അസംഘടിത തൊഴിലാളികളും ഇ.എസ്.ഐ. പരിധിയിലേക്ക്

ന്യൂഡൽഹി: അസംഘടിതമേഖലയിലെ തൊഴിലാളികളെ മുഴുവൻ ഇ.എസ്.ഐ. പരിധിയിൽ കൊണ്ടുവരാൻ ഇ.എസ്.ഐ. കോർപ്പറേഷൻ ബോർഡ് യോഗം തീരുമാനിച്ചു. കേന്ദ്ര തൊഴിൽ മന്ത്രി ഭൂപേന്ദ്ര യാദവിന്റെ അധ്യക്ഷതയിൽനടന്ന യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തിൽ ഒന്നരക്കോടി തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കും.

സാമൂഹികസുരക്ഷാ കോഡ് ബാധകമായിട്ടുള്ള എല്ലാ തൊഴിലാളികളെയും ഇ.എസ്.ഐ. പരിധിയിൽ കൊണ്ടുവരാൻ അടിസ്ഥാനസൗകര്യമൊരുക്കും. ആനുകൂല്യങ്ങളും വിഹിതവും സംബന്ധിച്ച്‌ വിശദമായ റിപ്പോർട്ടുതയ്യാറാക്കാൻ സമിതി രൂപവത്കരിക്കും. തൊഴിലാളികളെയെല്ലാം ആധാറുമായി ബന്ധിപ്പിക്കും.

തോട്ടംമേഖലയിൽ ഇ.എസ്.ഐ. ആനുകൂല്യം നടപ്പാക്കാനും യോഗം തീരുമാനിച്ചു. കോവിഡ് തൊഴിലില്ലായ്മാവേതനം അടുത്തവർഷം മാർച്ച്‌വരെ നീട്ടി. കോവിഡ് കാലത്തെ രോഗങ്ങൾക്കുള്ള ആനുകൂല്യം ലഭിക്കാനുള്ള 78 ദിവസത്തെ ജോലി 39 ദിവസമായി കുറച്ചുള്ള വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.

സംസ്ഥാനങ്ങളിൽ ഇ.എസ്.ഐ. കോർപ്പറേഷന്റെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാന തൊഴിൽമന്ത്രിമാരുടെ യോഗം വിളിക്കും. ആരോഗ്യപരിരക്ഷയിലെ പോരായ്മകൾ പരിഹരിക്കാനും മെഡിക്കൽ റീ ഇംപേഴ്‌സ്‌മെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും മുൻഗണനനൽകും. തൊഴിൽ സഹമന്ത്രി രാമേശ്വർ തെലിയും യോഗത്തിൽ പങ്കെടുത്തു.

രാജ്യത്ത് 50 കോടി തൊഴിലാളികളുണ്ടെന്നും ഇവരിൽ മഹാഭൂരിപക്ഷവും അസംഘടിതമേഖലയിലാണെന്നും ഇ.എസ്.ഐ. സ്റ്റാൻഡിങ് കമ്മിറ്റിയംഗവും ബി.എം.എസ്. ദേശീയ സെക്രട്ടറിയുമായ വി. രാധാകൃഷ്ണൻ പറഞ്ഞു.

കേരളത്തിൽ പുതുതായി ഏഴ് ഡിസ്പെൻസറികൾ

കേരളത്തിൽ ബാലുശ്ശേരി, താമരശ്ശേരി (കോഴിക്കോട്), വെഞ്ഞാറമ്മൂട് (തിരുവനന്തപുരം), റാന്നി (പത്തനംതിട്ട), കൂറ്റനാട്, ആലത്തൂർ (പാലക്കാട്), കൂത്താട്ടുകുളം (എറണാകുളം) എന്നിവിടങ്ങളിൽ പുതുതായി ഡിസ്പെൻസറികൾ തുടങ്ങും. കൊല്ലം ആശ്രാമം ഇ.എസ്.ഐ. കോർപ്പറേഷൻ മോഡൽ ആശുപത്രിയിൽ 300 കിടക്കകളാക്കി സൗകര്യം കൂട്ടാനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.

spot_img

Related Articles

Latest news