തലയില്ലാത്ത തെങ്ങിൽ കയറിയ പ്രവാസികൾ

By : റഊഫ് മേലത്ത്, കടലുണ്ടി*

തലയില്ലാത്ത തെങ്ങിൽ കയറിയതു പോലെ എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. സമാനമായ ഒരവസ്ഥയിൽ ആണിപ്പോൾ, അവധിക്ക് നാട്ടിൽ പോയ പ്രവാസികൾ. കേരള – കേന്ദ്ര സർക്കാരുകളിൽ നിന്നായി, വാക്‌സിനേഷന്റെ നാല് സർട്ടിഫിക്കറ്റുകൾ ലഭിച്ചിട്ടും ഒന്നും ഉപകാരപ്പെടാത്ത അവസ്ഥയിലാണ്.

എന്തിനാണ് നാല് സർട്ടിഫിക്കറ്റുകൾ എന്നത് തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ്. ലോകസഞ്ചാരത്തിനു വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് ഒരു അനിവാര്യ ഘടകമാണിന്ന്. അത്‌കൊണ്ട് തന്നെ ലോകത്തെല്ലായിടത്തും ആരോഗ്യമന്ത്രാലയങ്ങൾ, അനിവാര്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആവശ്യമായ സർട്ടിഫിക്കറ്റുകൾ നൽകുകയും ചെയ്തു വരുന്നുണ്ട്. എന്നാൽ ഇന്ത്യയിലെ കാര്യം വിചിത്രമാണ്. ആധാർ കാർഡ് രേഖയായി ഉപയോഗിച്ചു വാക്‌സിൻ എടുത്തവരുടെ സർട്ടിഫിക്കറ്റിൽ പാസ്‌പോർട്ട് നമ്പർ ഉണ്ടാവില്ല.

ഫൈനൽ ഡോസ് എടുത്തുകഴിഞ്ഞാൽ നൽകുന്ന സർട്ടിഫിക്കറ്റിൽ ആദ്യ ഡോസിന്റെ ബാച്ച് നമ്പറും തീയതിയും ഇല്ല. ആധാർ കാർഡ് നമ്പറിന്റെ കൂടെ പാസ്‌പോർട്ട് നമ്പർ കൂടെ ചേർക്കാൻ സംവിധനം ഒരുക്കിയിട്ടുണ്ടെങ്കിലും ഓരോ ഡോസിനും ഇപ്പോഴും വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ തന്നെയാണ് ലഭിക്കുന്നത്. ഇതിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കേരളാ സർക്കാർ സ്വന്തമായ രീതിയിൽ സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയത്. പക്ഷെ അതിന്റെയും അവസ്ഥ തഥൈവ.

കേന്ദ്ര സർക്കാരിന് വിരുദ്ധമായി, നൽകിയ മരുന്നുകളുടെ എല്ലാ വിവരങ്ങളും ഒരു സർട്ടിഫിക്കറ്റിൽ ഏകോപിപ്പിച്ചു നൽകാൻ നിയമ തടസങ്ങൾ ഉള്ളത് കൊണ്ടാണെന്ന് തോന്നുന്നു കേരളാ സർക്കാരും നൽകിയത് ഓരോ ഡോസിനും വ്യത്യസ്ത സർട്ടിഫിക്കറ്റുകൾ തന്നെയാണ്. അഥവാ ഒരു വാക്‌സിനേഷൻ പൂർത്തിയാക്കിയ വകുപ്പിൽ ഒരാൾക്ക് നാല് സർട്ടിഫിക്കറ്റുകൾ ലഭ്യമാകുന്നു.

സൗദിയിലേക്ക് ഏത് വിസയിൽ വരികയാണെങ്കിലും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ വഴി രജിസ്ട്രർ ചെയ്ത ശേഷമേ പ്രവേശനം അനുവദിക്കുകയുള്ളു. നിലവിൽ അഞ്ചു വിഭാഗമായാണ് യാത്രക്കാരെ തരം തിരിച്ചിരിക്കുന്നത്. വാക്സിൻ എടുക്കാതെ സന്ദർശന വിസയിൽ വരുന്നവർ, വാക്സിൻ എടുക്കാത്ത താമസക്കാരൻ, വാക്സിൻ എടുത്തശേഷം സന്ദർശന വിസയിൽ വരുന്നവർ, വാക്സിൻ എടുത്ത താമസക്കാരൻ, സ്വദേശിയോടൊപ്പം യാത്രചെയ്യുന്ന ഗാർഹിക തൊഴിലാളികൾ എന്നിവരാണ് ആ വിഭാഗങ്ങൾ. ഇതിൽ വാക്സിൻ എടുക്കാത്ത ഇരു വിഭാഗത്തിലും പെട്ട യാത്രക്കാർക്ക് കൂടുതൽ സങ്കീർണ്ണതകൾ ഒന്നുമില്ലാതെ കയറിവരാം. സാമ്പത്തിക ബാധ്യത അൽപ്പം കൂടുമെന്ന് മാത്രം. അംഗീകാരമുള്ള ഏതെങ്കിലും ഹോട്ടലുകളിൽ ബുക്കിങ് നടത്തിയതിന്റെ രേഖയും പരമാവധി എഴുപത്തി രണ്ടു മണിക്കൂർ മുമ്പ് വരെ എടുത്ത പി സി ആർ നെഗറ്റീവ് റിസൾട്ടും ഉണ്ടെങ്കിൽ പ്രവേശനം അനുവദിക്കും.

മേൽപറഞ്ഞ ഉപാധികൾ കൂടാതെ, തൊഴിൽ ഉടമയും കൂടെ ഉണ്ടായിരിക്കണം എന്നതാണ് ഗാർഹിക തൊഴിലാളികൾക്കുള്ള ഉപാധികൾ. വാക്സിൻ എടുത്ത സന്ദർശന വിസയിൽ വരുന്നവർ, സൗദി അറേബ്യയിൽ അംഗീകരിച്ച വാക്സിൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് അതാത് രാജ്യത്തെ ആരോഗ്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ ചെയ്ത സർട്ടിഫിക്കറ്റും പി സി ആർ ടെസ്റ്റ് റിപ്പോർട്ടും പോർട്ടലിൽ അപ്ലോഡ് ചെയ്താൽ പ്രവേശനം അനുവദിക്കും. സൗദിയിലേക്ക് വിമാനം കയറുന്നതിന് മുമ്പ് തവക്കൽന ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തിരിക്കണം.

സൗദി താമസ വിസയിൽ ഉള്ളവരും വാക്സിൻ എടുത്തവരുമായ അവധിക്ക് നാട്ടിൽ പോയ ചിലർക്കാണ് പ്രവേശനത്തിനായി ഞാണിന്മേൽ കളി നടത്തേണ്ടി വരുന്നത്. ഇതിൽ, സൗദിയിൽ വാക്‌സിനേഷൻ രണ്ടു ഡോസുകളും എടുത്തവർ, സൗദിയിൽ ഒരു ഡോസ് എടുക്കുകയും കോവിഡ് പോസിറ്റീവ് ആവുകയും ചെയ്തവർ, സൗദിയിൽ ആദ്യ ഡോസ് എടുത്ത് ആറുമാസം തികയാത്തവർ, സൗദിയിൽ വെച്ച് പോസിറ്റീവ് ആയി ആറുമാസം ആകാത്തവർ തുടങ്ങിയവർക്കും പ്രയാസങ്ങൾ ഒന്നുമില്ലാതെ കടന്നുവരാം. ഇവരുടെ തവക്കൽനാ സ്റ്റാറ്റസ് ഇമ്യൂൺ ആയിരിക്കും എന്നതാണ് സഹായകമാവുന്നത്.

നാട്ടിൽ നിന്ന് ഇരു ഡോസുകളും സ്വീകരിച്ചവർക്കാണ് പ്രവേശനം സങ്കീർണമാകുന്നത്. ഈ ഗണത്തിൽ പെട്ടവർക്ക് പ്രവേശനാനുമതി ലഭിക്കണമെങ്കിൽ, സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആദ്യം വാങ്ങി, തവക്കൽനയിൽ ഇമ്യുൺ സ്റ്റാറ്റസ് വരുത്തണം. ഇതിനായി ഇന്ത്യയിൽ നിന്ന് വാക്സിൻ ചെയ്തതിന്റെ രേഖകളും പാസ്‌പോർട്ട് കോപ്പിയും അവരുടെ വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം.

അപ്‌ലോഡ് ചെയ്യുന്ന സർട്ടിഫിക്കറ്റുകൾ ഏതെങ്കിലും മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷൻ നടത്തണമെന്ന് , അപേക്ഷ സമർപ്പിക്കുന്ന സമയത്തോ മറ്റോ പറയുന്നില്ലെങ്കിലും, വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇന്ത്യയിലെ സൗദി എംബസി നിയമാനുസാരമാക്കിയതിന് തെളിവില്ലെന്ന് പറഞ്ഞു പല അപേക്ഷകളും നിരസിക്കുന്നുണ്ട്.

ഇവിടെയാണ് ഇന്ത്യയിൽനിന്ന് ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ വില്ലനാകുന്നത്. ഇംഗ്ലീഷിലുള്ള സർട്ടിഫിക്കറ്റ് അംഗീകൃത സെന്ററുകളിൽ നിന്ന് അറബിയിലേക്ക് തർജമ ചെയ്ത് ഏതെങ്കിലും നോട്ടറിയും ഇന്ത്യൻ ആഭ്യന്തര മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയതിന് ശേഷമേ സൗദി എംബസി സാക്ഷ്യപ്പെടുത്തുകയുള്ളു. ഒരു പേജിന് 4500 മുതൽ 7000 രൂപവരെയാണ് ഇതിനു ചെലവ് വരുന്നത്. ചുരുങ്ങിയത് ഒരാഴ്ച സമയമെങ്കിലും എടുക്കും. സാമ്പത്തിക നേട്ടം ലക്ഷ്യമാക്കി പലരും അന്തിമ സർട്ടിഫിക്കറ്റ് (രണ്ടാം ഡോസിന്റെ) ആണ് അറ്റസ്റ്റ് ചെയ്യുന്നത്. എന്നാൽ ഇത് മാത്രം അപ്‌ലോഡ് ചെയ്തപ്പോൾ വാക്‌സിനേഷൻ പൂർണ്ണമായില്ല എന്ന കാരണം കാണിച്ചു അപേക്ഷ നിരസിക്കുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. എടുത്ത രണ്ടു വാക്സിനുകളുടെയും പേര് ബാച്ച് നമ്പർ , തിയതി, പാസ്‌പോർട്ട് നമ്പർ തുടങ്ങി അന്താരാഷ്ട്ര യാത്രകൾക്ക് ആവശ്യമായ പൂർണവിവരങ്ങൾ ഉൾക്കൊള്ളിച്ചു ഒറ്റ സർട്ടിഫിക്കറ്റ് ആയി നൽകിയാൽ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമാകുമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. ഇതിനെ ശരിവെക്കുന്നതാണ് അനുഭവസ്ഥർ പങ്കവെക്കുന്ന ദുരിതകഥകൾ.

തുടക്കത്തിൽ, അറ്റസ്റ്റ് ചെയ്യാത്ത സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്തിട്ടും അനുമതി ലഭിച്ചിരുന്നു. എന്നാൽ ദിവസങ്ങൾ കഴിയുംതോറും വിവിധ പഴുതുകൾ അടച്ചു, നിയമ വ്യവസ്ഥ കർക്കശമാക്കുന്നതായാണ് സൗദിയിൽ കണ്ടുവരുന്നത്. ആരോഗ്യ മന്ത്രാലയത്തിന്റെ വെബ് പേജിൽ നൽകുന്ന അപേക്ഷയുടെ നില അറിയിക്കുന്നതിന് കാര്യമായ സംവിധാനങ്ങൾ ഒന്നുമില്ലായിരുന്നു. നിലവിൽ അപേക്ഷ നിരസിച്ചാൽ അതിന്റെ അറിയിപ്പ് പലർക്കും അയച്ചു തുടങ്ങിയിട്ടുണ്ട്. ഒരാൾക്ക് എത്ര തവണ വേണമെങ്കിലും അപേക്ഷ സമർപ്പിക്കാമെന്നതിൽനിന്ന് മാറി , ഇപ്പോൾ പരമാവധി മൂന്ന് തവണ മാത്രമേ ഒരാൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുകയുള്ളു. ആദ്യ ഡോസും രണ്ടാമത് ഡോസും തമ്മിൽ ചുരുങ്ങിയത് ഇരുപത്തി എട്ട് ദിവസത്തെ ഇടവേള എങ്കിലും വേണം എന്ന നിർബന്ധവുമുണ്ട്.

മറ്റു രാജ്യങ്ങളിൽ ഉള്ളവർക്കൊന്നും ഇത്രമാത്രം പ്രയാസങ്ങൾ ഉള്ളതായി അറിവില്ല. ഇന്ത്യയിലെ വാക്‌സിനേഷൻ സംവിധാനത്തിൽ കണ്ടുവരുന്ന ചില വിട്ടുവീഴ്ചകൾ ശ്രദ്ധയിൽ പെട്ടതിനാൽ ഇന്ത്യയുടെ കാര്യത്തിൽ, ഇവിടെ അമിത ശ്രദ്ധ പുലർത്തുന്നുണ്ടോ എന്ന് സംശയിക്കുന്നതായി പലരും അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. വിമാന സർവീസ് ആരംഭിക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടക്കുന്നു എന്ന വാർത്തകൾ ഇടയ്ക്കിടെ കാണാമെന്നല്ലാതെ കാര്യമായ പുരോഗതി ഒന്നും പ്രവാസികളുടെ തിരിച്ചു വരവിന്റെ കാര്യത്തിൽ കാണുന്നില്ല. ഒരു രാജ്യത്തിന്റെ ആഭ്യന്തര തീരുമാനങ്ങളിൽ ഇടപെടുന്നതിന് പരിമിതി ഉണ്ടെങ്കിലും, വിഷയങ്ങൾ ബന്ധപ്പെട്ടവരെ ബോധ്യപ്പെടുത്തി അനുകൂലമായ സാഹചര്യങ്ങൾ ഒരുക്കാൻ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഗൗരമായ നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഏറ്റവും ചുരുങ്ങിയത് പ്രയാസങ്ങളില്ലാതെ കടന്ന് വരുവാൻ എന്തെല്ലാം നടപടികൾ ആണ് സ്വീകരിക്കേണ്ടത് എന്നതിൽ ഒരു വ്യക്തത വരുത്താൻ എങ്കിലും കഴിയണം.

ദുരിതക്കയത്തിൽ മുങ്ങി താണുകൊണ്ടിരിക്കുന്ന, പ്രതീക്ഷയറ്റ പ്രവാസി ഇതിനൊന്നും കാത്ത് നിൽക്കാതെ സാധ്യമായ എല്ലാ മാർഗങ്ങളും തേടുകയാണ്. വാക്സിനേഷൻ എടുത്തിട്ടും, എടുക്കാത്ത താമസക്കാരുടെ വിഭാഗത്തിൽ രജിസ്ട്രർ ചെയ്ത് കയറിവരുകയാണ് പലരും. താത്കാലിക ആശ്വാസമെന്ന രീതിയിൽ കാണാമെങ്കിലും , ഇവിടെ എത്തിയാലുടൻ ആവശ്യമായ രേഖകൾ സമർപ്പിച്ചു അനുമതി വാങ്ങുവാൻ ശ്രദ്ധിക്കണം. ആഗസ്റ്റ് മുതൽ പല തൊഴിലിടങ്ങളിലും മാളുകളിലും തവക്കൽന ആപ്പിൽ ഇമ്യുൺ സ്റ്റാറ്റസ് ആയിരിക്കണം എന്ന് നിർബന്ധമാക്കുകയാണ്. ഇതിനു കഴിഞ്ഞില്ലെങ്കിൽ, രണ്ടു അധികഡോസ് കൂടെ എടുത്താൽ മാത്രമേ രക്ഷപ്പെടുകയുള്ളു.

തവക്കൽനാ ആപ്പ് ആണ് തിരിച്ചു വരവിന്റെ അടിസ്ഥാനം. നാട്ടിൽനിന്ന് പുറപ്പെടും മുമ്പേ, അതിൽ ഇമ്യുൺ സ്റ്റാറ്റസ് വരുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു മാത്രം പുറപ്പെടുക. അന്നം തരുന്ന നാടാണ്. സ്വന്തം നാടിനേക്കാൾ നന്നായി, ജാഗ്രതാപൂർവം അവർ നോക്കുന്നുണ്ട്. എങ്കിലും അവർക്ക് സ്വന്തം പൗരന്മാർ ആണല്ലോ പ്രധാന പരിഗണന. മറ്റേതെങ്കിലും രാജ്യത്ത് എത്തി അവിടെ നിന്ന് എല്ലാം ശരിയാക്കി ഇങ്ങോട്ട് എത്താമെന്ന് കരുതി, ഒന്നും നടന്നില്ലെങ്കിൽ വെറുതെ ഈ നാടിന്റെ ആരോഗ്യ സുരക്ഷാ സംവിധാനത്തെക്കുറിച്ച് പരാതി പറഞ്ഞിട്ട് കാര്യമില്ല.

 

* സ്വതന്ത്ര പത്രപ്രവർത്തകനും എഴുത്തുകാരനുമായ ലേഖകൻ കടലുണ്ടി സ്വദേശിയാണ്. സൗദി അറേബ്യയിലെ ജുബൈലിൽ ജോലി ചെയ്യുന്നു

spot_img

Related Articles

Latest news