കർഷകർ ട്രാക്ടറുമായി ഒരുങ്ങിയിരിക്കൂ-ടികായത്

ന്യൂദൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കേന്ദ്ര സർക്കാരിനെതിരേയുള്ള പ്രക്ഷോഭം ശക്തമാക്കൊനൊരുങ്ങി കർഷകർ. കർഷകരോട് ട്രാക്ടകറുകളുമായി തയാറായിരിക്കാൻ ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടികായത് ആഹ്വാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സമരമുറകൾ കൂടുതൽ കടുപ്പിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ചത്. കർഷകരുമായി ഒരു വിധത്തിലുള്ള ചർച്ചകൾക്കും തയാറാകാത്ത കേന്ദ്ര സർക്കാരിനെ ഒരു പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും ടികായത് താക്കീത് നൽകി.

കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഈ സർക്കാർ തയാറാകുന്നില്ല. ഇവർക്ക് നല്ല ചികിത്സ തന്നെ വേണം. നിങ്ങളുടെ ട്രാക്ടകളുമായി തയാറായിരിക്കൂ. ഒന്നുകില്‍ കര്‍ഷകര്‍, അല്ലെങ്കില്‍ സര്‍ക്കാര്‍. നമ്മുടെ ഭൂമി സംരക്ഷിക്കാൻ വേണ്ടിയുള്ള പ്രക്ഷോഭം കൂടുതൽ ശക്തിപ്പെടുത്താൻ പോകുകയാണെന്നാണ് ടികായത് പറഞ്ഞത്.
പ്രതിഷേധ സ്ഥലങ്ങളിൽ നിന്നു കർഷകർ സ്വമേധയാ മടങ്ങുമെന്ന തെറ്റിദ്ധാരണയാണ് കേന്ദ്ര സർക്കാർ വെച്ചു പുലർത്തുന്നതെന്ന് രാകേഷ് ടികായത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒന്നുകിൽ കർഷകരോ പൊതുജനങ്ങളോ അല്ലെങ്കിൽ ഈ സർക്കാരോ ഉണ്ടാകും. അന്നദാതാക്കളുടെ ശബ്ദത്തെ കള്ളക്കേസുകൾ കൊണ്ട് അടിച്ചമർത്താമെന്നു കരുതേണ്ടെന്നും ടികായത് മുന്നറിയിപ്പു നൽകി.
വിവാദ കാർഷിക നിയമങ്ങൾക്കെതിരേ കഴിഞ്ഞ വർഷം നവംബറിൽ ആരംഭിച്ച കർഷക സമരം ഡൽഹി അതിർത്തികളിൽ ഇപ്പോഴും തുടരുകയാണ്. കോവിഡ് പ്രതിസന്ധികൾക്കിടയിലും ഡൽഹിയിലെ കടുത്ത ശൈത്യത്തെയും പിന്നാലെയെത്തിയ കൊടുംവേനലിനെയും മറികടന്നാണ് കർഷകർ സമരവുമായി മുന്നോട്ടു പോകുന്നത്. നിയമങ്ങൾ പിൻവലിക്കാതെ സന്ധിയില്ലെന്ന് നിലപാടിൽ കർഷകർ ഉറച്ചു നിൽക്കുമ്പോൾ നിയമങ്ങൾ പിൻവലിക്കുന്ന പ്രശ്‌നമില്ലെന്നാണ് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവർത്തിച്ചു വ്യക്തമാക്കിയത്.
പാസാക്കിയ നിയമങ്ങൾ പിൻവലിക്കുന്നത് ഒഴികെ മറ്റു വിഷയങ്ങളിൽ കർഷകരുമായി ചർച്ച നടത്താമെന്നാണ് കൃഷിമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതെങ്കിലും കർഷക സംഘടനകൾ നിയമത്തിലെ വ്യവസ്ഥകളെക്കുറിച്ചു ചർച്ച ചെയ്യാൻ വന്നാൽ അർധരാത്രി ആയാൽ പോലും താൻ തയാറാണെന്നും മന്ത്രി ട്വിറ്ററിൽ വ്യക്തമാക്കി.
നാൽപതിലേറെ കർഷക സംഘടനകളുടെ നേതൃത്തിൽ ദൽഹി അതിർത്തികളിൽ നടക്കുന്ന കർഷക സമരം ജൂൺ 26ന് ഏഴു മാസം പൂർത്തിയാകും. കർഷക നേതാവായിരുന്ന സ്വാമി സഹജാനന്ദിന്റെ ജൻമദിനം കൂടിയായ ജൂൺ 26ന് സമര മുറകൾ കൂടുതൽ കടുപ്പിക്കാനുള്ള ഒരുക്കത്തിലാണ് കർഷകർ.
കാർഷിക നിയമങ്ങളെ ചൊല്ലി കർഷകരും കേന്ദ്ര സർക്കാരും തമ്മിൽ നടത്തിയ പതിനൊന്നു ചർച്ചകളും തീരുമാനത്തിൽ എത്താതെ പിരിയുകയായിരുന്നു. ജനുവരി 22നാണ് അവസാനവട്ട ചർച്ച നടന്നത്. ജനുവരി 26നു നടന്ന കർഷകരുടെ ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചതോടെ തുടർ ചർച്ചകൾ നിലയ്ക്കുകയായിരുന്നു. അതിനിടെ, കേന്ദ്ര സർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങളും നടപ്പാക്കുന്നത് സുപ്രീംകോടതി നീട്ടി വെക്കുകയും പ്രശ്‌നപരിഹാരത്തിന് നാലംഗ സമിതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

spot_img

Related Articles

Latest news