ഹോങ്കോംഗിലെ പ്രശസ്തമായ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് കടലിൽ മുങ്ങി

ഈ റെസ്‌റ്റോറന്റ് ഹോങ്കോംഗ് സന്ദര്‍ശിക്കുന്ന പ്രമുഖരുടെ പ്രിയപ്പെട്ട ഭക്ഷണശാലയായിരുന്നു. ജെയിംസ് ബോണ്ട് സിനിമയിലടക്കം ഈ റെസ്‌റ്റോറന്റ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

അര നൂറ്റാണ്ടു കാലത്തിനുള്ളില്‍ ലക്ഷക്കണക്കിനാളുകള്‍ ഭക്ഷണം കഴിച്ച ഹോങ്കോംഗിലെ പ്രശസ്തമായ ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റ് മുങ്ങിപ്പോയി. വെള്ളത്തിനു മുകളില്‍ പൊങ്ങികിടക്കുന്ന ദ ജംബോ റസ്‌റ്റോറന്റ് ആണ് കടലില്‍ മുങ്ങിപ്പോയത്. ഈ റെസ്‌റ്റോറന്റ് ഹോങ്കോംഗ് സന്ദര്‍ശിക്കുന്ന പ്രമുഖരുടെ പ്രിയപ്പെട്ട ഭക്ഷണശാലയായിരുന്നു. ജെയിംസ് ബോണ്ട് സിനിമയിലടക്കം ഈ റെസ്‌റ്റോറന്റ് ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.

ഹോങ്കോംഗ് നഗരത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ മുഖ്യആകര്‍ഷണമായിരുന്നു ഈ ഹോട്ടല്‍, മൂന്ന് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ നാലഞ്ച് വലിയ ബോട്ടുകള്‍ കൂടിച്ചേര്‍ന്നതായിരുന്നു. കൊവിഡിനെ തുടര്‍ന്ന് വിനോദ സഞ്ചാരികളുടെ വരവ് നിലച്ചതോടെ റസ്‌റ്റോറന്റ് സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.

തുടര്‍ന്ന് 2020 മാര്‍ച്ചില്‍ റെസ്‌റ്റോറന്റ് പ്രവര്‍ത്തനം അവസാനിപ്പിച്ചു. റസ്‌റ്റോറന്റിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും സര്‍ക്കാറിന്റെ പതിവു പരിശോധനകള്‍ക്കുമായി വന്‍തുക ചെലവിടേണ്ട സാഹചര്യമാണെന്ന് ഇതിന്റെ ഉടമകളായ ആബെര്‍ദിന്‍ റെസ്‌റ്റോറന്റ് എന്റര്‍പ്രൈസസ് കഴിഞ്ഞ വര്‍ഷം അറിയിച്ചിരുന്നു. റെസ്‌റ്റോറന്റ് എന്നേക്കുമായി പൂട്ടേണ്ടി വരുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ഹോങ്കോംഗിലെ ഏറ്റവും വലിയ ടൂറിസ്റ്റ് ആകര്‍ഷണമായ റെസ്‌റ്റോറന്റിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപകമായി ആവശ്യം ഉയര്‍ന്നിരുന്നു. അതിനുശേഷം, സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഒരു സഹായവും ഉണ്ടാവില്ലെന്നും ജനങ്ങളുടെ നികുതിപ്പണം കൊണ്ട് ഇത് നടത്തുന്നതില്‍ കാര്യമില്ലെന്നും ഉടമകള്‍ വ്യക്തമാക്കി. റസ്‌റ്റോറന്റ് നിലവിലുള്ള സ്ഥലത്തുനിന്നും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റുമെന്നും ഇക്കഴിഞ്ഞ മാസം, ഉടമകള്‍ അറിയിച്ചു.

അതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഈ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റിനെ നിലവിലുള്ള സ്ഥലത്തുനിന്നും ടഗ് ബോട്ടുകള്‍ ഉപയോഗിച്ച് മാറ്റുന്ന പ്രവര്‍ത്തനം ആരംഭിച്ചു. അതിനിടയിലാണ്, ദക്ഷിണ ചൈനാ സമുദ്രത്തിലെ പാര്‍സല്‍ ദ്വീപുകള്‍ക്കു സമീപം ഈ പടുകൂറ്റന്‍ റസ്‌റ്റോറന്റ് മുങ്ങിപ്പോയത്. കടലിലെ പ്രതികൂല അസാഹചര്യങ്ങള്‍ കാരണമാണ്, റസ്‌റ്റോറന്റ് മുങ്ങിപ്പോയതെന്ന് ഉടമകള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. റസ്‌റ്റോറന്റിലുണ്ടായിരുന്ന ജീവനക്കാര്‍ക്കാര്‍ക്കും സംഭവത്തില്‍ പരിക്കില്ലെന്നും വാര്‍ത്താ കുറിപ്പ് വിശദീകരിച്ചു.

റസ്‌റ്റോറന്റിലെ പ്രധാന ബോട്ടാണ് ആദ്യം മുങ്ങിപ്പോയത്. പിന്നാലെ മറ്റു ബോട്ടുകളും മുങ്ങിയതായി ചൈനയിലെ പ്രമുഖ മാധ്യമം ‘സൗത്ത് ചൈന മോണിംഗ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു. ഈ ഫ്‌ളോട്ടിംഗ് റസ്‌റ്റോറന്റ് ഇനി പൊക്കിയെടുത്തു കൊണ്ടുപോവുമോ എന്ന കാര്യം ഉടമകള്‍ സ്ഥിരീകരിച്ചിട്ടില്ല.

അര നൂറ്റാണ്ട് കാലമായി നിരവധി വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച ഇടമാണ് ഇതോടെ ഇല്ലാതായത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി, ടോം ക്രൂയിസിനെ പോലുള്ള താരങ്ങള്‍ എന്നിവരെല്ലാം ഇവിടെ സന്ദര്‍ശിച്ചിട്ടുണ്ട്.

ജെയിംസ് ബോണ്ട് സിനിമയായ ദ് മാന്‍ വിത്ത് ദ ഗോള്‍ഡന്‍ ഗണ്‍ (1974), ജാക്കി ചാന്‍ സിനിമയായ ദ് പ്രൊട്ടക്ടര്‍ (1985), സ്റ്റീഫന്‍ ചൗ സിംഗ് ചിയുടെ ദ് ഗോഡ് ഓഫ് കുക്കറി (1996), സ്റ്റീവന്‍ സോഡര്‍ബര്‍ഗിന്റെ കണ്ടേജിയന്‍ (2011), ദ് ഇന്‍ഫേണല്‍ അഫയേഴ്‌സ് എന്നീ സിനിമകള്‍ ഈ റസ്‌റ്റോറന്റില്‍ വെച്ച് ചിത്രീകരണം നിര്‍വഹിച്ചിട്ടുണ്ട്.

 

By..Amaal Mariam

www.mediawings.in

spot_img

Related Articles

Latest news