കൊച്ചി: 2025-ലെ 49-ാമത് കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ ഏറ്റുവാങ്ങി ‘വാലപ്പൻ ക്രീയേഷൻസ്’. ഒക്ടോബർ 2-ന് കൊച്ചി ഐ.എം.എ. (IMA) ഹാളിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ, വാലപ്പൻ ക്രീയേഷൻസിന്റെ ബാനറിൽ ഷാജു വാലപ്പൻ നിർമ്മിച്ച ‘നിഴൽവ്യാപാരികൾ’, ‘സ്വാലിഹ്’ എന്നീ ചിത്രങ്ങളാണ് പുരസ്കാരങ്ങൾ കരസ്ഥമാക്കിയത്.
‘നിഴൽ വ്യാപാരികൾ’ എന്ന ചിത്രത്തിലൂടെ ഷാജു വാലപ്പൻ മികച്ച നവാഗത സംവിധായകനുള്ള അവാർഡ് ഏറ്റുവാങ്ങി. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമയ്ക്കുള്ള പുരസ്കാരം ‘സ്വാലിഹ്’ എന്ന ചിത്രത്തിലൂടെ നിർമ്മാതാവ് ഷാജു വാലപ്പനും സംവിധായകൻ സിദ്ധിഖ് പറവൂരും ചേർന്ന് സ്വീകരിച്ചു.
സാംസ്കാരിക-സിനിമാ വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് പുരസ്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, പ്രശസ്ത സംവിധായകൻ പ്രിയദർശൻ, ഗായകൻ എം.ജി. ശ്രീകുമാർ, താരങ്ങളായ ഹണി റോസ്, അനശ്വര രാജൻ, ഇന്ദ്രൻസ്, കേരള സ്റ്റേറ്റ് ഫിലിം ക്രിട്ടിക്സ് അസോസിയേഷൻ പ്രസിഡന്റ് ഡോ. ജോർജ് ഓണക്കൂർ, ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫ് തുടങ്ങിയ സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

