ചത്. എന്നാല്‍ രണ്ട് മിനിറ്റോളം വീഡിയൊ പരിശോധിച്ച ഇറ്റാലിയന്‍ റഫറി നേരിയ ഓഫ്‌സൈഡ് കണ്ടെത്തിയതോടെ ആതിഥേയര്‍ രക്ഷപ്പെട്ടു.

ആശ്വാസത്തിന് അധികം ആയുസ്സുണ്ടായില്ല. പതിനാറാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ക്യാപ്റ്റന്‍ ഇക്വഡോറിനെ മുന്നിലെത്തിച്ചു. ഡ്രിബ്ള്‍ ചെയ്തു മുന്നേറിയ വലന്‍സിയയെ ഗോളി സഅദ് അല്‍ഷീബ് വീഴ്ത്തിയതിനു ലഭിച്ച പെനാല്‍ട്ടി സ്‌ട്രൈക്കര്‍ തന്നെ ലക്ഷ്യത്തിലെത്തിച്ചു.

തുടര്‍ന്നും ഇക്വഡോര്‍ തന്നെ ആധിപത്യം പുലര്‍ത്തി. മുപ്പത്തൊന്നാം മിനിറ്റില്‍ ബോക്‌സില്‍ തീര്‍ത്തും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന വലന്‍സിയ ഹെഡറിലൂടെ പന്ത് വലയിലാക്കി. ഏഷ്യന്‍ ചാമ്പ്യന്മാരായ ഖത്തര്‍ മാസങ്ങള്‍ നീണ്ട ഒരുക്കത്തിന് ശേഷമാണ് ലോകകപ്പ് കളിച്ചത്. എന്നാല്‍ അതിന്റെ മേന്മയൊന്നും കളിയില്‍ കണ്ടില്ല. ഇക്വഡോര്‍ ഗോളിക്ക് പൂര്‍ണ വിശ്രമമായിരുന്നു. രണ്ടാം പകുതിയിലും ഇക്വഡോറിന്റെ ഹൈപ്രസിംഗ് ഗെയിമിനു മുന്നില്‍ ഖത്തര്‍ പ്രതിരോധം ഛിന്നഭിന്നമായി.

ഏഷ്യന്‍ കപ്പില്‍ ഒമ്പതു ഗോളടിച്ച് ടോപ്‌സ്‌കോററായ അല്‍മുഇസ് അലിയെയും അക്രം അഫീഫിനെയുമാണ് ഖത്തര്‍ കോച്ച് ഫെലിക്‌സ് സാഞ്ചസ് ആക്രമണത്തിന് നിയോഗിച്ചത്. എന്നാല്‍ അവര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. വലന്‍സിയക്കൊപ്പം പ്രീമിയര്‍ ലീഗ് താരം മോയ്‌സസ് സായ്‌സീദൊ ഇക്വഡോറിന്റെ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു.

spot_img

Related Articles

Latest news