ഗെയില്‍ മൂന്നാം ഘട്ടം കമ്മീഷനിങ്ങിന്‌ സജ്ജം

ഒരു മാസത്തിനകം ഗ്യാസ്‌ നിറയ്‌ക്കല്‍ തുടങ്ങും

ഗെയില്‍ പ്രകൃതി വാതക പൈപ്പു ലൈന്‍ പദ്ധതിയുടെ മൂന്നാം ഘട്ടം കമ്മീഷനിങ്ങിന് സജ്ജമായി. നിര്‍മാണം തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ത്തീകരിച്ചു. അന്തിമ സുരക്ഷാ പരിശോധനകള്‍ പുരോഗമിക്കുന്നു.

ദി പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷന്റെ (പെസോ) അനുമതി ലഭിച്ചാല്‍ മെയ് അവസാനത്തോടെ പൈപ്പു ലൈനില്‍ ഗ്യാസ് നിറച്ചു തുടങ്ങും. പാലക്കാട് കൂറ്റനാടു മുതല്‍ വാളയാര്‍ വരെ നീളുന്ന പൈപ്പു ലൈനിന്റെ (94 കിലോമീറ്റര്‍) സാങ്കേതിക നിര്‍മാണമാണ് തിങ്കളാഴ്ച വൈകിട്ടോടെ പൂര്‍ത്തിയായത്.

ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് ലിമിറ്റഡിനാണ് ആദ്യം ഇന്ധനം നല്‍കുന്നത്. പൈപ്പു ലൈനിന്റെ സുരക്ഷാ പരിശോധനകള്‍ നടക്കുകയാണ്. ഗ്യാസ് നിറയ്ക്കുന്നതിനേക്കാള്‍ 150 ശതമാനം അധിക മര്‍ദത്തില്‍ വെള്ളം നിറച്ചുള്ള ഹൈഡ്രോ ടെസ്റ്റിങ് ഉള്‍പ്പെടെയുള്ള പരിശോധനകളാണ് നടത്തിയത്. പൈപ്പു ലൈന്‍ ജോയിന്റിലോ മറ്റോ തകരാറുണ്ടെങ്കില്‍ ലീക്കുണ്ടായാല്‍ കണ്ടെത്താനാകും.

തുടര്‍ന്ന് പൈപ്പു ലൈനില്‍നിന്നുള്ള വെള്ളം നീക്കി ഈര്‍പ്പം കളഞ്ഞു. പിന്നീട് കംപ്രസര്‍ ഉപയോഗിച്ച്‌ പൈപ്പു ലൈന്‍ ഉണക്കി. പൊടി വിമുക്തമാക്കാന്‍ വാക്വം ഡ്രൈയിങ്ങും നടത്തി. ഇലക്‌ട്രോണിക് ജോമെട്രി പിഗ്ഗിങ് ഉപയോഗിച്ച്‌ കേടുപാടുകളും പരിശോധിച്ചു.

കൊച്ചിയിലെ വ്യവസായ ശാലകള്‍ക്ക് പ്രകൃതി വാതകം കൊടുക്കുന്ന പൈപ്പുലൈന്‍ വിന്യാസമായിരുന്നു പദ്ധതിയുടെ ആദ്യഘട്ടം. ഇത് 2010ല്‍ തുടങ്ങി 2013 ആഗസ്ത് 25ന് കമീഷന്‍ ചെയ്തു. രണ്ടാംഘട്ടമായ കൊച്ചി–-മംഗളൂരു പൈപ്പു ലൈന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ചിന് നാടിന് സമര്‍പ്പിച്ചിരുന്നു. ഗെയില്‍ പൈപ്പുലൈന്‍ കേരളത്തിലൂടെ പോകുന്നത് 510 കിലോമീറ്ററാണ്.

സ്ഥലം ഏറ്റെടുക്കല്‍, നഷ്ടപ രിഹാര പാക്കേജ് എന്നിങ്ങനെ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങിയാണ് ഗെയില്‍ പൈപ്പുലൈന്‍ പദ്ധതി യാഥാര്‍ഥ്യമാക്കിയത്. രാഷ്ട്രീയ വെല്ലുവിളികളും പ്രളയവും കോവിഡും അതിജീവിച്ചായിരുന്നു പൂര്‍ത്തികരണം. വീടുകളില്‍ പൈപ്പുവഴി കുറഞ്ഞ ചെലവില്‍ പാചകവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയും ഇതോടെ കൂടുതല്‍ സ്ഥലങ്ങളിലെത്തും.

spot_img

Related Articles

Latest news