മലപ്പുറം: തവനൂരില്‍ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നതോടെ കെ ടി ജലീല്‍-ഫിറോസ് കുന്നംപറമ്പില്‍ പോരാട്ടത്തിന് തീ പിടിക്കുന്നു. ആരുടെ സൗജന്യം പറ്റിയും താന്‍ വീടും കാറും വാങ്ങിച്ചില്ലെന്നും തൻ്റെ പേരില്‍ ആരുടെ മുന്നിലും വോട്ടര്‍മാര്‍ക്കു തലകുനിക്കേണ്ട അവസ്ഥയുണ്ടാകില്ലെന്നും മന്ത്രി ജലീല്‍ പറഞ്ഞു. എന്തൊക്കെ കള്ളപ്രചാരണങ്ങളാണ് തനിക്കെതിരെ നടന്നത്. മൂന്നു ദേശീയ അന്വേഷണ ഏജന്‍സികള്‍ തൻ്റെ തലക്കുമുകളില്‍ ബൈനോക്കുലര്‍വെച്ചു പരിശോധിച്ചു. എന്നിട്ട് അവസാനം എന്തായി. നിങ്ങളുടെ ജനപ്രതിനിധിയുടെ ഒരുരോമത്തില്‍ തൊടാന്‍ കഴിഞ്ഞോ, സത്യം തെളിഞ്ഞില്ലേയെന്നും ജലീല്‍ ചോദിച്ചു.
ആളുകളുടെ കയ്യില്‍ നിന്നും പണപ്പിരിവ് നടത്തി കൊട്ടാര സമാനമായ വീടുണ്ടാക്കിയെന്ന് നിങ്ങള്‍ക്കു തന്നെ കുറിച്ചു കേള്‍ക്കേണ്ടിവരില്ല. ആളുകളുടെ സൗജന്യം പറ്റി കാറുവാങ്ങിയെന്ന് നിങ്ങള്‍ക്ക് തന്നെ കുറിച്ചു കേള്‍ക്കേണ്ടിവരില്ല. നിങ്ങള്‍ തൻ്റെ വീട്ടില്‍ വന്നവരാണ്. ഒരാളുടെ വീട്ടില്‍ പോയി നോക്കിയായാല്‍ കാര്യങ്ങള്‍ മനസിലാകും. ഒരു തരി പൊന്നില്ലാത്ത വീട്ടില്‍ നിന്നും വരുന്നയാളാണെന്നും കെ ടി ജലീല്‍ പറഞ്ഞു. തവനൂരില്‍ സ്ഥാനാര്‍ഥിയായി വന്ന ചാരിറ്റി പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിനെതിരെയായിരുന്നു ജലീലിൻ്റെ പ്രസംഗം.
ശക്തമായ പോരാട്ടമാണ് തവനൂരില്‍ ഇത്തവണ നടക്കുന്നത്. താന്‍ 110 ശതമാനം ജയിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്.
അതേ സമയം, ഊരിപ്പിടിച്ച വാളിന്‍റെ നടുവിലൂടെ നടന്നു നീങ്ങിയിട്ടില്ലെങ്കിലും ഒരു ജനപ്രതിനിധി ആകാനുള്ള യോഗ്യത തനിക്കുണ്ടെന്ന് ഫിറോസ് പറഞ്ഞു. സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഫിറോസിനെതിരെ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ പഴയ പ്രസംഗത്തെ പരിഹസിച്ച് കൊണ്ടാണ് ഫിറോസ് ഇതിന് മറുപടി നൽകിയിരിക്കുന്നത്.
‘ചാരിറ്റിക്കാരൻ എന്തിനാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്. അവരോട് എനിക്ക് ചോദിക്കാനുള്ളത് ഒറ്റ ചോദ്യമാണ്. ഒരു മനുഷ്യന് ജനപ്രതിനിധിയാകാനുള്ള യോഗ്യത എന്താണ്. ഞാൻ മനസിലാക്കുന്നത് അസുഖം ബാധിച്ച് ബുദ്ധിമുട്ടുന്നവരെ, ഭക്ഷണം ഇല്ലാതെ പട്ടിണി കിടക്കുന്നവരെ, വീടില്ലാത്തവരെ… അങ്ങനെയുള്ളവരുടെ അടുത്ത് ചെന്ന് അവരെ ആശ്വസിപ്പിക്കാൻ കഴിയുന്നവൻ ആകണം പൊതുപ്രവർത്തകൻ.
ഫിറോസിന്‍റെ വാക്കുകളെ വലിയ കയ്യടിയോടെയാണ് കൂടിനിന്നവര്‍ സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പ്രഖ്യാപിക്കാന്‍ ബാക്കിവെച്ച ഏഴ് സീറ്റുകളിലെ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചപ്പോഴാണ് ഫിറോസിനെ കുന്നംപറമ്പിലിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സന്നദ്ധ പ്രവര്‍ത്തന രംഗത്ത് സജീവമായ ഫിറോസ് കുന്നംപറമ്പില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ആ ഘടകം മുതല്‍ക്കൂട്ടാകും എന്ന് തന്നെയാണ് യു.ഡി.എഫ് കരുതുന്നത്.
തവനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥി രമേശ് കോട്ടയപ്പുറത്ത് മണ്ഡല പര്യടനം ആരംഭിച്ചു. വൈകിട്ട് നാലു മണിയോടെ നടുവട്ടം കാലടിത്തറയിലെ എന്‍ഡിഎ തവനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയ അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷമാണ് പര്യടനത്തിന് ഇറങ്ങിയത്. ഇടത്, വലത് രാഷ്ട്രീയത്തിൻ്റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. നരേന്ദ്രമോദിയുടെ വികസന കാഴ്ച്ചപ്പാടുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ വിജയത്തിലൂടെയെ സാധിക്കൂവെന്നും ഇത്തവണ തവനൂര്‍ മണ്ഡലം എന്‍ഡിഎക്ക് വലിയ വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലടിത്തറയിലെ എന്‍ഡിഎ തവനൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും ആരംഭിച്ച പര്യടനം നടുവട്ടത്ത് സമാപിച്ചു.