കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് അർജുൻ ആയങ്കി ഉപയോഗിച്ചു വന്ന കാർ ഡി.വൈ.എഫ്.ഐ. ചെമ്പിലോട് നോർത്ത് വില്ലേജ് സെക്രട്ടറി സി. സജേഷിന്റേത്. അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ അർജുൻ മൂന്നു വർഷം മുമ്പ് ഡി.വൈ.എഫ്.ഐ.യുടെ യൂണിറ്റ് സെക്രട്ടറിയായിരുന്നു.
കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കാൻ കണ്ണൂരിൽനിന്നുപോയ സംഘം ഉപയോഗിച്ചത് ഈ കാറാണെന്ന വിവരം പുറത്തുവന്നു. അതോടെ അർജുന്റെ കാർ വീടിനടുത്തുനിന്ന് അജ്ഞാതർ മാറ്റി. കാർ കണ്ടെത്തിയിട്ടില്ല.
തന്റെ അനുവാദം ഇല്ലാതെയാണ് അർജുൻ കാർ കൊണ്ടുപോയത് എന്നുകാട്ടി ആർ.സി. ഉടമയായ സജേഷ് പോലിസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സജേഷിന് കാറുള്ളതായി നാട്ടുകാർക്ക് അറിയില്ല. ഷോറൂമിൽ നിന്ന് അർജുൻ കാർ ഏറ്റു വാങ്ങുന്നതിന്റെ ദൃശ്യവും പുറത്തുവന്നിട്ടുണ്ട്.
കോയ്യോട് സർവീസ് സഹകരണ ബാങ്കിൽ അപ്രൈസറായ സജേഷ് ഡി.വൈ.എഫ്.ഐ. അഞ്ചരക്കണ്ടി ബ്ലോക്ക് കമ്മിറ്റിയിലും സി.പി.എം. മൊയാരം ബ്രാഞ്ചിലും അംഗമാണ്.
അതിനിടെ, രാമനാട്ടുകര കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പാലക്കാട് നെല്ലായ നാരായണമംഗലത്ത് ചെരളി ഫൈസൽ (24), വല്ലപ്പുഴ പുത്തൻ പീടിയേക്കൽ ഹസ്സൻ (35), മുളയംകാവ് പെരുമ്പറമ്പത്തൊടി സലീം (28), മുളയങ്കാവ് തൃത്താല നടയ്ക്കൽ മുബഷിർ (27), വല്ലപ്പുഴ കടക്കാശ്ശേരി വളപ്പിൽ ഷാനിദ് (32) എന്നിവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മൂന്നു ദിവസത്തേക്കാണ് നിലമ്പൂർ കോടതി കസ്റ്റഡിയിൽ വിട്ടത്. അപകട ശേഷം മുങ്ങിയ വല്ലപ്പുഴ സ്വദേശികളായ സുഹൈൽ, ഷഫീർ എന്നിവരെ കണ്ടെത്താനായിട്ടില്ല