പുതിയ പാര്‍ട്ടിയുമായി ഗുലാം നബി ആസാദ്

 

ന്യൂഡല്‍ഹി: പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ കൊടിയും പേരും ആസാദ് ജമ്മുവില്‍ വാര്‍ത്താ സമ്മേളനത്തില്‍ പുറത്തിറക്കി. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് പേര്. പാര്‍ട്ടിക്ക് പേര് നാല്‍കാനായി ഉറുദുവിലും സംസ്‌കൃതത്തിലുമായി 1500ഓളം നിര്‍ദേശങ്ങള്‍ തനിക്ക് ലഭിച്ചുവെന്നും അതില്‍ നിന്നാണ് ഈ പേര് തെരഞ്ഞെടുത്തതെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

മതേതര ജനാധിപത്യ മൂല്യങ്ങളുയര്‍ത്തി പിടിക്കുന്ന പാര്‍ട്ടിക്ക് ദേശീയ കാഴ്ചപ്പാടും വ്യക്തമായ നിലപാടും ഉണ്ടെന്ന് ഗുലാം നബി ആസാദ് വ്യക്തമാക്കി. ഓഗസ്റ്റ് 26നാണ് രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍നിന്നും രാജിവച്ചത്. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടിയില്‍ നിന്ന് തന്നെ ഗുലാം നബി ആസാദ് രാജിവെച്ചത്.

സമ്പൂര്‍ണ സംസ്ഥാന പദവി പുനഃസ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് വിട്ടതിന് ശേഷം ജമ്മുവില്‍ നടന്ന ആദ്യ പൊതുയോഗത്തില്‍ ഗുലാം നബി വ്യക്തമാക്കിയിരുന്നു. 2005 മുതല്‍ 2008 വരെ ഗുലാം നബി ആസാദ് ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായിരുന്നു.

spot_img

Related Articles

Latest news