കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിദ്യാര്‍ത്ഥിനികളെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി.പ്ലസ് വണ്‍ പ്രവേശനത്തിനെത്തിയ വിദ്യാര്‍ഥിനിയോട് ശിരോവസ്ത്രം അനുവദിക്കില്ലെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. യൂണിഫോമില്‍ ശിരോവസ്ത്രമില്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം.
തട്ടമിടാന്‍ പറ്റില്ലെന്നാണോ എന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോള്‍ ഇവിടെ ഇങ്ങനെയാണ്, സൗകര്യമുണ്ടെങ്കില്‍ കുട്ടിയെ ചേര്‍ത്താല്‍ മതിയെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ത്ഥിനിയുടെ രക്ഷിതാവ് പറഞ്ഞു. ചില കുട്ടികള്‍ക്ക് മാത്രമായി യൂണിഫോമില്‍ മാറ്റം വരുത്താനാകില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. സ്കൂളില്‍ താത്കാലിക അഡ്മിഷന് എടുത്ത വിദ്യാര്‍ത്ഥിനി സ്കൂള്‍ മാറാനുള്ള ശ്രമത്തിലാണ്.
മതാചാരത്തിന്റ ഭാഗമായ ശിരോവസ്ത്രമിടാന്‍ സംസ്ഥാനത്തെ ഭൂരിഭാഗം സ്കൂളുകളും അനുവാദം നല്‍കുന്നുണ്ട്. ശിരോവസ്ത്രം അനുവദിക്കാത്തത് സംബന്ധിച്ച് കോഴിക്കോട് പ്രൊവിഡന്‍സ് സ്കൂളിനെതിരെ നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്.