ഫറോക്ക്‌ ടിപ്പുകോട്ട പരിശോധനയ്ക്ക് കേന്ദ്ര പുരാവസ്തു സംഘം എത്തി

ചരിത്രസ്മാരകങ്ങളായ ടിപ്പുക്കോട്ടയുടെയും ജർമൻ ബംഗ്ലാവിന്റെയും സംരക്ഷണ സാധ്യത പരിശോധിക്കാൻ കേന്ദ്ര പുരാവസ്തു സംഘം സന്ദർശിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഡപ്യൂട്ടി സൂപ്രണ്ടിങ് ആർക്കിയോളജിക്കൽ എൻജിനീയർ കെ.ജെ.ലൂക്ക, കൺസർവേഷൻ അസിസ്റ്റന്റ് പി.ഋഷികേഷ് എന്നിവരുടെ നേതൃത്വത്തിലാണ് ചരിത്ര സ്മാരകങ്ങൾ സന്ദർശിച്ചത്.

ടിപ്പുക്കോട്ടയും ജർമൻ ബംഗ്ലാവും ഏറ്റെടുത്തുസംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫറോക്ക് മോമെന്റ് ഡവലപ്മെന്റ് കൗൺസിൽ നൽകിയ നിവേദനം പരിഗണിച്ച് എംപിമാരായ എം .കെ.രാഘവൻ, വി. കെ. ശ്രീകണ്ഠൻ എന്നിവർ ലോക്സഭയിൽ വിഷയം അവതരിപ്പിച്ചിരുന്നു.

ഇതുപ്രകാരമാണ് സാധ്യത പരിശോധിച്ചു റിപ്പോർട്ട് തയാറാക്കാൻ കേന്ദ്ര പുരാവസ്തു വകുപ്പ് തൃശൂർ സർക്കിൾ ഉദ്യോഗസ്ഥർ എത്തിയത്.കോമൺവെൽത്ത് ഓട്ടുകമ്പനിയോടു ചേർന്നുള്ള ജർമൻ ബംഗ്ലാവും ടിപ്പുക്കോട്ടയും വിശദമായി പരിശോധിച്ച സംഘം നിലവിലെ അവസ്ഥയും മറ്റു വിവരങ്ങളും ശേഖരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ജർമൻ ബംഗ്ലാവ് സംരക്ഷിത സ്മാരകമായി സംസ്ഥാന സർക്കാർ പ്രഖ്യാപിക്കാത്തതിനാൽ ഇതേ രീതിയിൽ നിലനിർത്തി സംരക്ഷിക്കാനാകും എന്നാണു പ്രാഥമിക വിലയിരുത്തൽ.

ടിപ്പുക്കോട്ട സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചതിനാൽ ഏറ്റെടുത്തു സംരക്ഷിക്കുന്നതിന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയ്ക്കു പരിമിതിയുണ്ട്. സംസ്ഥാന സർക്കാർ സംരക്ഷിത സ്മാരക പട്ടികയിൽ നിന്ന് ഒഴിവാക്കിയാൽ മാത്രമേ കേന്ദ്ര പുരാവസ്തു വകുപ്പിനു സംരക്ഷണ നടപടികൾ സ്വീകരിക്കാനാകൂ.

ജർമൻ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ 1905ൽ ചാലിയാർ തീരത്ത് സ്ഥാപിച്ച കോമൺ വെൽത്ത് കമ്പനിക്കു സമീപത്താണ് ഓടിട്ട മേൽക്കൂരയുള്ള ഇരുനില ബംഗ്ലാവ്. ജർമൻ വാസ്തുശിൽപ മാതൃകയിൽ ചെങ്കല്ല്, ഹുരുഡീസ്, തറയോട്, മരം എന്നിവ ഉപയോഗിച്ചാണ് അതിമനോഹരമായ കെട്ടിടം നിർമിച്ചത്.

കമ്പനിക്ക് അഭിമുഖമായി കിഴക്കു ഭാഗത്താണ് ബംഗ്ലാവിലേക്കുള്ള പ്രവേശനകവാടം വിശാലമായ മുറികളും വലിയ വാതിലുകളും ജനാലകളും പ്രത്യേകതയാണ്. കാലപ്പഴക്കവും പരിചരണം ഇല്ലായ്മയും കാരണം ചരിത്രസ്മാരകം ഇപ്പോൾ നാശോന്മുഖമാണ്. മുൻഭാഗത്തെ കവാടത്തിലെ മേൽക്കൂര പൂർണമായും തകർന്നു. മുകളിലേക്കുള്ള കോണിപ്പടികളും വാതിലുകളും ജനലുകളും നശിച്ച ബംഗ്ലാവ് ജീർണാവസ്ഥയിലാണ്.

ഫറോക്ക് ടിപ്പുക്കോട്ട സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാന പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ കോട്ട പ്രദേശത്ത് 21നു ഉത്ഖനന നടപടികൾ തുടങ്ങും. ഇതു സംബന്ധിച്ചു നഗരസഭയ്ക്കും വില്ലേജ് ഓഫിസർക്കും അധികൃതർ കത്തു നൽകി. ഉത്ഖനനം നടത്താൻ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ ലൈസൻസ് ലഭിച്ചതോടെയാണ് നടപടി.

കോട്ടയിലെ അവശേഷിപ്പുകളുടെ സംരക്ഷണത്തിനും ഉത്ഖനന സാധ്യത പരിശോധിക്കാനുമുള്ള കോടതി ഉത്തരവ് പ്രകാരം 2020 ഒക്ടോബറിൽ പുരാവസ്തു വകുപ്പ് നേതൃത്വത്തിൽ പ്രാഥമിക പര്യവേക്ഷണവും ഉപരിതല സർവേയും നടത്തിയിരുന്നു.

അന്നു ജിപിആർ ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ) ഉപയോഗിച്ചു നടത്തിയ പരിശോധനയിൽ കോട്ടപ്രദേശത്ത് പുരാവസ്തുക്കളുടെ സാന്നിധ്യമുള്ള 315 സ്ഥാനങ്ങൾ കണ്ടെത്തിയിരുന്നു.

താൽക്കാലിക അടയാളങ്ങൾ സ്ഥാപിച്ച ഇവിടങ്ങളിൽ മണ്ണു നീക്കി വിശദമായ പരിശോധന നടത്താനാണ് പദ്ധതി.1991 നവംബർ ആറിനാണു ഫറോക്കിലെ കോട്ടയും ഇതോടനുബന്ധിച്ചുള്ള 7.74 ഏക്കർ ഭൂമിയും സംരക്ഷിത സ്മാരകമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ടിപ്പുവിന്റെ പടയോട്ട കാലത്തിന്റെ ശേഷിപ്പായ ചെങ്കൽ പടികളോടു കൂടിയ ഭീമൻ കിണർ, നാണയ കമ്മട്ടം, ചെറിയ ഗുഹകൾ, കൊത്തളങ്ങൾ, കോട്ട മതിലുകൾ, കിടങ്ങ്, ചെറു കിണറുകൾ തുടങ്ങിയ പുരാവശിഷ്ടങ്ങളാണ് കോട്ടയിൽ ശേഷിക്കുന്നത്.

spot_img

Related Articles

Latest news